ബരാമതി: എൻസിപികൾ തമ്മിൽ ലയിച്ചേക്കുമെന്ന വാർത്ത തള്ളാതെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി പ്രസിഡന്റമായ സുനേത്ര പവാർ.
ലയനം സംബന്ധിച്ച ചോദ്യത്തിന്, ശരിയായ സമയത്ത് കാര്യങ്ങൾ വ്യക്തമാകുമെന്ന് അവർ മറുപടി നൽകി. നെഞ്ചിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന എൻസിപി (എസ്പി) തലവൻ ശരദ് പവാറിനെ, സുനേത്ര പവാർ നയിക്കുന്ന എൻസിപി വിഭാഗത്തിലെ പ്രഫുൽ പട്ടേൽ, പാർഥ് പവാർ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചതോടെയാണ് ലയനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തിപ്രാപിച്ചത്.
അജിത് പവാർ ജീവിച്ചിരുന്നെങ്കിൽ ഈ വർഷം ഫെബ്രുവരിയിൽത്തന്നെ ഇരു വിഭാഗങ്ങളും ലയിക്കുമായിരുന്നെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ താത്കറെ അടുത്തിടെ അവകാശപ്പെട്ടിരുന്നു.
20-22 എൻസിപി എംഎൽഎമാർ പാർട്ടി വിട്ടേക്കാമെന്ന് സഞ്ജയ് റൗത്
സുനേത്ര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിലെ എംഎൽഎമാർ പാർട്ടി വിട്ടേക്കാമെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റൗത് അവകാശപ്പെട്ടു. 20 മുതൽ 22 വരെ എംഎൽഎമാർ എപ്പോൾ വേണമെങ്കിലും പാർട്ടി വിട്ടേക്കാം.
എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ കാണാനെത്തുന്ന എൻസിപി എംഎൽഎമാർ വെറും സൗഹൃദ സംഭാഷണങ്ങളല്ല നടത്തുന്നതെന്നും, ഈ കൂടിക്കാഴ്ചകൾക്ക് പിന്നിൽ മറ്റ് കാര്യങ്ങളുണ്ടെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സഞ്ജയ് റൗത് പറഞ്ഞു. അവർ തിരിച്ചുവരികയാണെങ്കിൽ അതിനെ ലയനമെന്ന് വിളിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.