എൻസിപി എസ്പി അധ്യക്ഷൻ ശരദ് പവാറിനെ പ്രഫുൽ പട്ടേൽ സന്ദർശിച്ചപ്പോൾ.
മുംബൈ: എൻസിപിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ലയന ചർച്ചകൾ വീണ്ടും സജീവമാകുന്നു. മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ചതോടെയാണ് രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ശരദ് പവാർ.
വ്യാഴാഴ്ച രാത്രിയായിരുന്നു പ്രഫുൽ പട്ടേലിന്റെ സന്ദർശനം. വരുന്ന 10ന് ശേഷമുള്ള മറ്റൊരു കൂടിക്കാഴ്ചയെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതിന്റെ വീഡിയോയും പറത്തുവന്നു. നവംബർ 10ന് ശേഷം താൻ മുംബൈയിലുണ്ടാകുമെന്നും അന്ന് ഒരുമിച്ചിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും പ്രഫുൽ പട്ടേൽ ശരദ് പവാറിനോട് പറയുന്നത് വീഡിയോയിലുണ്ട്. പവാർ ഇതിനോട് സമ്മതം അറിയിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ ആശുപത്രി സന്ദർശനത്തിനിടെ ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും എൻസിപിയുടെ ആഭ്യന്തര കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും പ്രഫുൽ പട്ടേൽ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് നവംബർ 10ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എൻസിപി മഹാരാഷ്ട്ര അധ്യക്ഷൻ സുനിൽ തത്കറെയുടെ പ്രതികരണവും ലയന ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകി.
അജിത് പവാർ ജീവിച്ചിരുന്നെങ്കിൽ ഇരു വിഭാഗങ്ങളുടെയും ലയനം ഈ വർഷം ഫെബ്രുവരിയിൽ തന്നെ നടക്കുമായിരുന്നുവെന്നാണ് സുനിൽ തത്കറെയുടെ പ്രതികരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറാണ് നിലവിൽ ഭരണകക്ഷിയായ എൻസിപിയെ നയിക്കുന്നത്. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ഭാഗമായ എൻസിപി (എസ്പി) ശരദ് പവാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
Tags : NCP Merger Sharad Pawar Praful Patel Maharashtra Politics NCP Split Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash