ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പാർട്ടി അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ടീമിൽ യുവാക്കൾക്കും പരിചയസമ്പന്നരായ നേതാക്കൾക്കും ഒരുപോലെ പ്രാധാന്യം നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും സംഘടനാ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ടാണ് പുതിയ ടീം രൂപീകരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും സ്മൃതി ഇറാനിയും പാർട്ടി സംഘടനാ രംഗത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇരുവർക്കും ദേശീയ തലത്തിൽ സുപ്രധാന സംഘടനാ ചുമതലകൾ ലഭിച്ചേക്കുമെന്നാണ് സൂചന.
ദേശീയ തലത്തിൽ അറിയപ്പെടുന്ന മുഖങ്ങളായ താക്കൂറിന്റെയും ഇറാനിയുടെയും തിരിച്ചുവരവ് പാർട്ടിക്ക് കൂടുതൽ കരുത്തേകുമെന്നും വിലയിരുത്തലുണ്ട്. ഹിമാചൽ പ്രദേശിൽ നിന്നുള്ള ലോക്സഭാ എംപിയായ അനുരാഗ് താക്കൂർ നേരത്തെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായും കായിക മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിജെപിയുടെ പ്രമുഖ വനിതാ നേതാവായ സ്മൃതി ഇറാനി അമേഠിയിൽ നിന്നുള്ള മുൻ ലോക്സഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമാണ്. ബിജെപി മഹിളാ മോർച്ചയുടെ അധ്യക്ഷയായും ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അവർക്ക് പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളിൽ വലിയ പരിചയസമ്പത്തുണ്ട്.
45കാരനായ നിതിൻ നബീൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനാണ്. അധ്യക്ഷനായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രധാന സംഘടനാ പുനഃസംഘടനയാണിത്. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയും മേഖലകളുടെയും പ്രാതിനിധ്യത്തിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാനും നേതൃത്വം ലക്ഷ്യമിടുന്നുണ്ട്.