x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​രാ​ഗ് താ​ക്കൂ​റും സ്‌​മൃ​തി ഇ​റാ​നി​യും അ​മ​ര​ത്തേ​ക്ക്; നി​തി​ൻ ന​ബീ​ന്‍റെ ടീം ​റെ​ഡി

വെബ് ഡെസ്ക്
Published: August 17, 2026 12:52 PM IST | Updated: August 17, 2026 12:58 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന ടീ​മി​ൽ യു​വാ​ക്ക​ൾ​ക്കും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നേ​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കാ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും സം​ഘ​ട​നാ ശ​ക്തി​പ്പെ​ടു​ത്ത​ലും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ടീം ​രൂ​പീ​ക​രി​ക്കു​ന്ന​ത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​നു​രാ​ഗ് താ​ക്കൂ​റും സ്മൃ​തി ഇ​റാ​നി​യും പാ​ർ​ട്ടി സം​ഘ​ട​നാ രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ഇ​രു​വ​ർ​ക്കും ദേ​ശീ​യ ത​ല​ത്തി​ൽ സു​പ്ര​ധാ​ന സം​ഘ​ട​നാ ചു​മ​ത​ല​ക​ൾ ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 

ദേ​ശീ​യ ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന മു​ഖ​ങ്ങ​ളാ​യ താ​ക്കൂ​റി​ന്‍റെ​യും ഇ​റാ​നി​യു​ടെ​യും തി​രി​ച്ചു​വ​ര​വ് പാ​ർ​ട്ടി​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ലോ​ക്‌​സ​ഭാ എം​പി​യാ​യ അ​നു​രാ​ഗ് താ​ക്കൂ​ർ നേ​ര​ത്തെ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി​യാ​യും കാ​യി​ക മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ബി​ജെ​പി​യു​ടെ പ്ര​മു​ഖ വ​നി​താ നേ​താ​വാ​യ സ്‌​മൃ​തി ഇ​റാ​നി അ​മേ​ഠി​യി​ൽ നി​ന്നു​ള്ള മു​ൻ ലോ​ക്സ​ഭാ എം​പി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​ണ്. ബി​ജെ​പി മ​ഹി​ളാ മോ​ർ​ച്ച​യു​ടെ അ​ധ്യ​ക്ഷ​യാ​യും ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​വ​ർ​ക്ക് പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളി​ൽ വ​ലി​യ പ​രി​ച​യ​സ​മ്പ​ത്തു​ണ്ട്. 

45കാ​ര​നാ​യ നി​തി​ൻ ന​ബീ​ൻ ബി​ജെ​പി​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ണ്.​ അ​ധ്യ​ക്ഷ​നാ​യ ശേ​ഷ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പ്ര​ധാ​ന സം​ഘ​ട​നാ പു​നഃ​സം​ഘ​ട​ന​യാ​ണി​ത്. യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​തി​നൊ​പ്പം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും മേ​ഖ​ല​ക​ളു​ടെ​യും പ്രാ​തി​നി​ധ്യ​ത്തി​ൽ സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കാ​നും നേ​തൃ​ത്വം ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Tags : National Leadership BJP Nitin Nabin Anurag Thakur Smriti Irani

Recent News

Corehub Up