National
ന്യൂഡൽഹി: റോഡ് അപകടങ്ങൾ ലഘൂകരിക്കുന്നതിനും യാത്രക്കാരുടെ അവബോധം മെച്ചപ്പെടുത്തുന്നതിനുമായി ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം വിന്യസിക്കാനൊരുങ്ങി ദേശീയ പാതാ അഥോറിറ്റി (എൻഎച്ച്എഐ).
ദേശീയ പാതാ ശൃംഖലയിലുടനീളം വിന്യസിക്കുന്നതിനായി എൻഎച്ച്എഐ രാജ്യത്തെ പ്രമുഖ ടെലികോം കന്പനിയായ റിലയൻസ് ജിയോയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.
അപകടസാധ്യതയുളള സ്ഥലങ്ങൾ, അലഞ്ഞുതിരിയുന്ന പശുക്കളുള്ള റോഡുകൾ, മൂടൽമഞ്ഞ് ബാധിത പ്രദേശങ്ങൾ, അടിയന്തര വ്യതിചലനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യാത്രക്കാർക്ക് മൊബൈൽ മുഖേന മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം.
റോഡുകളിലെ അപകടസാധ്യതകളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ എസ്എംഎസ്, വാട്സ്ആപ്പ്, അതീവ മുൻഗണന കോളുകൾ എന്നിവയിലൂടെയാണ് യാത്രക്കാരിലേക്കെത്തുക.
എൻഎച്ച്എഐയുടെ അടിയന്തര ഹെൽപ്ലൈൻ നന്പറായ 1033, ’രാജ്മാർഗ്യാത്ര’ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി പുതിയ സംവിധാനം ഘട്ടംഘട്ടമായി സംയോജിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
ചില തെരഞ്ഞെടുക്കപ്പെട്ട ഹൈവേകളിൽ മാത്രമായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുക. പദ്ധതി പുരോഗമിക്കുന്പോൾ മറ്റ് ടെലികോം കന്പനികളെയും സഹകരിപ്പിക്കും.
District News
കാസര്‍ഗോഡ്: കുമ്പള ആരിക്കാടി ടോള്‍ ഗേറ്റില്‍ ബസുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും 440 രൂപ നിരക്കില്‍ യൂസര്‍ ഫീ ഒടുക്കണമെന്ന അറിയിപ്പിനെതിരെ കടുത്ത പ്രതിഷേധവുമായി സ്വകാര്യബസുടമകള്‍. നാലു ട്രിപ്പുകള്‍ ഓടുന്ന ഒരു ബസ് 1760 രൂപ അടക്കേണ്ടി വരും. സാധാരണ ബസുകള്‍ക്ക് ഒരു ദിവസം 1000 - 1500 രൂപ മാത്രമേ ബാലന്‍സ് ലഭിക്കുന്നുള്ളൂ. അതില്‍ 1760 രൂപ ടോള്‍ നല്‍കേണ്ടി വന്നാല്‍ പിന്നെ സര്‍വീസ് തുടരുന്നതില്‍ കാര്യമില്ല.
സര്‍വീസ് തന്നെ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം വന്നുചേരും. സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് റോഡിലൂടെ മാത്രമാണ് ഓടാന്‍ അനുവാദമുള്ളത്.
കെഎസ്ആര്‍ടിസി, ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് ദേശീയപാതയിലൂടെ ഓടുന്നത്. കാസര്‍ഗോഡ് നിന്നും പുറപ്പെട്ട് തലപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കുമ്പള - ആരിക്കാടി പാലം വരെ 12 കിലോമീറ്റര്‍ ദൂരം സര്‍വീസ് റോഡിലൂടെയാണ് ഓടുന്നത്.
അവിടെ സര്‍വീസ് റോഡ് അവസാനിപ്പിച്ച് ദേശീയപാതയിലേക്കാണ് നല്‍കിയിരിക്കുകയാണ്. അവിടെ നിന്നും 800 മീറ്റര്‍ ദൂരം മാത്രമാണ് ദേശീയപാതയിലൂടെ സഞ്ചരിക്കുന്നത്.
സര്‍വീസ് റോഡ് ഇല്ലാത്തതു കൊണ്ടും ദേശീയപാതലേക്ക് വഴി തിരിച്ചുവിട്ടതു കൊണ്ടും മാത്രമാണ് അതിലൂടെ പോകേണ്ടിവരുന്നത്. കേവലം 35 കിലോമീറ്റിനുള്ളില്‍ മാത്രം സര്‍വീസ് നടത്തുന്ന എല്ലാ ബസ് സ്റ്റോപ്പുകളും ടച്ച് ചെയ്തു പോകുന്ന സ്വകാര്യ ബസുകള്‍ക്ക് ദേശീയപാതയില്‍ കയറേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ട് സ്വകാര്യ ബസുകള്‍ക്ക് ടോള്‍ ഫീ ചുമത്തുന്നത് അന്യായമാണ്.
തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ അതുവഴിയുള്ള മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യവും വന്നു ചേരും.
സ്വകാര്യ ബസുകള്‍ക്ക് അന്യായമായി ഫീ ഈടാക്കാനുള്ള തീരുമാനം റദ്ദ്ചെയ്യണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജില്ലാകമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, താലൂക്ക് സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, പ്രസിഡന്റ് കെ.എന്‍. ബാലകൃഷ്ണന്, ട്രഷറര്‍ രാജേഷ്, എസ്. രാധാകൃഷ്ണന്, ഇബ്രാഹിം സഫര്‍, എസ്.കെ. ഹമീദ്, ഇബ്രാഹിം മര്‍സാന എന്നിവര്‍ പങ്കെടുത്തു.