ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മേഖലയെ തകർത്തവരെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും യുവാക്കളുടെ ഭാവിയാണ് കേന്ദ്രസർക്കാർ തകർത്തതെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആരോപിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവെക്കുക, വിദ്യാർഥികളോട് മാപ്പ് പറയുക, അവർക്ക് നേരെ അതിക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കുറ്റക്കാർക്ക് കേന്ദ്രസർക്കാർ സംരക്ഷണം നൽകുകയാണെന്നും പാർലമെന്റിൽ ഈ വിഷയം സംസാരിക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് മോഷണം, സീറ്റ് മോഷണം, സംഭാവന കൊള്ള, ചോദ്യപേപ്പർ ചോർച്ച തുടങ്ങി കേന്ദ്ര ഭരണത്തിന് കീഴിൽ ക്രമക്കേടുകളുടെ പട്ടിക നീളുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷവും സിജെപിയും.