പിംപ്രി-ചിഞ്ച്വാഡ് നഗരത്തിൽ വാഹനങ്ങളിൽ രൂപമാറ്റം വരുത്തി യാത്ര ചെയ്യുന്നവർക്കെതിരെ ട്രാഫിക് പൊലീസിന്റെ കർശന നടപടി. നഗരവാസികളുടെ സ്വൈര്യം കെടുത്തുന്ന രീതിയിൽ അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസറുകളും നിയമവിരുദ്ധമായ നമ്പർ പ്ലേറ്റുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയാണ് വ്യാപക പരിശോധന നടന്നത്.
കഴിഞ്ഞ അഞ്ച് മുതൽ ആറ് മാസത്തിനിടയിൽ നഗരത്തിലെ 13 ട്രാഫിക് ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പിടിച്ചെടുക്കലുകൾ പൂർത്തിയാക്കിയത്. വലിയ ശബ്ദവും ബഹളവും സൃഷ്ടിക്കുന്ന സൈലൻസറുകൾ നഗരവാസികൾക്ക് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കാണിച്ച് നിരവധിയാളുകൾ പരാതി നൽകിയിരുന്നു.
ഇതിനുപുറമെ, വ്യവസ്ഥകൾ പാലിക്കാത്ത നമ്പർ പ്ലേറ്റുകളുടെ ഉപയോഗവും വർധിച്ചതോടെയാണ് ഉദ്യോഗസ്ഥർ കർശന പരിശോധനയ്ക്ക് ഉത്തരവിട്ടത്. പരിശോധനക്കിടയിൽ 569 നിയമവിരുദ്ധ സൈലൻസറുകളും 2,566 നമ്പർ പ്ലേറ്റുകളുമാണ് പൊലീസ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത വസ്തുക്കൾ പിന്നീട് സംഘവിയിൽ വെച്ച് ബുൾഡോസർ ഉപയോഗിച്ച് പൂർണമായി തകർത്തു കളഞ്ഞു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർ വിക്രാന്ത് ദേശ്മുഖ് വ്യക്തമാക്കി.
അനധികൃത വാഹന രൂപമാറ്റങ്ങൾ തടയുന്നതിനും നഗരത്തിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. എന്നിരുന്നാലും, പൊലീസ് നിരന്തരം പരിശോധനകൾ നടത്തുണ്ടെങ്കിലും നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വാഹനങ്ങളുടെ ശല്യം പൂർണമായി ഒഴിവാക്കപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.