പ്രതീകാത്മക ചിത്രം.
മനുഷ്യർ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം മറ്റു ജീവികളെ എങ്ങനെ ബാധിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ? ശബ്ദമലിനീകരണത്തിന്‍റെ തോത് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ യുകെ ഗവേഷകർ പുറത്തുവിട്ട റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നതാണ്. ശബ്ദമലിനീകരണം ഭൂഗോളത്തിലെ എൺപതു ശതമാനവും ജീവികളെ പ്രതികൂല സാഹചര്യങ്ങളിലേക്കു തള്ളിവിട്ടുവെന്നാണു ഗവേഷകർ പറയുന്നത്.

'ശബ്ദമലിനീകരണം ആഗോള ഭീഷണി' എന്ന ഗവേഷണ റിപ്പോർട്ട് അന്താരാഷ്‌ട്ര ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ജീവിവർഗങ്ങളിൽ നടത്തിയ പഠനറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണു ഗവേഷകർ ശബ്ദമലിനീകരണത്തിന്‍റെ ഭയാനക അവസ്ഥകൾ വെളിപ്പെടുത്തുന്നത്. നഗരങ്ങൾ, വിവിധ വാഹനങ്ങൾ, ഫാക്‌ടറികൾ, ജലയാനങ്ങൾ തുടങ്ങിയവയിൽനിന്നുള്ള അമിത ശബ്ദത്തിന്‍റെ ആഘാതം, എൺപതു ശതമാനത്തിലേറെ ജീവികളുടെ ജൈവികസ്വഭാവത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. മൃഗങ്ങളുടെ മരണനിരക്കു വർധിച്ചെന്നാണു കണക്ക്. മാത്രമല്ല, ജീവികളുടെ അതിജീവനശേഷിയെയും ഗുരുതരമായി ബാധിച്ചെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
അമിതശബ്ദത്താൽ ഭയചകിതരായ മൃഗങ്ങൾ ഒളിച്ചിരിക്കാൻ അല്ലെങ്കിൽ മറ്റിടങ്ങളിലേക്ക് ഓടിപ്പോകാൻ നിർബന്ധിതരാകുന്നു. ഇരപിടിച്ചു ജീവിക്കുന്ന മൃഗങ്ങളെ ഇതു പ്രതിസന്ധിയിലാക്കി. ഇവയ്ക്ക് ഇരയെ കണ്ടെത്താനും കീഴടക്കാനുമുള്ള ശേഷി കുറയുകയും ചെയ്തു.

ജലജീവികളുടെ അവസ്ഥയും പ്രതികൂലമാണ്. തിമിംഗലം ഉൾപ്പെടെയുള്ളവ ആശയവിനിമയത്തിനും ഇരതേടാനും ശബ്ദതരംഗങ്ങളാണ് ഉപയോഗിക്കുന്നത്. കൂറ്റൻ കപ്പലുകളുടെയും മറ്റു യാനങ്ങളുടെയും നിർമിതികളുടെയും അമിതശബ്ദം ഇവയുടെ ജീവിതസാഹചര്യങ്ങളെ താറുമാറാക്കുന്നു.
ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ വിശദീകരിക്കുന്ന പഠനം, ചില പ്രതിവിധികളും മുന്നോട്ടുവയ്ക്കുന്നുണ്ട്. പരിസ്ഥിതിസൗഹൃദമായ അന്തരീക്ഷം സൃഷ്ടിച്ചില്ലെങ്കിൽ ഭാവിയിൽ ശബ്ദമലിനീകരണം മഹാദുരന്തമായി മാറുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
Tags : NoisePollution International Wildlife Environment ScienceNews Nature