ഗാദി ഐസൻകോട്ട്
ജറൂസലെം: പ്രതിപക്ഷസഖ്യ നേതാവ് ഗാദി ഐസൻകോട്ട് ഇസ്രയേൽ പ്രധാനമന്ത്രിയാകാൻ സാധ്യത തെളിഞ്ഞു. സർക്കാർ രൂപവത്കരിക്കാൻ ഐസൻകോട്ടിന് ഇസ്രേലി പ്രസിഡന്റ് ഇസാക് ഹെർസോഗ് അനുമതി നൽകി. ആറാഴ്ച വരെ സമയമാണ് സർക്കാർ രൂപവത്കരണത്തിനു നൽകിയിരിക്കുന്നത്. ഇസ്രേലി കരസേനയുടെ മുൻ മേധാവിയാണ് ഐസൻകോട്ട്.
ഒക്ടോബർ 27നു നടന്ന തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതോടെ അറബ് പാർട്ടികളുടെ നിലപാട് നിർണായകമായി. ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അവർ തയാറാകുകയായിരുന്നു. 19 വർഷം പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ് അറബ് പാർട്ടികളുടെ ലക്ഷ്യം.
അതേസമയം, അറബ് പാർട്ടികളുടെ പിന്തുണ തേടുന്നതിൽ ഐസൻകോട്ടിന്റെ സഖ്യത്തിലും അഭിപ്രായവ്യത്യാസമുണ്ട്. അറബ് പാർട്ടികൾ ഉൾപ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ഐസൻകോട്ടിന്റെ സഖ്യകക്ഷിയായ യിസ്രയേൽ ബേയ്തേനു പാർട്ടി അറിയിച്ചു. ഇസ്രയേൽ ചരിത്രത്തിൽ 2021ൽ മാത്രമാണ് അറബ് പാർട്ടികൾ സർക്കാരിന്റെ ഭാഗമായിട്ടുള്ളത്. റാ ആം പാർട്ടിയാണ് അന്നു സർക്കാരിന്റെ ഭാഗമായത്.
അറബ് പാർട്ടികൾ ഇസ്രയേൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണു നെതന്യാഹുവിന്റെ ആരോപണം. അറബ് പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാകുന്നതിനെതിരേ നെതന്യാഹു മുന്നറിയിപ്പ് നൽകി. ജൂത പാർട്ടികൾ ചേർന്ന് ദേശീയ സർക്കാർ രൂപവത്കരിക്കണമെന്നു പ്രസിഡന്റിന്റെ പ്രഖ്യാപനമുണ്ടാകുന്നതിനു തൊട്ടു മുന്പ് നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. അറബ് പാർട്ടികൾ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നാണ് നെതന്യാഹുവിന്റെ വാദം.
അതേസമയം, ചില ഉപാധികളോടെ അറബ് പാർട്ടികളുമായി സഖ്യമാകാമെന്നാണ് ഐസൻകോട്ടിന്റെ നിലപാട്. ഹമാസിനെ ഭീകരഗ്രൂപ്പായി അറബ് പാർട്ടികൾ കണക്കാക്കണമെന്ന് ഐസൻകോട്ട് ആവശ്യപ്പെടുന്നു. ഇസ്രയേൽപ്രസിഡന്റിന്റെ തീരുമാനം നെതന്യാഹുവിന് തിരിച്ചടിയായി. അതേസമയം, ഐസൻകോട്ട് പ്രധാനമന്ത്രിയാകുന്നതു തടയാൻ നെതന്യാഹു ശ്രമിക്കുമെന്ന് ഉറപ്പാണ്. അറബ് പാർട്ടികളുടെ പിന്തുണ പ്രതിപക്ഷത്തിനാണെന്നു മനസിലാക്കിയ പ്രസിഡന്റ് ഐസൻകോട്ടിന് ആദ്യ അവസരം നൽകുകയായിരുന്നു.
അറബ് പാർട്ടികൾ പുറത്തുനിന്നു പിന്തുണയ്ക്കുന്ന ന്യൂനപക്ഷ സർക്കാർ രൂപവത്കരിക്കാനാണ് ഐസൻകോട്ട് ലക്ഷ്യമിടുന്നത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാണ് പാർലമെന്റിലെ വലിയ ഒറ്റക്കക്ഷി. നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റും ഐസൻകോട്ടിന്റെ യാഷാർ പാർട്ടിക്കും മറ്റു മൂന്നു സഖ്യകക്ഷികൾക്കുംകൂടി 48 സീറ്റുമാണുള്ളത്. അറബ് പാർട്ടികൾക്ക് 19 സീറ്റുണ്ട്. ഇസ്രയേലിൽ പാർട്ടികൾക്കാണു ജനം വോട്ട് ചെയ്യുക. 120 അംഗ ഇസ്രയേൽ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 61 പേരുടെ പിന്തുണയാണ്.
Tags : Gadi Eizenkot Deepika DeepikaNewspaper BreakingNews gets the first opportunity