NRI
കൊച്ചി: നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തുകയോ അല്ലങ്കിൽ സമാനമായ മറ്റൊരു പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ തീരുമാനമെടുക്കാത്തതിനാൽ നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരിക്കെതിരേ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു.
2025 സെപ്റ്റംബർ 26ന് പുറപ്പെടുവിച്ച വിധിയിൽ, പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം പരിഗണിച്ച് ആവശ്യമായ ഉത്തരവ് "എത്രയും വേഗത്തിൽ' പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നോർക്ക റൂട്ട്സിനോട് നിർദ്ദേശിച്ചിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 നവംബർ 21ന് നോർക്ക റൂട്ട്സ് സിഇഒയുടെ അധ്യക്ഷതയിൽ ഹീയറിംഗും നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പിഎൽസി പ്രതിനിധികൾ വിശദമായ നിർദേശങ്ങൾ സമർപ്പിക്കുകയും ഇൻഷുറൻസ് കമ്പനിക്ക് ആക്ച്വറിയൽ ആശങ്കകൾ ഉണ്ടെങ്കിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി പ്രത്യേകം ഒരു റിസ്ക് പൂൾ രൂപീകരിക്കാമെന്ന നിർദേശം സിഇഒ തത്വത്തിൽ അംഗീകരിക്കുകയും ഉടൻ തന്നെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഹീയറിംഗ് കഴിഞ്ഞ് നിരവധി മാസങ്ങൾ കഴിഞ്ഞിട്ടും നോർക്ക റൂട്സ് ഇതുവരെയും യാതൊരു അന്തിമ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ഇതിന്റെ ഫലമായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് മടങ്ങിയെത്തിയ പ്രവാസികൾ ഇപ്പോഴും നോർക്ക കെയർ പദ്ധതിയുടെ ആനുകൂല്യങ്ങളിൽ നിന്ന് പുറത്ത് നിൽക്കേണ്ട സാഹചര്യം തുടരുകയാണ്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ കഴിയുന്നവരാണ് ഇവരിൽ പലരും.
കോടതിയെ സമീപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഉൾപ്പെടെ നിരവധി പേർക്ക് നിവേദനങ്ങൾ കൊടുത്തിട്ടും കൂടിക്കാഴ്ചകൾ നടത്തിയിട്ടും ഈ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നത്.
നോർക്ക കെയർ പദ്ധതി അംഗങ്ങൾ അടക്കുന്ന പ്രീമിയം മുഖേന പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയായതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല. അതിനാൽ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തുന്നതിൽ ഭരണപരമായോ സാമ്പത്തികമായോ തടസമുണ്ടാകേണ്ട കാര്യമില്ല. ഈ വിഷയത്തിൽ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികളുമായി നോർക്ക റൂട്സ് ധാരണ ഉണ്ടാക്കണമെന്നാണ് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെടുന്നത്.
ഈ വിഷയത്തിൽ ഇനി വൈകാതെ ആവശ്യമായ തീരുമാനം കൈക്കൊള്ളപ്പെടുകയുംമടങ്ങിയെത്തിയ പ്രവാസികൾക്കും നോർക്ക കെയർ പദ്ധതിയുടെ സംരക്ഷണം ലഭ്യമാകുമെന്ന പ്രതീക്ഷയും പിഎൽസി അറിയിച്ചു.
NRI
ഒന്റാറിയോ: കാനഡയിലെ ലണ്ടൻ ഒന്റാറിയോയിൽ മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി നോർക്ക ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ.
കാനഡയുടെ വിവിധ പ്രൊവിൻസുകളിൽ അടുത്തകാലത്തായി ഇന്ത്യൻ വംശജകർക്കും പ്രത്യേകിച്ച് മലയാളികൾക്കും നേരെ വിദ്വേഷപരമായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നോർക്ക ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ നിലപാട് വ്യക്തമാക്കിയത്.
സമാധാനപരമായി കഴിയുന്ന പ്രവാസി സമൂഹത്തിന്റെ സുരക്ഷയെ ഇത്തരം സംഭവങ്ങൾ ഗൗരവതരമായി ബാധിക്കുന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി. മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങളെപ്പറ്റി ബന്ധപ്പെട്ട അധികാരികൾ ഉചിതമായ അന്വേഷണം നടത്തി, കുറ്റവാളികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ലോക കേരള സഭയിൽ ഈ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും സംഘടന അറിയിച്ചു. കുടിയേറ്റ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ ഭരണകൂടം ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിലൂടെ കൗൺസിൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ഇറാനിലെ കേരളീയർക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.
സഹായം ആവശ്യമുള്ള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്ക് നന്പറുകളിൽ 18004253939 (ടോൾ ഫ്രീ നന്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) ബന്ധപ്പെടാം.
അടിയന്തര സാഹചര്യത്തിൽ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നന്പറുകളായ +989128109115, +989128109109, +989128109102, +989932179359 ഇമെയിലിലോ [email protected] ബന്ധപ്പെടാം. റസിഡന്റ് വീസയിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം.
NRI
തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്കു റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുള്ള കരാർ വ്യാഴാഴ്ച കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി. അനുപമ എന്നിവരുടെ സാന്നിധ്യത്തിലാണു ചടങ്ങ്.
രാവിലെ 11.15ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയും തമ്മിലാണു കരാർ കൈമാറുക.
ഡെന്മാർക്കിലെ പൊതുആരോഗ്യമേഖലയിലേക്ക് ബിഎസ്സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് എന്നീ പ്രഫഷനുകളിലേക്കാണ് റിക്രൂട്ട്മെന്റ്.
തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ബി 2 ലെവൽ വരെയുള്ള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർണമായും സൗജന്യമായിരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ആദ്യഘട്ടത്തിൽ 100 പേരെയാണു റിക്രൂട്ട് ചെയ്യുക. അഞ്ചു വർഷത്തേക്കാണു കരാർ.
ബുധനാഴ്ച തിരുവനന്തപുരത്തെത്തുന്ന എട്ടംഗ ഡെൻമാർക്ക് മന്ത്രിതല പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു, ആരോഗ്യ വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളജും നഴ്സിംഗ് കോളജും സന്ദർശിക്കുന്ന ഡെൻമാർക്ക് സംഘം നഴ്സിംഗ് വിദ്യാർഥികളുമായും സംവദിക്കും.
മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡൈ്വസർ എസ്പൻ ക്രോഗ്, എംബസിയിൽ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്സ്ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്ലാവത്, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
കരാർ കൈമാറ്റ നടപടികൾക്കു ശേഷം എട്ടിന് ഉച്ചകഴിഞ്ഞ് തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ (ടാൻജറിൻ 3 ആർ ഫ്ലോർ) കേരള-ഡെൻമാർക്ക് ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ് പാർട്ണർഷിപ്പ് മീറ്റും ചേരും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടു പ്രവാസികളുടെ യോഗം വിളിക്കാൻ നോർക്കയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ ആശങ്ക പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ടു വിളിക്കും.
പ്രവാസികളിൽ ഭൂരിഭാഗവും യുഡിഎഫിനെ അനുകൂലിക്കുന്നവരായതിനാലാണ് പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ സ്ഥാപനമായ നോർക്ക യോഗം വിളിക്കാൻ തയാറാകാത്തതെന്ന് എസ്ഐആർ സംബന്ധിച്ച് സിഇഒ വിളിച്ച രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ മുസ്ലിം ലീഗ് ആരോപിച്ചു.
പ്രവാസികളുടെ യോഗം ഓണ്‍ലൈനായി വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളുടെ നിരന്തര ആവശ്യമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു സിഇഒ ഡോ. രത്തൻ യു. ഖേൽക്കർ നോർക്കയ്ക്ക് കത്തു നൽകിയിട്ടും നടപടിയുണ്ടായില്ല.
എസ്ഐആർ നടപടിക്കു ശേഷം പുറത്തിറക്കുന്ന വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പൗരത്വ പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയാണ് പ്രവാസികൾക്കുള്ളത്. വോട്ടർപട്ടികയിൽ 90,030 പ്രവാസികളാണുള്ളത്.
ഇതിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 2670 പേർ മാത്രമാണെന്ന് സിഇഒ യോഗത്തിൽ പറഞ്ഞു.
പ്രവാസികൾക്കുള്ള കോൾ സെന്ററിലെ 1950 എന്ന നന്പരിലേക്ക് ഒരുമാസത്തിനിടെ വിളിച്ചത് 33,661 പേരാണ്. ഇ മെയിൽവഴി ബന്ധപ്പെട്ടത് 2146 പേരും.
NRI
തിരുവനന്തപുരം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികൾക്കായി "നോർക്ക കെയർ' മാതൃകയിൽ പ്രത്യേക ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാമെന്നും ഇതിനുള്ള പ്രൊപ്പോസൽ ഉടനെ സർക്കാരിന് സമർപ്പിക്കാമെന്നും നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഡിസംബറിൽ തന്നെ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇൻഷുറൻസ് പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർക്ക കെയർ പദ്ധതിയിൽ മടങ്ങിവന്നവരെ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ 2025 സെപ്റ്റംബർ 26ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ നിർദ്ദേശപ്രകാരം പിഎൽസിയുമായി നടത്തിയ ഹീയറിംഗിലാണ് നോർക്ക റൂട്സ് സിഇഒ ഇത് പറഞ്ഞത്.
ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നൽകിയ നിവേദനം എത്രയും വേഗം സർക്കാരുമായി കൂടിയാലോചിച്ച് നോർക്ക റൂട്ട്സ് ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാരോ നോർക്ക റൂട്സോ വിഷയത്തിൽ വേണ്ട താത്പര്യം കാണിക്കാത്തതിനെത്തുടർന്ന് പ്രവാസി ലീഗൽ സെൽ നോർക്ക പ്രത്യേക സെക്രട്ടറി ടി.വി. അനുപമ ഐഎഎസിനെ നവംബർ ആറിന് കണ്ട് പരാതി പറഞ്ഞിരുന്നു.
വിഷയത്തിൽ ഉടനെ നടപടി എടുക്കണം എന്ന സ്പെഷ്യൽ സെക്രട്ടറിയുടെ നിർദ്ദേശമാണ് മടങ്ങിവന്നവർക്ക് നോർക്ക കെയറിന്റെ മാതൃകയിൽ പുതിയ പദ്ധതി ആകാമെന്ന നിലപാടിലേക്ക് എത്താൻ നോർക്ക റൂട്സ് തയാറാകുന്നത്.
നോർക്ക റൂട്സ്, മഹിന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്, ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് നോർക്ക കെയറിന്റെ വ്യവസ്ഥകളും നിബന്ധനകളും നിർണയിച്ചിരിക്കുന്നത്.
നോർക്ക ഐഡി അല്ലങ്കിൽ സ്റ്റുഡന്റസ് ഐഡി എന്നിവ ഉള്ളവർക്ക് മാത്രമാണ് ഈ പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുക. മറുനാടൻ മലയാളികൾക്കും വിദേശ മലയാളികൾക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഇതിന് കഴിയാത്തതിനാൽ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.
അതുകൊണ്ടാണ് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും നിലവിൽ വിദേശത്തുള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നിർവഹണ ഏജൻസിയായ നോർക്ക റൂട്സിനോടും കേരള സർക്കാരിനോടും അഭ്യർഥിച്ചത്.
വിദേശങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് റസിഡന്റ് ഐഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികളാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60 - 70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർ.
പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്‍ഷുറൻസ് നിലവിലുണ്ടാകാറുണ്ട്. അതിനാൽ യഥാർഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികൾക്കാണ് കൂടുതൽ.
അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും നോർക്ക കെയറിൽ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും നോർക്ക റൂട്സും ഇന്‍ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത് ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പിഎൽസി അഭ്യർഥിച്ചിരുന്നു.
ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.
പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആർ. മുരളീധരൻ (ജനറൽ സെക്രട്ടറി), എം.എ. ജിഹാംഗിർ (വൈസ് പ്രസിഡന്റ്), റോഷൻ പുത്തൻപറമ്പിൽ (ട്രെഷറർ), ഷെരിഫ് കൊട്ടാരക്കര, നന്ദഗോപകുമാർ (എക്സി. അംഗം) എന്നിവർ ഹീയറിംഗിൽ പങ്കെടുത്തു.
.
NRI
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രഫഷണലുകളെ ജര്‍മനിയിലെയും ജര്‍മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ പ്രഫഷണല്‍സും തമ്മിലാണ് ധാരണാപത്രം.
നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും ഡെഫയ്ക്കു വേണ്ടി ചീഫ് ലീഗല്‍ ഓഫീസര്‍ ആന്യ എലിസബത്ത് വീസനുമാണ് ധാരണാപത്രം കൈമാറിയത്.
ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്നും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ടെന്നും ചടങ്ങില്‍ ആന്യ എലിസബത്ത് വീസണ്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 250 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ജര്‍മന്‍ ഭാഷാ യോഗ്യതയായ ബിടു വരെയുളള പരിശീലനം സൗജന്യമായി ലഭ്യമാക്കും.
ഇതോടൊപ്പം നഴ്സിംഗ് സര്ട്ടിഫിക്കേഷന് പരിശീലനവും നല്‍കും. ഇത് ജര്‍മനിയിലെത്തിയ ശേഷമുള്ള തൊഴില്‍ സുരക്ഷിതത്വത്തിന് സഹായകരമാകും.
NRI
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ശനിയാഴ്ച കോട്ടയത്ത് നടക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ മൂന്നുവരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
താത്പര്യമുളളവര്‍ www.norkaroots.org വെബ്സൈറ്റിലൂടെ വ്യാഴാഴ്ചയ്ക്ക് മുന്‍പായി അപേക്ഷ നല്‍കണം. +91-8281004905, 0481-2580033.