പരിസ്ഥിതിലോലം പന്ത്രണ്ടു വർഷവും ഏഴ് വിജ്ഞാപനങ്ങളും പിന്നിട്ടിട്ടും ഒരു സ്ഥിരപരിഹാരം കണ്ടെത്താൻ കഴിയാത്തത് നയരൂപീകരണത്തിന്റെ പരാജയമാണ്. ഈ പരിസ്ഥിതി നിയമങ്ങൾ നടപ്പാക്കാൻ പുതിയ വിജ്ഞാപനങ്ങളിലൂടെ സമയം നീട്ടുകയല്ല വേണ്ടത്; ജനങ്ങളുടെ ജീവിതവും പ്രകൃതിയുടെ നിലനിൽപും ഒരുപോലെ ഉറപ്പാക്കുന്ന നീതിയുക്തവും ശാസ്ത്രീയവുമായ അന്തിമതീരുമാനമാണ് ജനങ്ങൾ കാത്തിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിന് യഥാർഥ പരിസ്ഥിതി പ്രവർത്തികരോ കർഷകരോ ബഹുജനസംഘടനകളോ എതിരല്ല. ഏതാനും വിദഗ്ധർ സ്വന്തം വിജ്ഞാനം മാത്രം പ്രയോജനപ്പെടുത്തി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്ന് ശഠിക്കുന്നത് ധിക്കാരമാണ്. ഏകാധിപത്യപ്രവണതയാണ്.
1989 ഓഗസ്റ്റ് 31ന് പുറപ്പെടുവിച്ച ഗവൺമെന്റ് ഓർഡർ (G.O (MS).no. 655/89/RD) കേരളം മുഴുവൻ വനാതിർത്തി സർവേചെയ്തു തിട്ടപ്പെടുത്താനുള്ളതായിരുന്നു. സംയുക്ത സർവേ ഒരു വർഷംകൊണ്ട് തീർക്കണം എന്ന് ഓർഡർ പറയുന്നുണ്ടെങ്കിലും ഇതുവരെയായിട്ടും കേരളത്തിലെ വനാതിർത്തി തിരിക്കാനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് പൂർത്തിയാക്കിയിട്ടില്ല. കൃത്യമായി വനാതിർത്തി തിരിച്ചാൽ പിന്നീട് വനം കൈയേറ്റങ്ങളും ഇല്ലാതാകും. വനം കൈയേറ്റത്തിന് ഒത്താശ ചെയ്തു കൊടുക്കുക എന്നതാണ് കുറെ വനപാലകരുടെ പ്രധാന അഴിമതി വരുമാന മാർഗമിപ്പോൾ.
സോഷ്യൽ ഫോറസ്റ്ററി, വനാതിർത്തി സംരക്ഷണം, അതിർത്തി ജണ്ടകൾ കെട്ടൽ എന്നിവയിലൂടെ ആയിരക്കണിക്കിന് കോടി വിഹിതമാണ് വനം വകുപ്പ് കഴിഞ്ഞ വർഷങ്ങളിൽ ചെലവാക്കിയത്. ഇവർ വിതരണം ചെയ്തു എന്ന് പറയുന്ന വൃക്ഷത്തൈകൾ ചെറിയ ഒരു ശതമാനമെങ്കിലും വളർന്നിരുന്നെങ്കിൽ കേരളം മുഴുവൻ ഇന്ന് വനമാകുമായിരുന്നു.
വനം വകുപ്പ് വിഴുങ്ങിയ ഈ ഫണ്ടുകളുടെ സത്യാവസ്ഥ അറിയാൻ സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന ആവശ്യം പൊതു ജനത്തിനിടയിൽ ശക്തിപ്പെടുകയാണ്. യഥാർഥ പരിസ്ഥിതി സംരക്ഷകരെ ഒതുക്കി പരിസ്ഥിതി സംരക്ഷണം എന്നത് ഫണ്ടുകൾ തട്ടാനുള്ള കച്ചവട മാർഗമായി മാറ്റുകയാണ് ഇവിടെ ഈ കപട പരിസ്ഥിതി വാദി മാഫിയകൾ. പ്രകൃതിയില്ലാതെ കർഷകനില്ല, കർഷകനില്ലാതെ പ്രകൃതിയെക്കൊണ്ട് കാര്യവുമില്ല.
കാരണം പ്രകൃതി പ്രകൃതിക്കുവേണ്ടിയല്ല മനുഷനുവേണ്ടിയാണ്. മണ്ണിൽ പണിയെടുക്കുന്ന കർഷകന് വേണ്ടിയാണ്. അതായത് രാജ്യത്തെ ജനത്തെ നാലു നേരം തീറ്റിപ്പോറ്റുന്ന കർഷകർക്ക് വേണ്ടിയാണ്. വികസനത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച തീരുമാനങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം ഒഴിവാക്കപ്പെടുന്നു. വികസന പദ്ധതികളും പരിസ്ഥിതി സംരക്ഷണ പദ്ധതികളും അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി അടിച്ചേല്‍പ്പിക്കപ്പെടുന്നു.
താഷ്കെന്റ് പൈകട