കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി റിട്ട. ജസ്റ്റീസ് വി.ജി. അരുണിനെ നിരീക്ഷകനായി ഹൈക്കോടതി നിയമിച്ചു.
ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിനും പിന്നീട് സന്നിധാനത്തു നടക്കുന്ന മേല്‍ശാന്തി നറുക്കെടുപ്പിലും നിരീക്ഷകന്റെ മേല്‍നോട്ടം ഉണ്ടാകണമെന്നും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ശബരിമല സ്പെഷല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ശബരിമലയിലേക്ക് 48ഉം മാളികപ്പുറത്തേക്ക് 30ഉം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. വിജിലന്‍സ് അന്വേഷണത്തിനുശേഷം ശബരിമലയിലേക്ക് അഞ്ചുപേരെയും മാളികപ്പുറത്തേക്ക് മൂന്നുപേരെയുമാണ് അഭിമുഖത്തിനു ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്റര്‍വ്യൂവില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവരുടെ പട്ടിക തയാറാക്കി നറുക്കെടുപ്പിലൂടെയാണു മേല്‍ശാന്തിമാരെ നിശ്ചയിക്കുക.
ഒരു വര്‍ഷമാണ് ഇവരുടെ കാലാവധി.
ഇന്റര്വ്യൂനടപടികള് വീഡിയോയില്‍ പകര്‍ത്താന്‍ കോടതി നിര്‍ദേശിച്ചു. മറ്റു ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മാര്‍ക്ക് ലിസ്റ്റും വീഡിയോ ദൃശ്യങ്ങളും മുദ്രവച്ച കവറില്‍ ഒക്ടോബര്‍ 15നകം ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതിയുടെ പരിശോധനയ്ക്കുശേഷമേ നറുക്കെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാവൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്.