പാലക്കാട്: റോഡപകടങ്ങളിൽ മരിച്ചവരുടെ അന്താരാഷ്ട്ര ഓർമ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മോട്ടോർ വാഹനവകുപ്പും പാലക്കാട് സോണിലെ റോട്ടറി ക്ലബുകളും സംയുക്തമായി അനുസ്മരണ സമ്മേളനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.
അപകടങ്ങളിൽ പരിക്കേറ്റ് നിസഹായാവസ്ഥയിലായവർക്ക് സമഗ്രമായ പുനരധിവാസ സഹായങ്ങൾ ലഭ്യമാക്കുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബുകൾ നൽകുന്ന വീൽചെയറുകളുടെ വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
അപകടബാധിതർക്ക് ചലന സഹായ ഉപകരണങ്ങൾ, കൃത്രിമ അവയവങ്ങൾ, മെഡിക്കൽ ചികിത്സാ സഹായങ്ങൾ എന്നിവയ്ക്കു പുറമെ സ്വയംതൊഴിൽ മാർഗങ്ങളും ലഭ്യമാക്കുകയാണ് കരുതൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ റോഡ് സേഫ്റ്റി മിഷൻ രൂപീകരിച്ചതായും ഒരു വർഷത്തിനുള്ളിൽ അപകടനിരക്ക് പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
രമേഷ് പിഷാരടി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ.എസ്. മാരുതി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കളക്ടർ കെ. സുധീർ, മുനിസിപ്പൽ ചെയർമാൻ പി. സ്മിതേഷ്, കൗണ്‍സിലർ എച്ച്. റഷീദ്, മേഴ്സി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ. ലൗലി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അനൂപ് വർക്കി, ആർടിഒ സി.യു. മുജീബ്, എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബി. രഘു, റോട്ടറി സോണ്‍ ഡിസ്ട്രിക്ട് ഡയറക്ടർ ഡോ.സി.ബി. രാംലാൽ എന്നിവർ പ്രസംഗിച്ചു.