കൊച്ചി: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ പി.വി.അൻവറിനെ പിന്തുണച്ച് കാരാട്ട് റസാഖ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം നേടാൻ പി.വി.അൻവർ ഉയർത്തിയ വിഷയങ്ങൾ കാരണമായിട്ടുണ്ട്. കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണിതെന്ന് കാരാട്ട് റസാഖ് പറഞ്ഞു.
ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് കാരാട്ട് റസാഖ് അൻവറിനെ പിന്തുണച്ച് രംഗത്തെത്തിയത്. അതേസമയം ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചതാണ് ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കാനാകാതിരുന്നതിന് കാരണമെന്ന പ്രവീൺ കുമാറിന്റെ പ്രസ്താവന അനവസരത്തിലായിപ്പോയെന്ന് റസാഖ് പറഞ്ഞു.
സ്വതന്ത്ര ചിഹ്നമാണ് പ്രശ്നമെങ്കിൽ തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലുമെല്ലാം സമാനമായ സാഹചര്യം ഉണ്ടാകേണ്ടതായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. അധികാരത്തിന്റെ സുഖസൗകര്യങ്ങൾ വലിച്ചെറിഞ്ഞ് നിലവിൽ പ്രവർത്തിച്ചിരുന്ന മുന്നണിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിനായി ഉപാധികളില്ലാതെ യുഡിഎഫ് മുന്നണിയുമായി സഹകരിക്കാൻ തയാറായ വ്യക്തിയാണ് പി.വി.അൻവറെന്നും റസാഖ് കുറിച്ചു.
അൻവറിനെ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തുന്നത് അൻവറിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരം പ്രസ്താവനകളും പ്രവർത്തനങ്ങളും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് കാലം തെളിയിക്കുമെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.