തിരുവനന്തപുരം: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരേ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ. രണ്ടാം കേരള നിയമസഭയിലെ ഒരു എംഎൽഎയുടെ വിധവ എന്ന രീതിയിൽ പി.കെ. ശ്രീമതി പെൻഷൻ വാങ്ങുന്നുവെന്നായിരുന്നു വ്യാജവാർത്ത.
വ്യാജ വാർത്തയുടെ പ്രചാരണം സംബന്ധിച്ച് സൈബർ ഓപ്പറേഷൻസ് വിഭാഗം ഐജി പി. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണത്തിനാണ് ഉത്തരവിട്ടത്. വ്യാജ പ്രചാരണം സംബന്ധിച്ചു പി.കെ. ശ്രീമതി, മുഖ്യമന്ത്രി വി.ഡി. സതീശനു നൽകിയ പരാതിയിലാണ് അന്വേഷണം.
അന്തരിച്ച എംഎൽഎയുടെ ഭാര്യ എന്ന പേരിലുള്ള പെൻഷൻ താൻ വാങ്ങുന്നുവെന്ന വ്യാജപ്രചാരണം സംബന്ധിച്ചു കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിക്കവേ പി.കെ. ശ്രീമതി പൊട്ടിക്കരഞ്ഞിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് പി.കെ. ശ്രീമതി മുഖ്യമന്ത്രിക്കു പരാതിയും നൽകി. മുഖ്യമന്ത്രി പരാതി ആഭ്യന്തര മന്ത്രിക്കു കൈമാറി. തുടർന്നാണ് ഐജി തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്.
വ്യാജപ്രചാരണം സംബന്ധിച്ചു തന്നെ ഒരു മാധ്യമപ്രവർത്തക വിളിച്ചു കാലിൽ വീണു മാപ്പു ചോദിക്കാൻ തയാറാണെന്ന് അറിയിച്ചതായി പി.കെ. ശ്രീമതി പറഞ്ഞു. ഇത്തരം അപകീർത്തി പ്രചാരണത്തിൽ ക്ഷമിക്കാൻ താൻ തയാറല്ലെന്ന് അറിയിച്ചതായും ശ്രീമതി പ്രതികരിച്ചു.