Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും 10 വർഷത്തെ വിസയെടുത്ത് അമേരിക്കയിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.
കേരളത്തിലെ ഭരണം അവസാനിക്കുന്നതോടെ അവർ നാടുവിടുമെന്നും അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ പിണറായി വിജയൻ അധികാരത്തിൽ നിന്നും പുറത്താകുമെന്നും അൻവർ അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവിന് ഒരിക്കലും രാഷ്ട്രീയ വനവാസം ഉണ്ടാവില്ലെന്നും പി.വി. അൻവർ വ്യക്തമാക്കി.
പാവപ്പെട്ട തൊഴിലാളികളുടെ പേര് പറഞ്ഞ് കൊള്ള നടത്തുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കസേരയിൽ എത്തുമ്പോൾ സമഗ്രമായ അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി.വി. അൻവറിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചതെന്നും പ്രസ്താവന ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
അതേസമയം വർഗീയതയുമായി ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത ആര് പറഞ്ഞാലും അതിനെ എതിർക്കുമെന്നും മതേതര മനസുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും സതീശൻ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസും തനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ സന്തോഷമാണെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ബേപ്പൂര്‍ എംഎല്‍എയായി പി.വി. അൻവർ ബേപ്പൂരിൽ ജയിച്ചുവരുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ബേപ്പൂരിൽ പി.വി. അൻവർ പ്രചാരണം തുടങ്ങിയിരുന്നു. മുസ്ലീം ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു.
Kerala
മലപ്പുറം: കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ബേപ്പൂരിന് ഒരു സ്പെഷൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കും. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണ്.
കേരളം കണ്ടിട്ടില്ലാത്ത വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായിൽ നിന്നും വരുന്നതെന്നും അൻവർ വിമർശിച്ചു.
കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു.
Kerala
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
അനധികൃത സ്വത്ത് സമ്പാദനം, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, കേരള ഫിനാൻഷ്യൽ കോർപറേഷനിലെ വായ്പാ തട്ടിപ്പ് എന്നീ കേസുകളാണ് പി.വി. അൻവറിനെതിരെ ഇഡി ചുമത്തിയിട്ടുള്ളത്.
നേരത്തേ അൻവറിന്റെ വീടും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തിയിരുന്നു. അൻവർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി.
കെഎഫ്സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലായിരുന്നു അന്നത്തെ ഇഡി റെയ്ഡ് നടന്നത്. കെഎഫ്സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മതിയായ രേഖകളില്ലാതെ വായ്പയെടുത്തെന്നാണ് കേസ്.
സംഭവത്തിൽ വിജിലൻസ് കേസെടുത്തതിന് പിന്നാലെയാണ് കള്ളപ്പണ ഇടപാടിൽ ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പരാതിക്കാരന് മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.
Kerala
മലപ്പുറം: തൃണമൂൽ കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി. അൻവറിനു യുഡിഎഫിൽ അസോസിയറ്റ് അംഗത്വം നൽകുന്നത് പരിഗണനയിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻവർ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് നല്ല കാര്യമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അദ്ദേഹത്തിന്റെ കക്ഷിയെ ഉൾപ്പെടെ കൂടുതൽ കക്ഷികളെ യുഡിഎഫിൽ അസോസിയറ്റ് മെംബർ ആക്കുന്നത് ആലോചിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അൻവർ യുഡിഎഫിന്റെ ഭാഗമാകാനാണ് സാധ്യത. രാഷ്ട്രീയനേതാവായ അൻവറിനു നേരേ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കെല്ലാം ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നു വേണം കരുതാനെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെക്കൻ ജില്ലകളിൽ മുസ്ലിം ലീഗിനെ അവഗണിച്ചിട്ടില്ല. ലീഗിന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി എല്ലാം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതുവരെ തിരിച്ചെടുത്തില്ല. പാർലമെന്ററി പാർട്ടിയിൽനിന്നു പുറത്താക്കിയതാണ്. രാഹുലിനെ നിർജീവമാക്കാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കേരള ഫിനാന്‍സ് കോര്‍പറേഷനില്‍നിന്നു (കെഎഫ്സി) വായ്പയെടുത്തു തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണു കഴിഞ്ഞദിവസം അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്. ഒരേ വസ്തു ഈടുവച്ച് ചുരുങ്ങിയ കാലയളവില്‍ത്തന്നെ വിവിധ വായ്പകള്‍ കെഎഫ്സി വഴി അന്‍വര്‍ തരപ്പെടുത്തിയതായി ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന് 7.5 കോടിയും പിവിആര്‍ ഡെവലപ്പേഴ്സിന് 3.05 കോടിയും 1.56 കോടി രൂപയുമാണ് ലോണ്‍ അനുവദിച്ചത്. ലോണ്‍ എടുത്ത തുകകള്‍ വകമാറ്റി ചെലവഴിച്ചതായാണു വിവരം. മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ താനാണെന്ന് അന്‍വര്‍ സമ്മതിച്ചതായും ഇഡി അറിയിച്ചു.
നിലവില്‍ ഇത് അടുത്ത ബന്ധുവിന്റെയും ഡ്രൈവറുടെയും പേരിലാണ്. മാത്രമല്ല, ലോണ്‍ എടുത്ത തുക പിവിആര്‍ മെട്രോ വില്ലേജ് എന്ന വലിയ ടൗണ്‍ഷിപ്പ് പദ്ധതിയിലേക്കാണ് ഉപയോഗിച്ചതെന്നും അന്‍വര്‍ സമ്മതിച്ചു. 2014 ല്‍ 14.38 കോടി രൂപയുടെ സ്വത്തുക്കള്‍ 2021 ആയപ്പോഴേക്കും 64.14 കോടി രൂപയായി വര്‍ധിച്ചതില്‍ കൃത്യമായ വിശദീകരണം നല്കാന് അന്‍വറിനു സാധിച്ചില്ലെന്നും ഇഡി വ്യക്തമാക്കി.
അന്‍വറിന്റെ നിര്‍ദേശപ്രകാരം പതിവായി രേഖകളില്‍ ഒപ്പിടുകയും ഫണ്ടുകള്‍ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുകയും അക്കൗണ്ടില്‍ കാണിക്കാതെ പണം കൈകാര്യം ചെയ്തിരുന്നതായും ഇദ്ദേഹത്തിന്റെ കൂട്ടാളികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പിവിആര്‍ മെട്രോ വില്ലേജില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
വായ്പയെടുത്ത തുക ഇതിലേക്കു മാറ്റിയതായും വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്നും സൂചന ലഭിച്ചിട്ടുണ്ട്. വില്പന കരാറുകള്‍, സാമ്പത്തിക രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയുള്‍പ്പെടെ നിരവധി രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.
ലോണ്‍ അനുവദിച്ചതില്‍ കെഎഫ്സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും ഇഡി വ്യക്തമാക്കി. പരിശോധനയില്‍ ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന വ്യത്യസ്ത വ്യക്തികളുടെ പേരിലുള്ള 15 ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. ഇതില്‍ സംശയകരമായ ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളും ഡിജിറ്റല്‍ തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണെന്നും ഇഡി അറിയിച്ചു.
Kerala
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു ശേഷവും പി.വി. അന്‍വറിനെ കോണ്‍ഗ്രസ് തള്ളുമ്പോൾ ഈ വിഷയത്തില്‍ മൃദു നിലപാടുമായി മുസ്ലിം ലീഗ്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കേ, പി.വി. അന്‍വറിനെ കൂടെ കൂട്ടണമെന്ന ആഗ്രഹമാണ് പല ലീഗ് നേതാക്കള്‍ക്കുമുള്ളത്. നിലമ്പൂര്‍ ഫലം തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ചൂണ്ടുപലകയായതിനാല് പി.വി. അന്‍വറിനെ കൂടി ഉള്‍പ്പെടുത്തി യുഡിഎഫ് മുന്നണി സംവിധാനം വിപുലപ്പെടുത്തുകയും സമാന ചിന്താഗതിക്കാരെ സഹകരിപ്പിക്കുകയും വേണമെന്ന അഭിപ്രായമാണ് ലീഗ് നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്.
പി.വി. അന്‍വര്‍ ഒരു ഫാക്ടറാണെന്നും അദ്ദേഹത്തെ മുന്നണിയില്‍ എടുക്കണമോ എന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നുമാണ് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടത്. അതിനേക്കാള്‍ ഒരുപടി കടന്നായിരുന്നു ഡോ. എം.കെ. മുനീറിന്റെ പ്രതികരണം. നിലമ്പൂരില്‍ അന്‍വറിന്റെ സ്വാധീനം നിസാരമായി കാണുന്നില്ലെന്നായിരുന്നു ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടത്. അന്‍വര്‍ വിഷയത്തില്‍ ലീഗിന്റെ മൃദുനിലപാടാണ് നേതാക്കളുടെ വാക്കുകളില്‍ തെളിയുന്നത്. തെരഞ്ഞെടുപ്പിനുമുമ്പ് പി.വി. അന്‍വര്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്‍വറുമായി സഹകരിക്കുമെന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ച നിലപാട് വ്യക്തമാക്കിയതോടെ ലീഗ് പിന്നെ പരസ്യ പ്രതികരണത്തിനു തുനിഞ്ഞില്ല. യുഡിഎഫില്‍ അടുപ്പിക്കാതായതോടെ പാണക്കാട് കുടുംബത്തെ അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ ഉയര്‍ത്തിയിരുന്നു. ഇതൊന്നും തെരഞ്ഞെടുപ്പ് ഗോദയില്‍ ഏശിയില്ല.
അന്‍വര്‍ ഇഫക്ട് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഭീഷണിയായില്ലെങ്കിലും അദ്ദേഹത്തെ കൂടെ കൂട്ടണമെന്ന ലീഗിന്റെ നിലപാടിനു പിന്നില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിനു പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അന്‍വറിനു മലപ്പുറത്തു കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ലീഗ്. പിണറായിസത്തിനെതിരേ ആഞ്ഞടിച്ച് പരാമവധി എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ മലപ്പുറത്തുനിന്നു സമാഹരിക്കാന്‍ അന്‍വറിനേക്കാള്‍ കഴിയുന്ന മറ്റൊരു നേതാവില്ലെന്നാണ് പല ലീഗ് നേതാക്കളുടെയും കണക്കുകൂട്ടല്‍.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നു പറയുമ്പോഴാണ് ലീഗ് നേതാക്കളുടെ മറിച്ചുള്ള നിലപാടെന്നതു ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴേക്കും തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനുള്ള നീക്കത്തിലാണ് ലീഗ്. മലബാറില്‍ ലീഗിന്റെ സഹായമില്ലാതെ യുഡിഎഫ് പച്ചതൊടില്ലെന്നത് വ്യക്തമാണെന്നിരിക്കേ പി.വി. അന്‍വറിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സാവധാനം നിലപാട് മാറ്റാനാണ് ഏറെ സാധ്യത.
യുഡിഎഫില്‍ കയറിപ്പറ്റാന്‍ കഴിയാതെ വന്നതോടെ ആര്യാടന് ഷൗക്കത്ത് ജയിക്കില്ലെന്നും അദേഹം പാണക്കാട് തങ്ങള്‍ കുടുംബത്തെ അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്ത്തിയതുകൂടാതെ, മുന്‍കാലങ്ങളില്‍ എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ക്കെതിരേ പി.വി. അന്‍വര്‍ തൊടുത്തുവിട്ട ഗുരുതരമായ ആരോപണങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിനു അത്ര പെട്ടന്ന് മറക്കാന്‍ പറ്റുന്നതല്ല. നിലമ്പൂരില്‍ അന്‍വര്‍ ഇഫക്ട് യുഡിഎഫിനെ ബാധിക്കാത്ത സാഹചര്യത്തില്‍ തത്ക്കാലം അദേഹം പുറത്തുനില്ക്കട്ടേയെന്നാണ് നേതാക്കളുടെ നിലപാട്.
Kerala
തിരുവനന്തപുരം: പി.വി.അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനായുള്ള വാതില്‍ അടച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അത് യുഡിഎഫിന്റെ തീരുമാനമാണെന്ന് സതീശന് പ്രതികരിച്ചു.
ഇക്കാര്യത്തില്‍ തന്നെ എതിര്‍ത്ത് നിന്നവരും ഇപ്പോള്‍ പിന്തുണയ്ക്കുന്നുണ്ട്. ഏതെങ്കിലും കാലത്ത് അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയ്ക്ക് വന്നാല്‍ അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യത്തില്‍ ഓരോരുത്തും പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സതീശന് പറഞ്ഞു.
ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വൈകിപ്പോയെന്നും സതീശന് പ്രതികരിച്ചു. മൗനത്തിന്റെ വാത്മീകത്തില്‍ ആയിരുന്നു മുഖ്യമന്ത്രി.
ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി ആര്‍എസ്എസ് പരിപാടിയായി മാറ്റരുത്. ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ അറിയിക്കണമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Kerala
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്റെ ശക്തി തെളിയിച്ചെങ്കിലും പി.വി. അന്‍വറിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍. നിലപാടില്‍ മയം വരുത്തി യുഡിഎഫിന്റെ ഭാഗമായി നില്‍ക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യമെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുടെ തീരുമാനം ഇതില്‍ പ്രധാനമാണ്.
താനല്ല തീരുമാനമെടുക്കുന്നതെന്നും യുഡിഎഫ് ഒറ്റക്കെട്ടായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും സതീശന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലപാട് പ്രധാനമാണ്.
തെരഞ്ഞെടുപ്പിനുമുമ്പ് അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ആര്യാടന് ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി വന്നത് അന്‍വറിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയത്. വി.ഡി. സതീശന് കര്‍ശന നിലപാട് എടുത്തതോടെയാണ് അന്‍വറിന് ഒറ്റയ്ക്കു മത്സരിക്കേണ്ട സാഹചര്യം ഉണ്ടായത്.
19,760 വോട്ടുകള്‍ നേടിയാണ് അന്‍വര്‍ നിലമ്പൂരില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. 11.23 ശതമാനം വോട്ടുകള്‍ വരുമിത്. ഇരു മുന്നണികള്‍ക്കും ഞെട്ടലുണ്ടാക്കിയാണ് അന്‍വറിന്റെ മുന്നേറ്റം. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ഏറ്റുമുട്ടിയാണ് അന്‍വര്‍ ഇടതുപക്ഷത്തുനിന്ന് പുറത്തേക്ക് വന്നത്.
അന്‍വറിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായമില്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും മുന്‍ പ്രസിഡന്റ് കെ. സുധാകരനും അന്‍വറിനോടു മയമുള്ള സമീപനമാണുള്ളത്. രമേശ് ചെന്നിത്തലയ്ക്കും ഇതേനിലപാടാണ്. മുസ്ലിം ലീഗ് നേതാക്കള്‍ക്കും അന്‍വറിനോട് താത്പര്യമുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്ക് നിഷേധാത്മക നിലപാടാണ്. യുഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് ഏകകണ്ഠമായ അഭിപ്രായത്തില്‍ എത്തിയാല്‍ മാത്രമേ അന്‍വറിനു പ്രതീക്ഷയുണ്ടാകുകയുള്ളൂ.
ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന അന്‍വര്‍ മൂന്നാം സ്ഥാനത്താണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് അന്‍വറിന്റെ കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തേക്കും. അന്‍വറിന്റെ നിലപാടില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ യുഡിഎഫ് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ തയാറാവുകയുള്ളൂ.
അന്‍വറിന് അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന മുന്‍ വാഗ്ദാനംതന്നെയായിരിക്കും യുഡിഎഫ് മുന്നോട്ടുവയ്ക്കുക. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് എഐസിസിയുടെ അനുമതി വേണ്ടിവരും. ഇതിനു സാധ്യത കുറവാണ്.