കോഴിക്കോട്: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പി.വി. അൻവർ. പാർട്ടിയുടെ ഭാഗത്ത് നിന്നും അർഹമായ രീതിയിലുള്ള പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് ഈ പിന്മാറ്റം. തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേരും പ്രഖ്യാപനവും മേയ് 15-ന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിച്ച രീതിയിലുള്ള രാഷ്ട്രീയ പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്ന് അൻവർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പാർട്ടിയുമായി ചേർന്ന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് അദ്ദേഹം. തൃണമൂൽ വിട്ടതിന് പിന്നാലെ സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി സജീവമാകാനാണ് അൻവറിന്റെ തീരുമാനം.
അടുത്ത മാസം 15ന് ഉള്ളിൽ പുതിയ പാർട്ടിയുടെ പേരും നയങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെ ഇടത് പാളയത്തിൽനിന്നു മാറി തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു അൻവർ. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ ബേപ്പൂരിൽനിന്നുമാണ് അദ്ദേഹം ജനവിധി തേടിയത്.