Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ. ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 348 റൺസ് പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ 156 റൺസിൽ ഓൾഔട്ടായി. 36 റൺസെടുത്ത ദീപേഷ് ദേവേന്ദ്രൻ ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. വൈഭവ് സൂര്യവൻഷി 26 റൺസെടുത്തു. മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല.
പാക്കിസ്ഥാന് വേണ്ടി നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് സയ്യാം, അബ്ദുൾ ശുഭാൻ, ഹുസൈഫ അഹ്സാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.
അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.
International
ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചുവെന്ന വാർത്ത പരന്നതോടെ പാക്കിസ്ഥാനിൽ പ്രക്ഷോഭമെന്ന് റിപ്പോർട്ട്. ആയിരക്കണക്കിന് പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പ്രവർത്തകർ റാവൽപിണ്ടിയിലെ അഡിയാല ജയിലിന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
പ്രവർത്തകർ ജയിലിൽ അതിക്രമിച്ചു കയറാൻ അവർ ശ്രമിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഹോദരിമാരായ നൊറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ പാർട്ടി അംഗങ്ങൾക്കും അനുയായികൾക്കും ഒപ്പം സെൻട്രൽ ജയിലിന് മുന്നിൽ പ്രതിഷേധിച്ചു. ഇവർക്ക് മർദനമേറ്റെന്നും റിപ്പോർട്ടുണ്ട്.
കുത്തിയിരിപ്പ് സമരമായി ആരംഭിച്ച പ്രതിഷേധങ്ങൾ മജ്ലിസ് വഹ്ദത്ത്-ഇ-മുസ്ലീമീന്റെ (എംഡബ്ല്യുഎം) നേതാവ് അല്ലാമ രാജ നാസിറിന്റെ അഭ്യർഥന മാനിച്ച് അവസാനിപ്പിച്ചു.
അധികൃതരുമായി ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് ഇമ്രാൻ ഖാന്റെ സഹോദരി അലീമ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. "ആർക്കറിയാം, ഒരുപക്ഷേ ഇമ്രാനെ സ്ഥലം മാറ്റിയിരിക്കാം. എന്തുകൊണ്ടാണ് അവർ ഞങ്ങളെ അദ്ദേഹത്തെ കാണാൻ അനുവദിക്കാത്തത്?'. അലീമ ചോദിച്ചു.
എല്ലാ ആഴ്ചയും ഇമ്രാൻ ഖാനെ സന്ദർശിക്കാൻ സഹോദരിമാർക്ക് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഇത് നിഷേധിച്ചതിനെ തുടർന്ന് ഇമ്രാൻ ഖാന്റെ സഹോദരിമാരും പിടിഐ പ്രവർത്തകരും ജയിലിന് മുന്നിൽ കഴിഞ്ഞയാഴ്ച പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം.
International
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റേത് ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ തടവിൽ കഴിഞ്ഞിരുന്നത്.
പാക്കിസ്ഥാൻ തെഹ്രീക് ഇ-ഇൻസാഫ് (പിടിഐ) തലവനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്.
അതേസമയം, ജയിലിലെത്തി അദ്ദേഹത്തെ കാണാൻ ശ്രമിച്ച സഹോദരിമാർക്ക് പോലീസിന്റെ മർദനമേറ്റു. ഇമ്രാൻ ഖാന്റെ സഹോദരിമാരായ നൊറീന് ഖാന്, അലീമ ഖാന്, ഉസ്മ ഖാന് എന്നിവര്‍ക്കാണ് പോലീസിന്റെ മര്‍ദനമേറ്റത്.
റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് തങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ഇവരുടെ ആരോപണം.
മരിച്ചെന്ന ആഭ്യൂഹങ്ങള്‍ക്കിടെ ഇമ്രാന്റെ നൂറ് കണക്കിന് അനുയായികളും ജയിലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങളെ മര്‍ദിച്ചതെന്നും ഇമ്രാന്റെ സഹോദരിമാര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ റോഡില്‍ തങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തുകയോ നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനമോ ഒന്നും തങ്ങളുടെയോ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
രാത്രി തെരുവ് വിളക്കുകള്‍ അണച്ച ശേഷം പോലീസ് ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്. 71 വയസായ തന്നെ അവര്‍ മുടിക്ക് പിടിച്ച് നിലത്തേക്ക് വലിച്ചിഴച്ചാണ് മര്‍ദിച്ചത്. തനിക്ക് സാരമായ പരിക്ക് പറ്റിയെന്നും പോലീസ് മേധാവിക്ക് അയച്ച കത്തില്‍ അവര്‍ പറയുന്നു.
Sports
മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
Sports
റാവൽപിണ്ഡി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 300 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എടുക്കുകയായിരുന്നു.
സെഞ്ചുറി നേടിയ സൽമാൻ ആഖയുടെയും അർധ സെഞ്ചുറി നേടിയ ഹുസെയ്ൻ താലത്തിന്റെയും മികവിലാണ് പാക്കിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. സൽമാൻ ആഖ 105 റൺസാണ് എടുത്തത്. ഹുസെയ്ൻ താലത്ത് 62 റൺസ് സ്കോർ ചെയ്തു.
മുഹമ്മദ് നവാസ് 36 റൺസും ഫഖർ സമാൻ 32 റൺസും എടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദപ ഹസരങ്ക മൂന്ന് വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാമായ ഇസ്ലാമാബാദിൽ സ്ഫോടനം. ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. 12 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.
ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. ഡൽഹിയിലെ സ്ഫോടനത്തിന് സമാനമായ നിലയിലാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.
കാറിലെത്തിയ ചാവേർ എന്ന് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ പിന്നീട് പോലീസ് തന്നെ, ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോടതിയിലെത്തിയ സാധാരണക്കാരായ ജനങ്ങളാണ് കൊല്ലപ്പെട്ടതെന്ന വിവരമാണ് പുറത്തുവരുന്നത്.
International
ഇസ്ലാമാബാദ്: അഫ്ഗാന് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന് സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ.
ഏറ്റുമുട്ടലില്‍ 23 പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാന് പറഞ്ഞു. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സൈന്യം കണക്കുകളുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായാണ് പാക് സൈന്യം അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനും തെഹ്രീകെ താലിബാന് പാക്കിസ്ഥാൻ(ടിടിപി) എന്ന പാക്കിസ്ഥാനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതെന്നും പാക് സൈന്യം അറിയിച്ചു.
താലിബാന് ആക്രമണത്തെ ശക്തമായി ചെറുത്തെന്നും താലിബാന്റെ വിവിധയിടങ്ങളിലെ കേന്ദ്രങ്ങള്‍ തകര്‍ത്തതായും പാക് സൈന്യം അവകാശപ്പെട്ടു.
'സ്വന്തം മണ്ണിലെ ഐഎസ് സാന്നിധ്യത്തിന് നേരേ പാക്കിസ്ഥാൻ കണ്ണടച്ചു. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ ഒരു ആക്രമണത്തിനും മറുപടി നല്കാതിരിക്കില്ല. പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉള്‍പ്പെടെ ലോകത്തെ പലരാജ്യങ്ങള്‍ക്കും ഐഎസ് ഒരു ഭീഷണിയാണ്'.-താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് നേരത്തേ പറഞ്ഞിരുന്നു.