കാഠ്മണ്ഡു: തങ്ങളുടെ ഔദ്യോഗിക 'നെറ്റ്വർക്ക് മാപ്പിൽ' ജമ്മു കാഷ്മീരും ലഡാക്കും പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചതിൽ മാപ്പപേക്ഷിച്ച് നേപ്പാൾ എയർലൈൻസ്. സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചതോടെ, 24 മണിക്കൂറിനുള്ളിൽ വിമാനക്കമ്പനി മാപ്പ് പിൻവലിക്കുകയും ഇത് ഒരു സാങ്കേതിക പിഴവാണെന്ന് വിശദീകരിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് നേപ്പാൾ എയർലൈൻസ് തങ്ങളുടെ യാത്രാ റൂട്ടുകൾ വ്യക്തമാക്കുന്ന മാപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിൽ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാഷ്മീരും ലഡാക്കും പൂർണമായും പാകിസ്ഥാന്റെ അതിർത്തിക്കുള്ളിലായാണ് രേഖപ്പെടുത്തിയിരുന്നത്.
ഈ ചിത്രം നിമിഷങ്ങൾക്കുള്ളിൽ എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി. ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇത് ബോധപൂർവ്വമായ പ്രകോപനമാണെന്ന് പലരും ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ മാപ്പ് നീക്കം ചെയ്ത നേപ്പാൾ എയർലൈൻസ് ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി. "ഭൂപടത്തിൽ വന്ന തെറ്റായ അടയാളപ്പെടുത്തലിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഇത് ഒരു ശ്രദ്ധക്കുറവ് മൂലം സംഭവിച്ച പിശകാണ്. ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു." വിമാനക്കമ്പനി വക്താവ് അറിയിച്ചു.
നേപ്പാൾ സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയിൽ നിന്ന് ഇത്തരമൊരു പിശക് ഉണ്ടായത് നയതന്ത്ര തലത്തിലും ചർച്ചയായിട്ടുണ്ട്. ഭൂപടങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നു. മാപ്പപേക്ഷിച്ചെങ്കിലും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം.
Tags : Airlines Pakisthan Latest News