കൊച്ചി: 2004 മുതല്‍ തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന കോളജ് അധ്യാപികയുടെ സര്‍വീസ് ക്രമപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കൊല്ലം എസ്എന്‍ കോളജിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അധ്യാപികയായ സുകി പി. രാജിന്റെ 22 വര്‍ഷത്തെ സേവനം ക്രമപ്പെടുത്താനാണു ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. ക്രമപ്പെടുത്തല്‍ ആവശ്യം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് അധ്യാപിക നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
പ്രീഡിഗ്രി വേര്പ്പെടുത്തിയതിനെത്തുടര്ന്ന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ അധികം വന്ന അധ്യാപകരെ ഉള്‍പ്പെടുത്താന്‍ 1998ല്‍ 440 പുതിയ കോഴ്സുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്ന നിബന്ധനയോടെയായിരുന്നു ഇത്.
2010ല്‍ വിവിധ എയ്ഡഡ് കോളജുകളില്‍ സോപാധിക അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കോഴ്സുകളില്‍ പഠിപ്പിക്കുന്നവരെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിക്കാന്‍ ആയിരത്തിലേറെ അധ്യാപക തസ്തികകളും അനുവദിച്ചു.
ഇക്കൂട്ടത്തില്‍ കംപ്യൂട്ടര്‍ സയന്‍സിന് പകരം ഫിസിക്സില്‍ ആണ് തസ്തിക അനുവദിച്ചത്. സര്‍ക്കാര്‍ പിന്നീട് അതു തിരുത്തിയിട്ടും ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഹര്‍ജി.
അധ്യാപികയെ നിയമിക്കുകയല്ല, നിയോഗിക്കുകയാണു ചെയ്തതെന്നും നെറ്റ് യോഗ്യത ഇല്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ വാദം.