ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പെട്രോൾ പമ്പിൽ കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ജീവനക്കാരനായ മനോജ് കുമാറിനും മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ കാറിന്റെ ഡ്രൈവർ ദീപുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. സിൽവർ സിറ്റിക്ക് സമീപമുള്ള പെട്രോൾ പമ്പിലാണ് സംഭവം. മദ്യലഹരിയിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ.
പെട്രോൾ അടിക്കുന്നതിനായി ശരിയായ രീതിയിൽ നിർത്തുവാൻ പമ്പ് ജീവനക്കാരനായ മനോജ് കുമാർ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ദീപു വാഹനം അമിതവേഗത്തിൽ മുന്നോട്ട് എടുക്കുകയും മനോജിനെയും മറ്റ് രണ്ട് പേരെയും ഇടിച്ചുതെറിക്കുകയുമായിരുന്നു.
മനോജിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിന് ശേഷം രണ്ട് ഡീസൽ ഡിസ്പെൻസിംഗ് മെഷീനുകൾ തകർത്ത പ്രതികൾ കാറുമായി രക്ഷപ്പെടുകയായിരുന്നു. പെട്രോൾ പമ്പ് മാനേജർ അനുരാഗ് ചൗധരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപുവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.