തിരുവനന്തപുരം: സംസ്ഥാന പൊലിസ് സേനയ്ക്ക് വാഹനങ്ങൾ വാങ്ങാൻ പണം അനുവദിക്കാൻ മന്ത്രിസഭായോഗ തീരുമാനം.
ഉന്നത ഉദ്യോഗസ്ഥർക്കും പൊലിസ് സ്റ്റേഷനുകൾക്കുമായി 350 വാഹനങ്ങൾ വാങ്ങാനായി 45 കോടി രൂപ അനുവദിക്കാനാണു തീരുമാനം.
പല പൊലിസ് സ്റ്റേഷനുകളിലെയും വാഹനങ്ങൾ കാലാവധി കഴിഞ്ഞിട്ടും ഓടുകയാണ്. 20 വർഷമാണ് പൊലിസ് വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളത്. കൂടുതലും ബൊലേറോ ജീപ്പുകൾ വാങ്ങാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്നോവ ക്രിസ്റ്റകളും വാങ്ങും.
പൊലിസ് നവീകരണത്തിന് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ടിൽനിന്നാണ് തുക അനുവദിക്കുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവതരിപ്പിച്ച അജൻഡയ്ക്ക് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു.