തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സിപിഎം നേതാക്കളുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നതിനു ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കുന്നത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ, സി.കെ. ഹരീന്ദ്രൻ എംഎൽഎ എന്നിവരുടെ ഫോൺ കോളുകളാണു മ്യൂസിയം സിഐ ആർ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിക്കുക. രണ്ട് എംഎൽഎമാരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിന് പോലീസ് ആഭ്യന്തര വകുപ്പിന്റെ മുൻകൂർ അനുമതി തേടും.
മേയ് 27ന് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിലേക്കെത്തുന്നത്. റെയ്ഡ് നടക്കുമ്പോൾ എം.വി. ഗോവിന്ദനും രണ്ട് എംഎൽഎമാരും പിണറായി വിജയന്റെ വീട്ടുവളപ്പിലുണ്ടായിരുന്നു. ഇവർക്കൊപ്പം ജോൺ ബ്രിട്ടാസ് എംപി, വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവരും സംഭവസ്ഥലത്തു നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു.
മുതിർന്ന നേതാക്കളിൽനിന്ന് ആഹ്വാനം ലഭിക്കാതെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറോളം പ്രവർത്തകർ അക്രമാസക്തരായി അവിടെയെത്തില്ലെന്നാണു പോലീസിന്റെ വിലയിരുത്തൽ. അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കും ഉദ്യോഗസ്ഥരോടു വൈരാഗ്യമില്ലെന്നും അതിനാൽ അന്വേഷണം സിപിഎം നേതാക്കളിലേക്കു വ്യാപിപ്പിക്കണമെന്നുമാണ് ഇഡിയുടെയും നിലപാട്.