വടകര: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവായി. അത്തോളി പോലീസ് സ്റ്റേഷന് പരിധിയിലെ ഉള്ളിയേരി സ്വദേശിയായ മഠത്തില്‍ കുന്നുമ്മല്‍ മുഹമ്മദ് ജവാദിനെ (31) യാണ് കരുതല്‍ തടങ്കലില്‍ ആക്കിയത്.
വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ആറ് മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് ഒരു വര്‍ഷത്തെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടര്‍ച്ചയായി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയായ മുഹമ്മദ് ജവാദിനെതിരെ കരുതല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അത്തോളി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം. സജിത്ത് കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആയിരുന്ന ടി. ഉത്തംദാസ് മുഖാന്തിരം കോഴിക്കോട് ജില്ലാ പോലീസ് മേധാവി മെറിന് ജോസഫിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ശുപാര്‍ശ പ്രകാരമാണ് ആഭ്യന്തരവകുപ്പ് ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.