ഒറ്റപ്പാലം: സമൂഹത്തിലെ ദുർബലരും നിരാലംബരായവരുടെ സങ്കടം സ്വന്തം സങ്കടമായി കാണാനും അതനുസരിച്ചു പ്രവർത്തിക്കാനും പൊതുപ്രവർത്തകർക്കാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ചന്ദ്രമ്മ മാധവൻ നായർ (സിഎംഎൻ) ട്രസ്റ്റ് ‘എ ഹോം ഓഫ് യുവർ ഓണ്‍’ പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹജീവികളുടെ ഇല്ലായ്മകളെ പരിഗണിച്ചുമാത്രം ജീവിക്കാൻ കഴിയുന്ന നല്ല മനുഷ്യരാണ് സമൂഹത്തെ പ്രസാദാത്മകമാക്കുന്നത്. കോടികൾ വിലയുള്ള മരുന്നുകൊണ്ടുമാത്രം സുഖപ്പെടുന്ന മാരകരോഗങ്ങൾ ബാധിച്ച കുട്ടികളടക്കമുള്ളവരുണ്ട്. അവർക്കുള്ള മരുന്നടക്കം വിദേശത്തുനിന്ന് എത്തിക്കണം.
സർക്കാരിനു സാധ്യമാകാത്ത സംഗതികളിൽ കന്പനികളുടെ സിഎസ്ആർ ഫണ്ടടക്കം പ്രയോജനപ്പെടുത്താനാകുമോയെന്ന് ആലോചിക്കുന്നുണ്ട്. ഓരോ പഞ്ചായത്തംഗങ്ങളും അതാത് വാർഡുകളിലുള്ള കിടപ്പുരോഗികളുടേയും നിരാലംബരുടേയും അവസ്ഥ സംബന്ധിച്ച് ജാഗ്രതയുളളവരായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംഎൻ ട്രസ്റ്റ് ചെയർമാനും ഗൾഫ് വ്യവസായിയുമായ പന്പാവാസൻ നായർ അധ്യക്ഷത വഹിച്ചു.
13 കുടുംബങ്ങൾക്ക് പുതിയ വീടുകളുടെ താക്കോലുകൾ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും സമ്മാനിച്ചു.
ട്രസ്റ്റ് പുതിയതായി നിർമിച്ചുനൽകുന്ന പത്തുവീടുകളുടെ ധാരണാപത്രവും ചടങ്ങിൽ വിതരണം ചെയ്തു.
മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി, എംഎൽഎമാരായ എം. വിൻസെന്റ്, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, വി.ടി. ബൽറാം, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ട്രസ്റ്റി കലാ പന്പാവാസൻ എന്നിവർ പ്രസംഗിച്ചു.
സിഎംഎൻ ട്രസ്റ്റി വിഘ്നേഷ് പന്പാവാസൻ സ്വാഗവും മാനേജർ സന്തോഷ് കയറാട്ട് നന്ദിയും പറഞ്ഞു.