പത്തനംതിട്ട: ടച്ച് വെട്ടലിന്റെ പേരിൽ കെഎസ്ഇബി ജീവനക്കാർ വ്യാപകമായി ഫലവൃക്ഷങ്ങളും മറ്റും വെട്ടിനശിപ്പിക്കുന്ന വിഷയത്തിൽ ഇടപെട്ട് വൈദ്യുതി മന്ത്രി.
മരംമുറിയിൽ അനാവശ്യ നടപടികളോ അപാകതയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ മന്ത്രി സണ്ണി ജോസഫ് ഡെപ്യൂട്ടി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രിയുടെ ഓഫീസിൽനിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കി.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മല്ലപ്പള്ളി, തിരുവല്ല താലൂക്ക് പ്രദേശങ്ങളിലാണ് വ്യാപകമായി മരംമുറിക്കൽ നടന്നത്. ഇന്നലെ കോയിപ്രം പഞ്ചായത്ത് എട്ടാം വാർഡിൽ തോമസ് മാത്യുവിന്റെ 14 റബർ മരങ്ങൾ ടച്ച് വെട്ടലിന്റെ പേരിൽ മുറിച്ചു നീക്കി.
കഴിഞ്ഞ ദിവസം കവിയൂർ ഭാഗത്ത് തെങ്ങുകളടക്കം വെട്ടിമാറ്റിയിരുന്നു. പത്തനംതിട്ട ജില്ലയിൽ യന്ത്രവത്കൃത ടച്ച് വെട്ടൽ ആരംഭിച്ചതിനുശേഷം നിയമങ്ങൾ മറികടന്നും ഫലവൃക്ഷങ്ങൾ വ്യാപകമായി മുറിച്ചുനീക്കുകയാണ്.