Kerala
കോല്‍ക്കത്ത: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്ന് പശ്ചിമബംഗാൾ ആരോഗ്യവകുപ്പ്. ഒട്ടേറെ മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയിലാണ്.
പാരസെറ്റാമോൾ ഗുളിക, 100 എംഎൽ സലൈൻ വാട്ടർ, ഒആർഎസ് ലായനി, ഡിസ്പോസിബിൾ സിറിഞ്ചുകൾ തുടങ്ങിയവ ലഭ്യമല്ലാത്ത അവസ്ഥയാണ്.
മരുന്നുകളിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലാത്തതാണ് ക്ഷാമത്തിനു കാരണമെന്നു പറയപ്പെടുന്നു. പാക്കിംഗ് വസ്തുക്കളുടെ ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഇന്ധനനിരക്ക് വർധനയെത്തുടർന്ന് വിമാനക്കൂലി വർധിച്ചതും പ്രശ്നമാണ്. സർക്കാർ സംവിധാനത്തിലൂടെ അല്ലാതെ അവശ്യമരുന്നുകൾ സംഭരിക്കാൻ അധികൃതർ ആശുപത്രികൾക്കു നിർദേശം നൽകിയിരിക്കുകയാണ്.
National
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിംഗ് ഉൾപ്പെടെയുള്ളവർ പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ ഹാജരായി.
മെഡിക്കല്‍ പ്രവേശനപരീക്ഷ റദ്ദാക്കാനിടയാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് പാര്‍ലമെന്ററി സ്ഥിരംസമിതി ഉന്നയിച്ചത്. എന്നാല്‍, നീറ്റ് പരീക്ഷാപേപ്പര്‍ തങ്ങളുടെ സംവിധാനത്തിൽനിന്ന് ചോര്‍ന്നിട്ടില്ലെന്ന് അഭിഷേക് സിംഗ് പാർലമെന്ററി സമിതിയോടു വ്യക്തമാക്കി.
പ്രതിപക്ഷ അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലും നിലവില്‍ ഈ വിഷയം സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു.
സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ മാത്രമേ ഇതിനെ ചോദ്യപേപ്പര്‍ ചോര്‍ച്ചയായി ഏജന്‍സി അംഗീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളിലുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചാ ആരോപണങ്ങളെക്കുറിച്ചും സമിതിയിലെ അംഗങ്ങള്‍ എന്‍ടിഎയോട് ചോദ്യങ്ങള്‍ ഉന്നയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി, എൻടിഎ ചെയർപേഴ്സൺ പ്രദീപ്കുമാർ ജോഷി, എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് എന്നിവരെയാണു പാർലമെന്ററി സമിതി വിളിച്ചുവരുത്തിയത്. മൂന്നു മണിക്കൂറോളം യോഗം നീണ്ടു. സിബിഐ അന്വേഷണറിപ്പോർട്ട് പാർലമെന്ററി സമിതിക്കു മുന്‍പാകെ സമർപ്പിക്കണമെന്ന് ഏതാനും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
എന്നാൽ, ബിജെപി അംഗങ്ങൾ ഇതിനെ എതിർത്തു. സിബിഐ സ്വതന്ത്ര സംവിധാനമാണെന്നും അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും ബിജെപി എംപിമാർ പറഞ്ഞു. കോൺഗ്രസ് എംപി ദിഗ്വിജയ് സിംഗാണു പാർലമെന്ററി സമിതി അധ്യക്ഷൻ. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തും.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെഡിക്കൽ പ്രവേശന പരീക്ഷ വീണ്ടും നടത്തേണ്ട സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
കേന്ദ്ര സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വീണ്ടും നടത്തുന്ന പരീക്ഷയുടെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.പരീക്ഷയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യാജ ടെലിഗ്രാംചാനലുകൾ നീക്കംചെയ്യാൻ മന്ത്രി നിർദേശം നൽകി.
വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നതർക്കൊപ്പം പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ)യിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മെറ്റ, ഗൂഗിൾ, ടെലഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളുടെ പ്രതിനിധികളുമായി സമാന്തരമായ അന്വേഷണവും നടത്തി.
കഴിഞ്ഞമാസം മൂന്നിന് നടത്തിയ പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയത്. അടുത്തമാസം 21 നു വീണ്ടും പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
National
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളെ കോടതി അടുത്തമാസം രണ്ടുവരെ ജുഡീ ഷൽ കസ്റ്റഡിയിൽ വിട്ടു.
മറ്റൊരു പ്രതിയുടെ സിബിഐ കസ്റ്റഡി നീട്ടുകയും ചെയ്തു.ജയ്പുരിൽനിന്നു പിടിയിലായ മംഗിലാൽ ഖാതിക്, വികാസ് ബിവാൾ, ദിനേശ് ബിവാൾ, ഗുരുഗ്രാമിൽനിന്ന് അറസ്റ്റിലായ യാഷ് യാദവ്, മഹാരാഷ്ട്രയിൽനിന്നു പിടിയിലായ ധനഞ്ജയ് ലോഖണ്ഡെ എന്നിവരുടെ ജുഡീഷൽ കസ്റ്റഡി അപേക്ഷ സിബിഐ പ്രത്യേക ജഡ്ജി അജയ് ഗുപ്ത അംഗീകരിക്കുകയായിരുന്നു.
മറ്റൊരു പ്രതിയായ ശുഭം ഖൈർനാറിനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു.ചോദ്യപേപ്പർ ചോർത്തുന്നതിനുള്ള ഗൂഢാലോചന, ചോദ്യപേപ്പർ ചോർന്നവഴി തുടങ്ങിയവയെല്ലാം കണ്ടെത്തിക്കഴിഞ്ഞുവെന്ന് സിബിഐ അവകാശപ്പെടുന്നത്.
District News
പാലക്കാട്: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പരീക്ഷ റദ്ദുചെയ്യേണ്ട സാഹചര്യമുണ്ടായത് അത്യന്തം ഗുരുതരമായ കൃത്യവിലോപമെന്നു കത്തോലിക്ക കോൺഗ്രസ് രൂപതാ സമിതി.
22 ലക്ഷം പേർ എഴുതിയ നീറ്റ് മത്സരപരീക്ഷ കുറ്റമറ്റവിധം നടത്താൻ കഴിയാതെ പോയതു അതീവഗൗരവമേറിയ വിഷയമാണ്. വിദ്യാർഥികളുടെ സമയത്തിനും അധ്വാനത്തിനും പുല്ലുവില കൽപ്പിക്കുന്ന ഈ അവസ്ഥയ്ക്ക് ഉത്തരം നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണ്.
ഇതു വിദ്യാർഥികൾക്കു നൽകുന്ന സന്ദേശം എന്താണെന്ന് സർക്കാർ ചിന്തിക്കണം. ക്രമക്കേട് നടന്ന സാഹചര്യങ്ങൾ കണ്ടെത്തി കുറ്റമറ്റ നടപടികൾ സ്വീകരിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പുവരുത്താൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്.
2024 ൽ നടന്ന നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേട് വീണ്ടും ആവർത്തിക്കപ്പെടുന്നതിനു പിന്നിൽ ഉദ്യോഗസ്ഥ- രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടുകളുണ്ടാകുന്ന സാഹചര്യം പരിശോധിച്ച് ഇനിയൊരു വിദ്യാർഥിയുടെയും കണ്ണീർ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് വീഴാനുള്ള സാഹചര്യമുണ്ടാകാതിരിക്കാൻ മുഖം നോക്കാതെയുള്ള നടപടികൾ വേണമെന്നു രൂപതാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയ പരീക്ഷാ ഏജൻസി എന്ന സംവിധാനം 2017ൽ ഏർപ്പെടുത്തിയതിനുശേഷം 48 ഓളം മത്സരപരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തി വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായി എന്നത് അതീവഗൗരവതരമായ വസ്തുതയാണ്.
അതീവരഹസ്യമായി സൂക്ഷിക്കേണ്ട ചോദ്യക്കടലാസുകൾ അത്യന്തം ലാഘവത്വത്തോടെ കൈകാര്യം ചെയ്ത കേന്ദ്രസർക്കാരിനു വിദ്യാർഥികളുടെ അധ്വാനത്തിനു നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ട്.
രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ട്രഷറർ ജോസ് മുക്കട, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപിള്ളി, ജീജോ അറയ്ക്കൽ, ജോസ് വടക്കേക്കര, ജോമി മാളിയേക്കൽ പ്രസംഗിച്ചു.