Kerala
കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ.കെ. ശിവരാമന്. തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.
"തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്', എന്നാണ് ശിവരാമന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്‍ത്തകള്‍ അവാസ്തവമാണെന്നും ശിവരാമന് പറഞ്ഞു. പീരുമേട്ടിലെ പരാജയകാരണം സ്ഥാനാര്‍ഥി തന്നെയാണെന്നും ശിവരാമന് ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പരസ്യപ്രതികരണം നടത്തിയതിന്റെ പേരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നുമായിരുന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട പരസ്യ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നടപടി.
പീരുമേട്ടിലെ സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയില്‍നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമന് പരസ്യമായി പറഞ്ഞിരുന്നു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാര്‍ഥി. ശിവരാമന്റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.
Kerala
കോട്ടയം: ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു. ഷിബു ബേബി ജോണിനെതിരെ ആഞ്ഞടിച്ചാണ് സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടത്.
എന്‍ കെ പ്രേമചന്ദ്രന് എംപിയുടെ മകന് കാര്‍ത്തിക് പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആര്എസ്പിയില് കലഹം രൂക്ഷമായിരുന്നു. കാര്‍ത്തിക് പ്രേമചന്ദ്രന് എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടെന്നും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോണ്‍ നേതാവ് അല്ലെന്നുമാണ് സജി ഡി ആനന്ദിന്റെ വിമര്‍ശനം.
ജയിക്കും എന്നതാണ് പ്രേമചന്ദ്രന്റെ മകന്റെ അയോഗ്യത. പ്രേമചന്ദ്രന്റെ മകന് ജയിച്ചാല്‍ കുഴപ്പമാകുമെന്ന് ചിന്തിക്കുന്നവരാണ് അവര്‍. കാര്‍ത്തിക് ജയിച്ച് എങ്ങാന്‍ മന്ത്രിയായാലോ? അധികാരമെല്ലാം ഒരു വീട്ടിലേക്ക് പോകും. ആ വീട്ടിലേക്ക് പാര്‍ട്ടിയുടെ പിടിയും പോകുമെന്ന ഭയമാണ്.
രണ്ട് തവണ പരാജയപ്പെട്ട ഷിബു ബേബി ജോണ്‍ മാറി നിന്ന് ഈ ചെറുപ്പക്കാരനെ ചവറയില്‍ പരീക്ഷിച്ചാല്‍ ജയിക്കും. നേര്‍ച്ചക്കോഴിയെ ഇവിടെ കൊണ്ടിറക്കിയിരിക്കുകയാണ്. രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിച്ചാലും ആര്എസ്പിക്കാരനായി പ്രവര്‍ത്തിക്കില്ലെന്നും സജി ഡി ആനന്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ ആര്‍എസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍. നൗഷാദും രാജിവച്ചിരുന്നു. ചവറ സ്വദേശിയും ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ഇറക്കാനുള്ള നീക്കമാണ് ആര്എസ്പിയില് കടുത്ത പോരിന് ഇടയാക്കിയത്.
National
ദിസ്പുർ: ആസാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയയിൽ നിന്നാണ് അംഗത്വമെടുത്തത്. ബൈജയന്ത് പാണ്ഡ എംപിയുടെ സാന്നിധ്യത്തിലാണ് ബോറ ബിജെപിയിൽ ചേർന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശരമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. മുൻ എംഎൽഎ കൂടിയായ ബോറ ഈ മാസം 16നാണ് കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്തിലൂടെയാണ് രാജിക്കാര്യം ബോറ അറിയിച്ചത്.
ബോറയെ പാർട്ടി അവഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു.
2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ഗൗരവ് ഗോഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
എന്നാൽ ഗൗരവ് ഗോഗോയിയുമായുള്ള ചർച്ചയെ തുടർന്ന് ബോറ കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് ഹിമന്തയുമായി ചർച്ച നടത്തിയ ബോറ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണെന്ന തീരുമാനം അന്തിമമായി പ്രഖ്യാപിക്കുകയായിരുന്നു.
Tech
ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐ ഫോണായ "ഐഫോണ്‍ എയര്‍' ഡിസൈന്‍ ചെയ്ത അബിദുര്‍ ചൗധരി കമ്പനി വിട്ടെന്ന് റിപ്പോര്‍ട്ട്. "ഐഫോണ്‍ എയര്‍' വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അബിദുര്‍ ചൗധരിയുടെ രാജി.
സ്വന്തമായി സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കുന്നതിനായാണ് അബിദുര്‍ ആപ്പിളിനോട് ഗുഡ്ബൈ പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്. ടെക് ഭീമനായ ആപ്പിളിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായിരുന്നു അബിദുര്‍ ചൗധരി. യുകെയിലെ ലൗബറോ സര്‍വകലാശാലയില്‍ നിന്ന് ഡിസൈനിംഗിൽ ചൗധരി ബിരുദം നേടിയിട്ടുണ്ട്. 2019 ജനുവരിയിലാണ് ആപ്പിളില്‍ ചേര്‍ന്നത്.
ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ (5.6 മില്ലീമിറ്റര്‍ കട്ടി) ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന ഖ്യാതിയുമായാണ് ഐ ഫോണ്‍ എയര്‍ വിപണിയില്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച വില്പന ഫോണിന് ലഭിച്ചിരുന്നില്ല. ഇതിന്റെ കനം 5.6 എംഎം മാത്രമാണ്. ഐഫോണ്‍ എയറിന് 48 എംപി ഫ്യൂഷന്‍ കാമറയും ഉണ്ട്. മുന്‍വശത്ത് 18 എംപി സെല്‍ഫി കാമറയാണ് നല്‍കിയിരിക്കുന്നത്.
ഐ ഫോണ്‍ എയര്‍ മോഡലിന്റെ ന്യൂനതയായി പലരും എടുത്തു കാണിക്കുന്ന കാര്യം അതിന് ഒരു പിന് കാമറയെ ഉള്ളൂവെന്നതാണ്. ഐ ഫോണ്‍ 17 മോഡലിനു പോലും ഇരട്ട പിന്‍കാമറ ഉണ്ട്. വിലയും കുറവ്. ഐഫോണ്‍ എയറിന്റെ പ്രാരംഭ വില ഇന്ത്യയില്‍ 1,19,990 രൂപയാണ്. അബിദുര്‍ ചൗധരി കമ്പനി വിട്ടതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ പ്രതിച്ചിട്ടില്ല.
Kerala
തൃശൂർ: ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ ചേര്‍ന്നു. തൃശൂർ ബിജെപി ഓഫീസിലെത്തിയാണ് സുജീഷ കള്ളിയത്ത് അംഗത്വം സ്വീകരിച്ചത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സുജീഷ കള്ളിയത്തിനെ സ്വീകരിച്ചു. പാർട്ടി നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്ന് രാജി വച്ചതെന്ന് സുജീഷ കള്ളിയത്ത് പ്രതികരിച്ചു.
കഴിഞ്ഞ അഞ്ച് വർഷം കോൺഗ്രസ് നേതാക്കൾ തന്നെ ഭരിക്കാൻ അനുവദിച്ചില്ലെന്ന് സുജീഷ ആരോപിച്ചു.