Kerala
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായുള്ള മൂന്നാമത്തെ ലൈംഗിക പീഡന കേസിൽ വിധി പറയുന്നത് മാറ്റിയതു രാഹുലിനു വീണ്ടും തിരിച്ചടിയായി. പത്തനംതിട്ട സെഷൻസ് കോടതി ഈ മാസം 28 ലേക്കാണ് മാറ്റിയത്. തിരുവല്ല മജിസ്ടേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിനായി പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ ഈ മാസം 21ന് ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേക്കു മാറ്റിയിരുന്നു.
ഇന്നു രാവിലെ കേസ് പരിഗണിച്ചപ്പോൾ വാദിഭാഗം ഹാജരാക്കിയ, ഇരയുടെയും രാഹുലിന്റെയും ചാറ്റിന്റെ വോയിസ് ക്ലിപ്പിന്റെ അധികാരികതയിൽ പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചു.
രാഹുലും യുവതിയുമായി സൗഹൃദത്തിലായിരുന്നതായും ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമുള്ള വാദിഭാഗത്തിന്റെ വാദം സ്ഥിരീകരിക്കാനായി നൽകിയ, വാട്സാപ്പ് ചാറ്റിലൂടെയുള്ള വോയിസ് ക്ലിപ്പാണ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി വോയിസ് ക്ലിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ് ക്കാൻ തീരുമാനിച്ചത്. പരിശോധനയുടെ ഫലം ലഭിച്ച ശേഷം ഈ മാസം 28ന് കേസിൽ വിധി പറയും.
Kerala
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ പരാതിക്കാരിയുടെ സത്യവാംഗ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. രാഹുൽ ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാംഗ്മൂലത്തിനൊപ്പമുണ്ട്.
നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചതായും സത്യവാംഗ്മൂലത്തിൽ ആരോപിക്കുന്നു. വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിൽ ഉണ്ട്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു.
ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാംഗ്മൂലത്തിൽ പറയുന്നു. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിർത്തിരുന്നു.
ബലാത്സംഗത്തിനിടെയുണ്ടായ സാരമായ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ സമർപ്പിച്ചു. ജാമ്യാപേക്ഷയിൽ വക്രീകരിച്ച വസ്തുതകളും അർധ സത്യങ്ങളുമാണെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും ആരോപിക്കുന്നു.
പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. രാഹുൽ പ്രതിയായ 10ഓളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയാണ്. പ്രതിക്ക് ജാമ്യം നൽകിയാൽ പരാതിക്കാരെ നിശബ്ദരാക്കുമെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുത്ത് സൈബർ പോലീസ്. രാഹുലിന്റെ സുഹൃത്തും കോണ്‍ഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെയാണ് കേസെടുത്തത്.
സൈബറിടങ്ങളിൽ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിലാണ് പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി നൽകിയ പരാതിയിലാണ് നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി അധിക്ഷേപ പോസ്റ്റിട്ടത്.
അതേസമയം ബലാത്സംഗ കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര ജയിലിലേക്ക് മാറ്റി. ജയിലിന് മുന്നിൽ ബിജെപി-യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.
കോടതിയിൽ ഹാജരാക്കും മുൻപ് രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. വൈദ്യ പരിശോധനയ്ക്ക് കയറും മുൻപ് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും രാഹുൽ പതിവ് മൗനം തുടർന്നു.
Kerala
തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീറിന് പരാതി നൽകി ഡി.കെ. മുരളി എംഎൽഎ. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ അയോഗ്യനാക്കണമെന്നാണ് ആവശ്യം.
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീര്‍ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡി.കെ. മുരളി എംഎൽഎ പരാതി നൽകിയത്.
പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കർ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടർനടപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു.
വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോ എന്ന് ചോദിച്ച സ്പീക്കർ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി പത്തനംതിട്ട ഡിസിസി. സംഭവത്തിൽ നേരിട്ടോ രേഖാമൂലമോ വിശദീകരണം നൽകണമെന്നാണ് ഡിസിസിയുടെ നിർദേശം.
അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിൻതുണച്ച് സമൂഹ മാധ്യമങ്ങൾ വഴി അഭിപ്രായങ്ങൾ പ്രചരിപ്പിച്ചത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും അവമതിപ്പുമുണ്ടാക്കിയെന്ന് ഡിസിസി അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരിട്ടോ രേഖാമൂലമോ വിശദീകരണം നൽകണമെന്നാണ് ഡിസിസി ശ്രീനാദേവി കുഞ്ഞമ്മയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് വിശദീകരണ നോട്ടീസിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ വിവരങ്ങൾ അന്വേഷിച്ചതായും സിസിസി പ്രസിഡന്റ് അറിയിച്ചു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്.
പേരിന്റെ അര്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വെള്ളം കുടിച്ച് മരിച്ചാല്‍ ഭാഗ്യമെന്നുമാണ് അനില്‍ തോമസിന്റെ പ്രതികരണം. പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ശ്രീനാദേവിക്കെതിരെ അതിജീവിത ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീനാദേവിക്കെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. സ്നേഹയും ശ്രീനാദേവിക്കെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയേക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്ക് ഇല്ല, അതാണ് കോൺഗ്രസ്. നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണെന്നും ആര്.വി. സ്നേഹ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസിലെ പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സംസ്ഥാനത്ത് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
സാമൂഹ്യമാധ്യമങ്ങളിൽ പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് രണ്ടും പത്തനംതിട്ടയിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, പാലക്കാട് എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ അധിക്ഷേപിച്ച കോൺഗ്രസ് വനിതാ നേതാവിനെതിരെ അതിജീവിത പരാതി നൽകിയിട്ടുണ്ട്.
പരാതിക്കാരിയെ അപമാനിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും വീഡിയോ പങ്കുവച്ച കോൺഗ്രസ് നേതാവ് ശ്രിനാദേവി കുഞ്ഞമ്മയ്ക്കെതിരെയാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ കോടതി റിമാൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി അന്വേഷണ സംഘം. പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന പരിശോധനയിലാണ് ഫോൺ കണ്ടെത്തിയിരിക്കുന്നത്.
ഇന്ന് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്ന് ദിവസത്തേക്കാണ് കോടതി എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.
ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ മാങ്കൂട്ടത്തിൽ തയാറായിട്ടില്ല. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് എത്തിക്കുകയുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.
പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റ് വാങ്ങാൻ സമീപിച്ച ബിൽഡറുടെ മൊഴി രേഖപ്പെടുത്തും. നിലവിൽ എആര്‍ ക്യാമ്പിലേക്കാണ് രാഹുലിനെ എത്തിച്ചിരിക്കുന്നത്. പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് എസ്ഐടി അറിയിച്ചു.
അതേസമയം, രാഹുലിനെ കോടതിയിൽ എത്തിച്ചപ്പോൾ പുറത്ത് പ്രതിഷേധവുമായി ഡിവൈഎഫ്ഐ-യുവമോർച്ച പ്രവർത്തകർ സംഘടിച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് എത്തിച്ച തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിലും പ്രതിഷേധക്കാർ എത്തിയിരുന്നു.
Kerala
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സ്വയം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. എംഎൽഎ സ്ഥാനം ജനങ്ങൾ നൽകിയ ഒരു തീരുമാനമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ അദ്ദേഹം സ്വയം മനസിലാക്കി രാജിവയ്ക്കുന്നതായിരിക്കും നല്ലത്. കോൺഗ്രസ് ടിക്കറ്റിലാണ് രാഹുൽ വിജയിച്ചത്. എംഎൽഎ സ്ഥാനം ഇനി അദ്ദേഹം കൈയിൽവച്ചതുകൊണ്ട് ഒരു കാര്യവുമില്ലെന്നും അടൂർ പ്രകാശ് എംപി കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനും രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിന്നുയുവോ അത്രയും നല്ലതെന്നും പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയെന്നും സുധീരൻ പറഞ്ഞു.
ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജിവയ്ക്കുന്നതാണ് നല്ലതെന്നും, ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബലാത്സംഗ കേസിൽ അറസ്റ്റിലായ സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഗാതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ. കോൺഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും. രാഹുലിനെ ജയിലിൽ നിന്ന് എങ്ങനെയെങ്കിലും ഇറക്കികൊണ്ടുപോകാനാണ് പലരുടെയും ആഗ്രഹം. അധപതനം എന്നല്ലാതെ എന്ത് പറയാനാണെന്നും ഗണേഷ്കുമാർ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ തങ്ങൾ പുറത്താക്കിയെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും ഗണേഷ്കുമാർ വ്യക്തമാക്കി. പാർട്ടിയുടെ പേരിൽ ലഭിച്ച എംഎൽഎ പദവി രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എന്നാൽ എംഎൽഎ പദവി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ ഒരു കോൺഗ്രസ് നേതാവിനും ധൈര്യമില്ല. എന്തോ ഒരു കാര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടാൻ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നുവെന്നും കെ.ബി.ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.
Editorial
എല്ലാംകൊണ്ടും തികഞ്ഞവരെ മാത്രം ഉൾപ്പെടുത്തി രാഷ്ട്രീയമടക്കം ഒരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല. പക്ഷേ, നേതൃസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെയെങ്കിലും കുറ്റകൃത്യ പശ്ചാത്തലങ്ങൾ അന്വേഷിക്കണം; പ്രത്യേകിച്ച് സ്ത്രീവിഷയങ്ങളിൽ.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നത് മറ്റു രാഷ്ട്രീയപാർട്ടികൾക്കും മാതൃകയാണ്. പക്ഷേ, ഇപ്പോൾ ആരോപിക്കപ്പെടുന്ന സ്വഭാവദൂഷ്യങ്ങൾ, അദ്ദേഹം ഉന്നതസ്ഥാനങ്ങളിലെത്തുവോളം മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആരും അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യമുണ്ട്.
അതായത്, കുറ്റവാളികളെ സംരക്ഷിക്കില്ല എന്ന നീതീകരണ രാഷ്ട്രീയത്തിൽനിന്ന്, അറിഞ്ഞുകൊണ്ട് കുറ്റവാളികളെ വളർത്തില്ല എന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് പാർട്ടികൾ വളരേണ്ടിയിരിക്കുന്നു. ഈ നിലപാട് മത-സമുദായ-സാംസ്കാരിക സംഘടനകൾക്കുൾപ്പെടെ ബൃഹത്തായ സംവിധാനങ്ങൾക്കൊക്കെ ബാധകമാണ്.
കോടതി വിധിക്കുവോളം രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നതാണ് യാഥാർഥ്യം. പക്ഷേ, അന്തിമവിധി വരുന്നതിനു മുന്‍പ് അതു സൃഷ്ടിക്കുന്ന രാഷ്ട്രീയ വേലിയേറ്റങ്ങളിലൂടെ, ഈ സംസ്ഥാനം ചർച്ച ചെയ്യേണ്ട ഗൗരവമുള്ള പല വിഷയങ്ങളെയും കടലെടുക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകാലത്ത്.
മാത്രമല്ല, അഴിമതിക്കാരും സ്ത്രീപീഡകരും അഹങ്കാരികളും ഏകാധിപതികളുമൊക്കെ രാഷ്ട്രീയ പാർട്ടികളുടെ താക്കോൽസ്ഥാനങ്ങൾ കൈവശപ്പെടുത്തി ജനാധിപത്യത്തെ മലിനപ്പെടുത്തുന്നതും കാണാതെ പോകരുത്. അവരിൽ പലരെയും വിമർശിക്കാനോ തിരുത്താനോ പോലും സാധ്യമല്ലാതായി.
രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുമൊന്നും പ്രാദേശികതലം മുതൽ നേതൃസ്ഥാനത്തുള്ളവരുടെ സ്വഭാവ ഓഡിറ്റ് നടത്തുന്ന ഫലപ്രദമായ സംവിധാനങ്ങളൊന്നുമില്ല. മൂല്യബോധമുള്ള വ്യക്തികൾ അടങ്ങുന്ന പക്ഷപാതരഹിതമായ അത്തരമൊരു സംവിധാനം അനിവാര്യമായിരിക്കുന്നു.
ഒരുപറ്റം കുറ്റവാളികളുടെയോ ചിലപ്പോൾ കുറ്റാരോപിതരുടെയോ പേരിൽ സത്യസന്ധരായ രാഷ്ട്രീയക്കാരും നേതാക്കളും തലകുനിച്ചു നിൽക്കേണ്ട സ്ഥിതിയുണ്ടാകരുത്. കേരളത്തിൽ ആദ്യമായിട്ടല്ല രാഷ്ട്രീയ നേതാക്കളുടെ സ്ത്രീപീഡനക്കേസുകൾ ഉണ്ടാകുന്നത്.
അത്തരം കേസുകളിൽ കുടുങ്ങിയവരെ സംരക്ഷിച്ചവർ ഇന്നിപ്പോൾ ധാർമികതയുടെ കൊടിയേന്തി മുന്നോട്ടു വരുന്ന കാഴ്ച അത്യന്തം ജുഗുപ്സാവഹമാണ്. പക്ഷേ, കപടരാഷ്ട്രീയത്തിന് ലജ്ജയില്ല. 2025 സെപ്റ്റംബറിൽ പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച്, ഇന്ത്യയിലെ 31 ശതമാനം എംപിമാരും 29 ശതമാനം എംഎൽഎമാരും ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനു കേസുള്ളവരാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള കണക്കാണിത്. 2009ലെ കണക്കുകളനുസരിച്ച് ക്രിമിനൽ കേസുകളിൽപ്പെട്ട എംപിമാരുടെ ശതമാനം 14 ആയിരുന്നു. 2024ൽ ഇത് ഇരട്ടിക്കു മുകളിലായി. വിവിധ സംസ്ഥാനങ്ങളിലെ 1200 എംഎൽഎമാരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
ബിജെപിയുടെ 63ഉം കോൺഗ്രസിന്റെ 32ഉം എംപിമാർ ക്രിമിനൽ കേസിൽ പ്രതികളായിരുന്നു. കോൺഗ്രസിന്റെ എണ്ണം കുറഞ്ഞത് എംപിമാരുടെ എണ്ണം കുറവായതുകൊണ്ടാണ്. ആർജെഡിക്ക് അന്നുണ്ടായിരുന്ന നാല് എംപിമാരും ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു.
അഴിമതിയുടെയും മറ്റു സാന്പത്തിക കുറ്റകൃത്യങ്ങളുടെയും കേസുകളെടുത്താൽ കൃത്യമായൊരു കണക്ക് സാധ്യമല്ല. ഭരണകക്ഷിയിൽ പെട്ടവർക്കോ ഘടകകക്ഷികളിൽ പെട്ടവർക്കോ എതിരേ അന്വേഷണ ഏജൻസികൾ കേസെടുക്കാറില്ലെന്ന റിപ്പോർട്ടുകൾ ഇതോടു ചേർത്തു വായിക്കുക.
എങ്ങനെയാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ കുറ്റവാളികൾ എംഎൽഎമാരും എംപിമാരും ആകുന്നത്. പാർട്ടി സ്ഥാനാർഥിയാക്കിയതുകൊണ്ട് എന്ന് ഒറ്റവാക്കിൽ പറയാം. രാഷ്ട്രീയ തിരിച്ചടികൾ ഉറപ്പാകുന്പോഴല്ലാതെ ഒരു പാർട്ടിയും ഇത്തരക്കാരെ തള്ളിപ്പറയുന്നില്ല.
രാഹുലിന്റെ ചോരയ്ക്കു മുറവിളി കൂട്ടുന്നവരുടെ എളിയിലുള്ളത് ആരൊക്കെയാണെന്ന് പാർട്ടി അടിമകളല്ലാത്തവർക്കു കാണാവുന്നതേയുള്ളൂ. വിദ്യാർഥിരാഷ്ട്രീയം മുതലേ അക്രമത്തിലും സ്ത്രീപീഡനത്തിലും മാർക്ക് തട്ടിപ്പിലുമൊക്കെ ഉൾപ്പെടുന്നവരുണ്ട്.
എതിരാളികളെ നേരിടാനും ഗുണ്ടായിസത്തിനുമൊക്കെയായി പാർട്ടികൾ അവരെ വളർത്തിയെടുക്കുന്നു. സ്വന്തം പണവും സമയവും അധ്വാനവും രാഷ്ട്രീയത്തിനുവേണ്ടി സമർപ്പിച്ചവരേക്കാൾ, ഇത്തരക്കാർ മുൻനിരയിലെത്തുന്നു.
ഇവരാണ് രാഷ്ട്രീയത്തെ പുതിയ തലമുറയിൽനിന്ന് അകറ്റിയത്. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ രാഷ്ട്രീയ മൂല്യങ്ങളെ വീണ്ടെടുക്കണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ ചെറുതും വലുതുമായ എല്ലാ പാർട്ടികളും ഇക്കാര്യത്തിനു പ്രാധാന്യം നൽകണം.
അവകാശവാദങ്ങളും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായുള്ള താരതമ്യങ്ങളും ഒഴിവാക്കിയാൽ, കേരളം വിദ്യാഭ്യാസ-ആരോഗ്യ-കാർഷിക രംഗങ്ങളിലൊന്നും സുസ്ഥിര വികസനം കൈവരിക്കുന്നില്ല. കേന്ദ്ര അവഗണനയും സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും സാന്പത്തികനിലയും വികസനവും പരുങ്ങലിലാക്കി.
വന്യജീവി-തെരുവുനായ ആക്രമണങ്ങൾ ഓരോ ദിവസവും മനുഷ്യരുടെ ചോര വീഴ്ത്തുകയാണ്. ഭർതൃമതികളായ സ്ത്രീകൾ ഉൾപ്പെടെയാണ് രാഹുലിനെതിരേ ബലാത്സംഗം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്.
രജിസ്റ്റർ ചെയ്ത പീഡനക്കേസുകൾ കോടതികൾക്കു വിട്ടുകൊടുത്ത് നമുക്ക് കേരളത്തെക്കുറിച്ചു സംസാരിക്കാം. അഴിമതിയുടെയും അക്രമത്തിന്റെയും സുഖലോലുപതയുടെയും നേതൃത്വങ്ങളിൽനിന്നു രാഷ്ട്രീയത്തെ മോചിപ്പിക്കുക എളുപ്പമല്ല; പക്ഷേ, രാജ്യത്തെ കീഴടക്കിയ വെള്ളക്കാരെ നാടുകടത്തിയവരുടെ പിന്മുറക്കാർക്ക് രാഷ്ട്രീയത്തെ നശിപ്പിച്ച ‘വെള്ളാന’കളെയും തുരത്താനാകും.
Kerala
കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയെന്നും സുധീരൻ പറഞ്ഞു.
എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിന്നുയുവോ അത്രയും നല്ലതെന്നും വി.എം. സുധീരന് വ്യക്തമാക്കി. ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജിവയ്ക്കുന്നതാണ് നല്ലതെന്നും, ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുതെന്നും അദേഹം അഭിപ്രായപ്പെട്ടു.
ലൈംഗിക കുറ്റകൃത്യം ഒരിക്കലും ഭൂഷണമല്ല. കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെയെന്നും വി.എം.സുധീരൻ കൂട്ടിച്ചേർത്തു. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുലിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
Kerala
പാലക്കാട്: ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. രാഹുൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലെന്നും നിയമ നടപടിക്ക് പാർട്ടി എതിരല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുലിനെതിരായ നിയമ നടപടിയിൽ പാർട്ടി നേതൃത്വമോ, പാർട്ടി പ്രവർത്തകരോ എതിരല്ല. കോൺഗ്രസ് ഒരു ഘട്ടത്തിലും നിയമ നടപടിയ്ക്ക് തടസം നിന്നിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറമ്പിൽ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതികരിച്ചിട്ടുണ്ട്. രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ അംഗമല്ല. പരാതി ലഭിച്ചപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തിരുന്നതായും എംപി വ്യക്തമാക്കി.
ലഭിച്ച പരാതി പാർട്ടി തന്നെ പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പാർട്ടി തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. കോൺഗ്രസ് മറ്റേത് പാർട്ടിയേക്കാളും കൃത്യമായ നിലപാട് വിഷയത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഷാഫി അറിയിച്ചു.
വടകരയിലെ ഫ്ലാറ്റിനെ കുറിച്ചുള്ള പരാമർശത്തിലും ഷാഫി പറമ്പിൽ നിലപാട് അറിയിച്ചു. ഫ്ലാറ്റിനെ കുറിച്ചുള്ള പരാമർശത്തിൽ താൻ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും തന്റെ പേര് എവിടെയെങ്കിലും പരാമർശിക്കപ്പെട്ടിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു.
ഇത്തരം വിഷയങ്ങളിൽ തങ്ങളെ ഉപദേശിക്കുന്നവർ മനസിലാക്കേണ്ടത് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ബന്ധമുള്ളവർ അവരുടെ പാർട്ടിയിലും ജയിലിലും തുടരുകയാണെന്നും ഷാഫി പറമ്പിൽ എംപി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസും അറസ്റ്റും പോലീസ് നടപ്പാക്കിയത് നിയമവിരുദ്ധമായെന്നു നിയമവൃത്തങ്ങൾ. രാഹുലിനെതിരെ വിദേശത്തു താമസിക്കുന്ന അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ) യിലെ 173 (3) വകുപ്പിന്റെ ലംഘനമാണെന്നാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകരും സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദോഗസ്ഥരും പറയുന്നത്.
തിരക്കിട്ട് അറസ്റ്റ്
ഇ-മെയിലിൽ ലഭിക്കുന്ന ബലാൽസംഗ പരാതിയിൽ മൂന്നു ദിവസത്തിനുള്ളിൽ പരാതിക്കാരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി വാങ്ങി ഒപ്പിട്ട ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ബിഎൻഎസ് 173 (3) വകുപ്പിൽ പ്രതിപാദിക്കുന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഇത്തരം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ക്രിമിനൽ അഭിഭാഷകനായ ഡോ. ക്ലാരൻസ് മിരാന്റെ അഭിപ്രായം.
അതിനാൽ രാഹുലിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണ്. പ്രതി ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുകയും നിയമവിരുദ്ധമായ നടപടി ക്രമങ്ങൾ ബോധിപ്പിക്കുകയും ചെയ്താൽ വിഷയം കോടതി പരിശോധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ദുർബലമാകാൻ സാധ്യത
രാഹുലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പരാതിക്കാരിയുടെ നേരിട്ടുള്ള മൊഴി വാങ്ങിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്.
കൂടാതെ പരാതിക്കാരിയുടെ മൊഴി പോലീസിനു പുറമെ വനിതാ ജഡ്ജി രേഖപ്പെടുത്തണം. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നതെന്നും സേനയിൽനിന്നു വിരമിച്ച മുതിർന്ന ഐപിഎസ് ഉദോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി കേസ് ദുർബലമാകാൻ മാത്രമേ ഉപകരിക്കുയുള്ളുവെന്നു മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനു മുന്‍പേ പ്രതിയെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ശനിയാഴ്ച രാത്രി 12.30ഓടെയാണ് എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നിലവിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യം ചെയ്യുന്നതായാണ് വിവരം. പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗവും ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.
പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രഹസ്യാത്മക നീക്കത്തിലൂടെ എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ അഭിഭാഷകനെ അറസ്റ്റ് നടപടിയെ കുറിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ രാഹുലിനെ ഹാജരാക്കുമെന്നാണ് വിവരം. പരാതിക്കാരി ഗർഭിണിയായപ്പോൾ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്.
വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ സോഷ്യൽ മീഡിയയിലൂടെ രാഹുൽ പരിചയപ്പെട്ടതായും തുടർന്ന് പ്രണയ ബന്ധം സ്ഥാപിച്ചെന്നും പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു. വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടിരുന്നതായും യുവതി മൊഴി നൽകി.
തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു.
റെസ്റ്റോറന്റിൽ കാണാമെന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകനായതിനാൽ പൊതുവിടത്തിൽ കാണാനാകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞതായും മൊഴിയിൽ പറയുന്നു.
റൂമിൽ എത്തിയതോടെ ഒരു വാക്ക് പോലും പറയുന്നതിന് മുൻപ് തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് മൊഴി നൽകി.
തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും യുവതിയുടെ മൊഴിയിൽ പറയുന്നു.
ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുലിൽ നിന്ന് അധിക്ഷേപം നേരിട്ടതായും ഇതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി പോയതെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു.
ഗർഭം അലസിയതോടെ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തുവെന്നും ഇ-മെയിലിനും മറുപടി നൽകിയില്ലെന്നും ആരോപണമുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും അടുപ്പത്തിന് ശ്രമിച്ചതായും പരാതിക്കാരി അന്വേഷണസംഘത്തെ അറിയിച്ചു.
വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാമെന്ന് അറിയിച്ച് പാലക്കാട് ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും ഇതേ തുടർന്ന് പരാതിക്കാരിയ്ക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ കമ്പനിയെ സമീപിച്ചുവെന്നും യുവതി ആരോപിക്കുന്നു.
ഇതുകൂടാതെ പലപ്പോഴായി രാഹുൽ തന്നിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നു. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങി നൽകിയെന്നും പരാതിക്കാരി ആരോപിക്കുന്നു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട പോലീസ് എന്ന് റിപ്പോർട്ടുകൾ. രാത്രി 12.30ഓടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും ഉൾപ്പെടെ ആരോപിച്ച് ഒരു യുവതി നൽകിയ പരാതിയിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പരാതി ഇ-മെയിൽ വഴിയാണ് ലഭിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴിയെടുത്തതായും വിവരമുണ്ട്. രാഹുൽ ശനിയാഴ്ചയാണ് പാലക്കാടെത്തിയത്. എംഎൽഎ പാലക്കാട് എത്തിയതുമുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.
ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും വനിത പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടെയുള്ള എട്ടംഗ സംഘമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് വാഹനങ്ങളിലായാണ് പോലീസ് സംഘം ഹോട്ടലിലെത്തിയത്.
പാലക്കാട്ടെ ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം രാഹുൽ കെപിഎം ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിലെത്തിയ പോലീസ് സംഘം റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണ് രാഹുൽ താമസിച്ചിരുന്ന റൂമിലേക്ക് പോയത്.
ഈ സമയം പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാഹുലിനൊപ്പമുണ്ടായിരുന്നില്ല. ആദ്യം റൂമിൽ നിന്ന് പുറത്തിറങ്ങാൻ തയാറാകാതിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് പോലീസിന് വഴങ്ങുകയായിരുന്നു. അഭിഭാഷകനെ കാണാൻ സമയം അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പോലീസ് അതിന് സമ്മതിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത എംഎൽഎയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിലവിൽ സമാനമായ മൂന്ന് കേസുകളിൽ പ്രതിയാണ് രാഹുൽ.
ആദ്യ കേസിൽ ഹൈക്കോടതി എംഎൽഎയുടെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മണ്ഡലത്തിൽ വീണ്ടും സജീവമാകാനുള്ള മാങ്കൂട്ടത്തിലിന്റെ ശ്രമങ്ങൾക്കിടെയാണ് പുതിയ കേസിലെ പോലീസ് നടപടി.
Kerala
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ. നിലവിൽ എംഎൽഎയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് പുതിയൊരു കേസിലെന്നാണ് പുറത്തുവരുന്ന വിവരം. നഗരത്തിലെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
ഗർഭഛിദ്രവും ബലാത്സംഗവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇ മെയിൽ വഴി ലഭിച്ച പരാതിയിൽ അന്വേഷണസംഘം സ്ത്രീയുടെ മൊഴിയെടുത്തെന്നാണ് വിവരം. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രാഹുലിന്റെ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാതിരുന്ന സമയത്താണ് പോലീസെത്തി കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത എംഎൽഎയെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് പറഞ്ഞതെന്ന് രാഹുലിന്റെ പിഎ പറയുന്നത്.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെ ആലത്തൂർ സറ്റേഷനിൽ എത്തിച്ചിട്ടില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് എംഎൽഎ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു മാങ്കൂട്ടത്തിലിന്റെ താമസം.
Kerala
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് എംഎൽഎയുടെ വാദം. രാഹുലിന്റെ ജാമ്യഹർജി പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.
അതേസമയം മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തനിക്കെതിരെ കടുത്ത സൈബറാക്രമണം നടക്കുന്നതായും പരാതിക്കാരിയുടെ ഹർജിയിൽ പറയുന്നു.
കേസിൽ തനിക്ക് കൂടുതൽ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനുണ്ടെന്നും പരാതിക്കാരി അറിയിച്ചിട്ടുണ്ട്. ഇന്ന് കക്ഷി ചേരാനുള്ള ആവശ്യം കോടതി പരിഗണിച്ചാൽ അതിജീവിതക്ക് പറയാനുള്ള കാര്യം കോടതിയെ അറിയിക്കാൻ സാധിക്കും.
Kerala
കോട്ടയം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു പുറത്തേക്കു വരാൻ വഴി തെളിഞ്ഞപ്പോഴും രാഹുലിനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയ രാഹുൽ ഈശ്വർ അകത്തുതന്നെ.
ആദ്യത്തെ ബലാത്സംഗക്കേസിൽ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയും രണ്ടാം കേസിൽ മുൻകൂർ ജാമ്യം കിട്ടുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനു പുറത്തിറങ്ങാൻ സാധ്യത തെളിഞ്ഞത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കുന്നത്തൂർമേട്ടിലുള്ള ബൂത്തിൽ രാഹുൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡന ആരോപണം ഉയർന്നപ്പോൾതന്നെ ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇതിനായി നിരവധി വീഡിയോകളും ചെയ്തു. ഇതു കള്ളക്കേസ് ആണെന്ന വാദവും രാഹുൽ ഈശ്വർ ഉയർത്തിയിരുന്നു.
എന്നാൽ, ആരോപണമുന്നയിച്ച യുവതി മാങ്കൂട്ടത്തിലിനെതിരേ പീഡന കേസ് നൽകിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കു തിരഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിക്കുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരേയും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച് ഒടുവിൽ അറസ്റ്റ് ചെയ്തു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസ് അനീതി കാണിച്ചെന്നാരോപിച്ച് ജയിലിൽ നിരാഹാരം തുടങ്ങി. ഇതിനു കോടതിയുടെ കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ നിരാഹാരം നിർത്തി. നിരാഹാരം തുടങ്ങിയതിനു പിന്നാലെ രാഹുലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഇന്നു കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി രാഹുൽ പുറത്തിറങ്ങിയാലും പിന്തുണക്കാരൻ രാഹുൽ അകത്തു തന്നെ കിടക്കുമെന്നതാണ് സ്ഥിതി.
കേസിലെ തുടർ തെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച തന്നെ രാഹുൽ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് വിവരം.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകുന്നില്ലെന്നും മൊബൈൽ ഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിനു കസ്റ്റഡി അനിവാര്യമാണെന്നും പോലീസ് അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞെന്നും നാലു ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇതു തുടർന്നാൽ കിഡ്നിക്കു പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനു നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
Kerala
കൽപ്പറ്റ: സസ്പെൻഡ് ചെയ്ത് പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയ രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അതിനു മറുപടി പറയേണ്ടത് പാലക്കാട്ടെ പ്രാദേശിക നേതൃത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണം കൊണ്ട് മാത്രമാണ് ശബരിമലയിലെ സ്വർണപ്പാളി കേസിൽ ദേവസ്വം ബോർഡിലെ രണ്ട് മുൻ പ്രസിഡന്റുമാരും ചില ഉദ്യോഗസ്ഥരും അറസ്റ്റിലായതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംരക്ഷണമില്ലാതെ ശ്രീകോവിലിലെ സ്വർണം മോഷണം നടത്താൻ പറ്റുമോയെന്നതാണ് വിശ്വാസികളെ ഏറ്റവും വേദനിപ്പിക്കുന്നത്. ആ ചർച്ച തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മുണ്ടക്കൈ ചൂരൽമലയിൽ കോൺഗ്രസിന്റെ വീടുകളുടെ നിർമാണം ഉടൻ തുടങ്ങും. ഇപ്പോൾ സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് കേരളത്തിലെ എല്ലാവരുടെയും പണം കൊണ്ടാണെന്നും അത് സിപിഎമ്മിന്റേതു മാത്രമല്ലെന്നും വേണുഗോപാൽ പറഞ്ഞു.
Movies
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി നടന് രമേശ് പിഷാരടി. രാഹുൽ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നുവെന്നും ആരോപണങ്ങൾ തെളിയും വരെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും പിഷാരടി പറഞ്ഞു.
""രാഹുൽ ശ്രദ്ധ പുലർത്തണമായിരുന്നു. ഇവർ തമ്മിൽ എങ്ങനെയായിരുന്നുവെന്ന് നമുക്ക് അറിയില്ല. നമ്മൾ ഏകപക്ഷീയമായി മാത്രമല്ലേ കേട്ടിട്ടൊള്ളൂ. കുറച്ച് നേരം ദൈർഘ്യമുള്ളൊരു സംഭാഷണം കേട്ട് അതിനെക്കുറിച്ചൊരു അഭിപ്രായം പറയുക സാധ്യമല്ല. ആരോപണം പ്രത്യാരോപണം എന്നതിന് പകരം ഒരു തീരുമാനം ഉണ്ടാകണം. രാഷ്ട്രീയത്തിൽ വേട്ടയാടപ്പെടും.
പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും.വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്റെ വിഷയത്തിൽ ഒരു പരാതി പോലുമില്ല. ഷാഫിക്കെതിരെയുള്ള വിമർശനം സ്വാഭാവികമാണ്. രാഹുലിന്റെ സുഹൃത്തായതിനാൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകും.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായി''. പിഷാരടി പറഞ്ഞു.
Movies
യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്ന് നടി റിനി ആന്‍ ജോര്‍ജ്. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്.
സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്ന് റിനി വ്യക്തമാക്കി.
വെളിപ്പെടുത്തലിനു ശേഷം താന്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും മറ്റ് വഴിയില്ലെങ്കില്‍ പേരു വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരെ പുതുമുഖ നടി റിനി ആന്‍ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തിയത്. മൂന്നര വര്‍ഷം മുമ്പായിരുന്നു ആദ്യ അനുഭവം. നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു.
ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. ഹു കെയേഴ്സ് എന്നാണ് നേതാവിന്റെ മനോഭാവം. നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.
എന്നാല്‍ ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. എന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിനുശേഷം കുറച്ച് നാളത്തേക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു.
ഇയാളില്‍നിന്ന് പീഡനം നേരിട്ട പെണ്‍കുട്ടികളുണ്ട്. ഈ പെണ്‍കുട്ടികളെ തനിക്കറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. പാര്‍ട്ടി അയാളെ സംരക്ഷിക്കുകയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു.