നിതീഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രം 'രാമായണ' ബോക്സോഫീസിൽ ജൈത്രയാത്ര തുടരുന്നു. ഒരാഴ്ചകൊണ്ട് ചിത്രം ഇന്ത്യയിൽനിന്ന് 500 കോടിയിലേറെ നെറ്റ് കളക്ഷൻ നേടി. ആഗോളകളക്ഷൻ 1000 കോടിയിലേക്കെത്തുകയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ ആഴ്ച പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽനിന്നു മാത്രം 511.10 കോടി രൂപ നെറ്റ് കളക്ഷൻ (ഏകദേശം 611.05 കോടി ഗ്രോസ്) സ്വന്തമാക്കിയിട്ടുണ്ട്. നവംബർ അഞ്ചിനു റിലീസ് ചെയ്ത ചിത്രത്തിന് ദീപാവലി അവധിദിനങ്ങളാണു വലിയ പിന്തുണയായത്. ഹിന്ദി പതിപ്പാണ് കളക്ഷനിൽ മുന്നിൽ നിൽക്കുന്നതെങ്കിലും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകൾക്കും മികച്ച കളക്ഷനാണു ലഭിക്കുന്നത്.
രൺബീർ കപുർ ശ്രീരാമനായും സായ് പല്ലവി സീതാദേവിയായും വേഷമിടുന്ന ചിത്രത്തിൽ കന്നഡതാരം യാഷ് രാവണനായും എത്തുന്നു. കൂടാതെ രവി ദുബെ (ലക്ഷ്മണൻ), സണ്ണി ഡിയോൾ (ഹനുമാൻ) തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
നമിത് മൽഹോത്ര നിർമിക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. രണ്ടാം ഭാഗം 2028-ൽ റിലീസ് ചെയ്യും.