ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരങ്ങളുടെ ഇടിവെട്ടിടി... ബോക്സിംഗ് റിംഗില്‍ ഇന്ത്യക്കു മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭമായി.
ഗ്ലാസ്ഗോ ഗെയിംസിന്റെ ബോക്സിംഗില്‍ ഏഴ് സ്വര്‍ണം, മൂന്നു വെള്ളി എന്നിങ്ങനെ 10 മെഡല്‍ ഇന്ത്യ സ്വന്തമാക്കി. ബോക്സിംഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍, റിംഗിലെ മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഒരു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇത്രയും സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്നത്. ഒരു എഡിഷനില്‍ ബോക്സിംഗ് റിംഗില്‍നിന്ന് മെഡല്‍ നേട്ടം രണ്ടക്കത്തില്‍ എത്തുന്നതും ഇതാദ്യം.
നമ്പര്‍ വണ്‍ ഇന്ത്യ
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ബോക്സിംഗ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പുരുഷ-വനിതാ വിഭാഗങ്ങളിലായി 14 സ്വര്‍ണ പോരാട്ടങ്ങളാണ് ഇടിക്കൂട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് എണ്ണത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം സ്വന്തമാക്കി. മൂന്ന് എണ്ണത്തില്‍ വെള്ളിയും. ആകെയുള്ള 14 ബോക്സിംഗ് ഫൈനലുകളില്‍ പത്തിലും ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.
നാല് സ്വര്‍ണം, മൂന്നു വീതം വെള്ളി, വെങ്കലം എന്നിങ്ങനെ പത്ത് മെഡല്‍ സ്വന്തമാക്കിയ ഇംഗ്ലണ്ടാണ് ബോക്സിംഗ് മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
ലേഡീസ് സ്റ്റൂപ്പര്‍ സ്റ്റാര്‍സ്
ഇന്ത്യക്കു ബോക്സിംഗ് റിംഗില്നിന്നു ലഭിച്ച ഏഴ് സ്വര്‍ണത്തില്‍ അഞ്ചും വനിതകളാണ് സംഭാവന ചെയ്തത്. മൂന്നു വെള്ളിയില്‍ ഒരെണ്ണവും വനിതാ വിഭാഗത്തില്‍നിന്നാണ്. ചുരുക്കത്തില്‍, പത്തില്‍ ആറ് മെഡലും വനിതാ കരുത്തിലാണ് ഇന്ത്യക്കു ലഭിച്ചത്.
വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പന്‍വാര്‍ സ്വര്‍ണം ഇടിച്ചിട്ടതോടെയാണ് ബോക്സിംഗ് റിംഗിലെ ഇന്ത്യന്‍ ഗോള്‍ഡന്‍ പഞ്ചിനു തുടക്കമായത്. പിന്നാലെ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ജെയ്സ്മിന്‍ ലാംബോറിയ, 51 കിലോഗ്രാമില്‍ സാക്ഷി ചൗധരി, 60 കിലോഗ്രാമില്‍ പ്രിയ ഘംഗാസ്, 70 കിലോഗ്രാമില്‍ അരുന്ധതി ചൗധരി എന്നിവരും സ്വര്‍ണം ഇടിച്ചുനേടി.
പുരുഷന്മാരുടെ 60 കിലോഗ്രാം ബോക്സിംഗില്‍ സച്ചിന് സിവാച്ചും 80 കിലോഗ്രാം വിഭാഗത്തില്‍ അങ്കുഷ് പംഗലും സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞു. നമീബിയയുടെ ട്രൈഅഗെയ്ന് എന്‍ഡെവെലോയെ സ്പ്ലിറ്റ് ഡിസിഷനില്‍ 3-2നു കീഴടക്കിയായിരുന്നു സച്ചിന്റെ സ്വര്‍ണം. ഇംഗ്ലണ്ടിന്റെ ഡിമെജി ഷിട്ടുവിനെ തകര്‍ത്താണ് (4-1) അങ്കുഷ് പംഗല്‍ സ്വര്‍ണമണിഞ്ഞത്.
മൂന്നു വെള്ളി
ലോക, ഏഷ്യന്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ ലവ്ലിന ബോര്ഗോഹെയ്ന് വെള്ളിയില്‍ ഒതുങ്ങി. വനിതകളുടെ 75 കിലോഗ്രാം ഫൈനലില്‍ ഓസ്ട്രേലിയയുടെ എമ്മ ഗ്രീന്‍ട്രീയോട് 4-1നായിരുന്നു ലവ്ലിനയുടെ തോല്‍വി.
പുരുഷ വിഭാഗം 55 കിലോഗ്രാം പോരാട്ടത്തില്‍ ഓസ്ട്രേലിയയുടെ ജയ് ഡിക്സണിനോട് പരാജയപ്പെട്ട് ഇന്ത്യയുടെ ജാദുമാനി സിംഗും വെള്ളിയില്‍ ഒതുങ്ങി. പുരുഷ 90+ കിലോഗ്രാം വിഭാഗത്തില്‍ നരേന്ദര്‍ ബെര്‍വാളും ഫൈനലില്‍ പരാജയപ്പെട്ട് വെള്ളി നേടി. ഇംഗ്ലണ്ടിന്റെ ഡമാര്‍ തോമസിനോടായിരുന്നു നരേന്ദര്‍ തോല്‍വി വഴങ്ങിയത്.
ഇന്ത്യ നാലാമത്
23-ാം കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു. അവസാനദിനത്തെ പോരാട്ടങ്ങളിൽ ഇന്ത്യക്കു മെഡൽ നേടാൻ സാധിച്ചില്ല. 13 സ്വർണം, 17 വെള്ളി, ഒന്‍പത് വെങ്കലം എന്നിങ്ങനെ 39 മെഡലുമായി നാലാം സ്ഥാനത്തോടെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. ഓസ്ട്രേലിയയാണ് ഒന്നാമത്. ഇംഗ്ലണ്ട്, കാനഡ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.