""കേട്ടോ വിശേഷം? മിസിസ് ഡാൻവേഴ്സ് അവിടെനിന്നുപോയി. ആളെ കാണാനില്ല.''
""കാണാനില്ലെന്നോ?''
""അവിടെ ആരോടും പറഞ്ഞില്ലത്രേ. അവർ ദിവസംമുഴുവൻ അവരുടെ മുറി കാലിയാക്കുകയായിരുന്നു. പെട്ടികളും ബാഗുകളും എല്ലാം പാക്ക് ചെയ്തു. നാലു മണിയായപ്പോൾ അതെല്ലാം കൊണ്ടുപോകാൻ ഒരാളു വന്നു. ഫ്രിത്ത് ഈ വിവരം ഫോണിലൂടെ ഫ്രാങ്കിനെ വിളിച്ചു പറഞ്ഞു.
ഫ്രാങ്ക് ഇതു കേട്ടിട്ട് ഫ്രിത്തിനോടു പറഞ്ഞു, മിസിസ് ഡാൻവേഴ്സിനോട് തന്റെ ഓഫീസിലേക്കു ചെല്ലുവാൻ. ഫ്രാങ്ക് കുറേനേരം കാത്തിരുന്നു. അവർ അങ്ങോട്ടു പോയില്ലത്രേ. പിന്നെ ഫ്രിത്ത് ചെന്നുനോക്കിയപ്പോൾ അവരുടെ മുറിയും കിടപ്പുമുറിയും കാലിയായി കിടക്കുന്നു.
ഇതു വളരെ നന്നായി എന്നാണ് എനിക്കു തോന്നുന്നത്. നമ്മുടെ വലിയൊരു ശല്യവും ഉപദ്രവവും തീർന്നുകിട്ടി.''
""തെറ്റാണ് അവർ ചെയ്തത്. വളരെ തെറ്റാണ്.''
""അവർക്കിനി നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല. അവർ പോയെങ്കിൽ നമ്മുടെ ഒരു തൊല്ല ഒഴിഞ്ഞുകിട്ടിയെന്നേ ഞാൻ വിചാരിക്കൂ. ഡോക്ടർ ബേക്കർ പറഞ്ഞ കാര്യങ്ങളെല്ലാം ഫാവെൽ ഫോണിലൂടെ അവരെ അറിയിച്ചിട്ടുണ്ടാവും.
ഇന്നലെ രാത്രി കേണൽ ജൂലിയനോട് സംസാരിച്ചപ്പോൾ അവരുടെ സ്വരവും ഭാവവും ശ്രദ്ധിച്ചില്ലേ? ഇന്നല്ലെങ്കിൽ നാളെ അവരെ നമുക്ക് ഒഴിവാക്കേണ്ടിവന്നേനെ. അതിനിടവരാതെ സ്വയം ഒഴിഞ്ഞുപോയല്ലോ. നമ്മുടെ ഭാഗ്യം.''
(മാക്സിം ചിന്താമൂകനായി നിൽക്കുകയാണ്).
""എന്താ മാക്സിം ചിന്തിക്കുന്നത്? ഒന്നും ചിന്തിക്കാനില്ല. ഇന്നലെ രാത്രി കേണൽ മടങ്ങിപ്പോകാൻനേരത്ത് എന്റെ അടുത്തുവന്നിട്ടു പറഞ്ഞത് നിങ്ങൾ അനുഭവിക്കുന്ന മനോവിഷമം ഞാൻ മനസിലാക്കുന്നുണ്ട്. സാരമില്ല എല്ലാം നന്മയ്ക്കാവും എന്നാണ്.
അതുപോലെതന്നെ സംഭവിച്ചില്ലേ? എത്രമാത്രം ഭയന്നിട്ടാണ് നമ്മൾ ഡോക്ടർ ബേക്കറുടെ അടുത്തുപോയത്. അതിരറ്റ സന്തോഷത്തോടെയല്ലേ മടങ്ങിയത്? ഇങ്ങനെയൊക്കെ സംഭവിച്ചതിൽ മുട്ടുകുത്തി ദൈവത്തിനു നന്ദിപറയുകയാണ് വേണ്ടത്.''
""ശരിയാണ്... നീ പറഞ്ഞതു ശരിയാണ്. എല്ലാംകൊണ്ടും നമ്മൾ അനുഗൃഹീതരാണെന്നു തോന്നുന്നു.''
""തോന്നുന്നു എന്നല്ല. ആണ്. മാക്സിം ഒരിക്കലും ശങ്കിക്കരുത്. ദുർബലനാവരുത്. എല്ലാത്തിനും ഒപ്പം ഞാനുണ്ട്.''
നിമിഷനേരത്തേക്കു ആലോചനാമഗ്നനായി നിന്നിട്ടു മാക്സിം പറഞ്ഞു: ""ഞാനിപ്പോൾ ചിന്തിക്കുന്നത് അതല്ല. ഗർഭപാത്രത്തിൽ കാൻസർ! മാരകമായ ഈ രോഗം അവൾ മൂടിവച്ചു. മരണം തൊട്ടരികിലെത്തിയെന്ന് അവൾ അറിഞ്ഞു. ഇതു മുന്പേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഞാനവളെ കൊല്ലില്ലായിരുന്നു.
ആഴ്ചകൾക്കകം സ്വാഭാവികമായി മരിക്കുമായിരുന്നു. എല്ലാം ദൈവനിശ്ചയം! അവളുടെ വിധി! അന്നത്തെ രംഗം ഞാനിപ്പോൾ ഓർക്കുകയാണ്. നിന്നോടതു പറഞ്ഞു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതു പറഞ്ഞുകൊണ്ടിരിക്കുന്പോഴാണ് ക്യാപ്റ്റൻ സിറിൽ എന്നെ കാണാൻ വന്നത്.''
""ഉവ്വ്, ഞാനത് ഓർക്കുന്നുണ്ട്.''
""അന്നു രാത്രി ഞാൻ ഫ്രാങ്കിന്റെ വീട്ടിലാണ് ഡിന്നർ കഴിച്ചതെന്നു നിന്നോടു ഞാൻ പറഞ്ഞിട്ടുണ്ട്. അതിനു കാരണം ബിസിനസ് സംബന്ധമായി ഞങ്ങൾക്ക് ഒരുപാടു ജോലികൾ ചെയ്തുതീർക്കാനുണ്ടായിരുന്നു. ഡിന്നർ കഴിഞ്ഞ് ഞാൻ വേഗം വീട്ടിലേക്കു മടങ്ങിവന്നു. ഞാനെത്തിയത് മറ്റാരും അറിഞ്ഞില്ല. ഞാൻ നോക്കിയപ്പോൾ ഹാളിലെ ചെയറിൽ റെബേക്കയുടെ സ്കാർഫും ഗ്ലൗസും കിടക്കുന്നതുകണ്ടു.
എനിക്കു സംശയമായി. ഇതെങ്ങനെ!! ഇന്നലെ അവൾ ലണ്ടനിലേക്കു പോയതാണല്ലോ. നാലഞ്ചു ദിവസമെങ്കിലും കഴിയാതെ മടങ്ങാത്ത ആൾ ഇത്ര പെട്ടെന്നു മടങ്ങിയോ? ഇതിലെന്തോ നിഗൂഢതയുണ്ട്. ഞാൻ ഉടനെ മോണിംഗ് റൂമിൽ പോയിനോക്കി. അവിടെയില്ല. അവൾ കോട്ടേജിൽ പോയിട്ടുണ്ടാവുമെന്നു ഞാൻ ഉൗഹിച്ചു.
ഇതങ്ങനെ വെറുതെവിടാൻ പറ്റില്ല. ഞാൻ പലതവണ താക്കീതു കൊടുത്തിട്ടുള്ളതാണ്. ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം. റിവോൾവറുമെടുത്ത് ആരും കാണാതെ ആ ഇരുട്ടത്ത് ഗാർഡനിലേക്കു കടന്ന് വൃക്ഷക്കൂട്ടത്തിനിടയിലൂടെ നടന്ന് കോട്ടേജിലേക്കു പോയി. അവിടെ വെളിച്ചംകണ്ടു. രണ്ടുപേരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഞാൻ നേരേ കോട്ടേജിലേക്കു കയറിച്ചെന്നു.
നോക്കിയപ്പോൾ അവിടെ റെബേക്ക മാത്രം. അതെന്നെ ആശ്ചര്യപ്പെടുത്തി. അവൾ വിളറിയും ക്ഷീണിച്ചും മെലിഞ്ഞുമിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കങ്ങൾ, വാദപ്രതിവാദങ്ങൾ, ഒട്ടും പശ്ചാത്താപമില്ലാത്ത കുറ്റപ്പെടുത്തലുകൾ, തെല്ലും കൂസാതെയുള്ള ആ നില്പ്, എന്നെ ഒട്ടും വകവയ്ക്കാത്ത ധിക്കാരസ്വരം.. ഇതൊക്കെ പോരേ അത്... അത്... സംഭവിക്കാൻ?
ഞാൻ നിറയൊഴിച്ചു. അവൾ ഉടനെ വീണില്ല. ഒരു നിമിഷം എന്നെ നോക്കി. ആ മുഖത്ത് മങ്ങിയ പുഞ്ചിരി. വിടർന്നു വട്ടംപിടിച്ച കണ്ണുകളോടെ അവൾ വീണു.''
ഞങ്ങൾ നിമിഷങ്ങളോളം മിണ്ടാതെനിന്നു. മാക്സിം തുടർന്നു.
""ഞാനിപ്പോൾ ചിന്തിക്കയാണ്. ഒരുപക്ഷേ ഞാൻ അതു ചെയ്തുകാണാൻ അവൾ ഉള്ളാലെ ആഗ്രഹിച്ചുകാണും.''
തുടർന്ന് ഒരു നീണ്ട നെടുവീർപ്പ്. എല്ലാം ഓർക്കുന്പോൾ വല്ലാത്ത ഖേദം തോന്നുന്നു.
മാക്സിമിനെ ഒരുകൈകൊണ്ട് ചുറ്റിപ്പിടിച്ച്, ആശ്വാസവചനംപോലെ ഞാൻ പറഞ്ഞു: ""ഇനി ഇത്തരം ചിന്തകളൊന്നും വേണ്ട. കൂടെക്കൂടെ ഓർക്കുകയും വേണ്ട. കഴിഞ്ഞതെല്ലാം കഴിഞ്ഞുപോയി. എല്ലാം മനസിൽനിന്നു മായ്ച്ചുകളയൂ.
പകരം എന്നെ ഓർക്കൂ! മുന്പേ ഞാൻ പറഞ്ഞതുപോലെ മാക്സിം എന്റെയാണ്. എന്റെ മാത്രം സ്വന്തം. ഈ ലോകത്തിൽ മറ്റെന്തിനേക്കാളും കൂടുതലായി ഞാൻ മാക്സിമിനെ സ്നേഹിക്കുന്നു. നമ്മളെന്നും ഒന്നാണ്. നമുക്കിടയിൽ രഹസ്യങ്ങളില്ല. സംശയങ്ങളില്ല. കരിനിഴലുകളില്ല.''
""അതുകൊണ്ടാണ് ഞാൻ ഒരുദിവസം പറഞ്ഞത് എനിക്കിപ്പോഴാണ് ഒരു ഭാര്യയുണ്ടായത് എന്ന്.'' മാക്സിമിന്റെ മുഖത്ത് മധുരമായ മന്ദഹാസം വിരിഞ്ഞു.
""ഒന്നു മനസിലാക്കുക! ദൈവം കഴിഞ്ഞാൽ മാക്സിമാണ് എന്റെ നാഥൻ, എന്റെ ആശ്രയം, എന്റെ അഭിമാനം, എന്റെ ശക്തി. നമ്മൾ ഒന്നാണ്. ഇനിമുതൽ നമ്മൾക്ക് ഞാൻ.. ഞാൻ ഇല്ല. നമ്മൾ.. നമ്മൾ എന്നേ ഉള്ളൂ. നമ്മളൊന്നിച്ച് എന്തിനേയും നേരിടും. ഒരേ മനസോടെ, ഒരേ വികാരത്തോടെ.''
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും മാക്സിം ഹർഷപുളകിതനായി എന്നെ വട്ടംകെട്ടിപ്പിടിച്ച് അധരങ്ങളിലും കവിളുകളിലും ആവേശപൂർവം തെരുതെരെ ചുംബിച്ചു. നിമിഷങ്ങളോളം ഞങ്ങൾ ഒറ്റ ശരീരമായി നിന്നു.
പിടിയിൽനിന്നകന്നശേഷം ഉത്സാഹഭരിതയായി ഞാൻ പറഞ്ഞു: ""മാൻഡെർലിയുടെ നടത്തിപ്പിൽ ഞാനും പങ്കാളിയാകും. എനിക്ക് എല്ലാം അറിയണം, പഠിക്കണം, എന്നെ പഠിപ്പിക്കണം, വേണ്ടിവന്നാൽ തിരുത്തണം.''
""തിരുത്തേണ്ടിവരില്ല. നീ ബഹുമിടുക്കിയാണ്.'' മാക്സിം ഹൃദ്യമായി ചിരിച്ചു. എന്നെ ഇക്കിളികൂട്ടി ചിരിപ്പിച്ചു.
""ഞാൻ ഒരാഗ്രഹം പറയട്ടെ? മാൻഡെർലിയിൽ ഓടിക്കളിക്കാൻ നമ്മൾക്കു കുഞ്ഞുങ്ങളുണ്ടാവണം. അവരുടെ കളിയും ചിരിയും സ്നേഹവും പിണക്കവുംകണ്ട് നിർവൃതിയടയണം. അവരെയുംകൊണ്ട് നമുക്ക് അവിടെയെല്ലാം ചുറ്റിനടക്കണം.''
ചിരിച്ചുകൊണ്ട് മാക്സിം പറഞ്ഞു:
""ശരി, ചുറ്റിനടക്കാം. ഇപ്പോൾ തൽക്കാലം നിന്നെ ചുറ്റിപ്പിടിക്കട്ടെ. സമയം വളരെയായി. നമുക്കു കിടക്കാം.''
(നോവൽ അവസാനിച്ചു)