തിരുവനന്തപുരം: മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് 2025 മേയ് 18നും 31നുമിടയിൽ നഷ്ടപ്പെട്ട 14 തൊഴിൽദിവസങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 48,20,48,000 രൂപ അനുവദിക്കും.
പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകളായ കുമാരി അഖിലയ്ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മുന്നു ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ, ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും. പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് തുക അനുവദിക്കുക.
ഇടുക്കി കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരിച്ച തമിഴ്നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്കും സംരംഭകർക്കും മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാനും തീരുമാനിച്ചു.