പാലക്കാട്: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോണ്ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കെപിസിസി അന്വേഷണസമിതിയെ എംഎൽഎ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം. ഡൽഹിയിലായതിനാൽ അന്വേഷണസമിതിക്കു മുന്നിൽ നേരിട്ടു ഹാജരാകാൻ കഴിയില്ലെന്നാണു രമ്യ അറിയിച്ചിരുന്നത്.
എന്നാൽ ഞായറാഴ്ച വൈകുന്നേരം പാലക്കാട്ടെത്തിയ രമ്യ രാത്രി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇക്കാര്യം വിവാദമായത്. പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ കുഴൽമന്ദം ചിതലിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഡിസിസി അധ്യക്ഷന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു രമ്യ പാലക്കാട്ടെത്തിയത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് എംഎൽഎ എത്തിയത്. വൈകുന്നേരത്തോടെ പാലക്കാട്ടെത്തിയ രമ്യ രാത്രിയാണു കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നു രമ്യ ഹരിദാസ് പാലക്കാട്ട് മാധ്യമങ്ങളോടു പറഞ്ഞു. ചിറയിൻകീഴിലെ പ്രശ്നങ്ങൾ ഏതൊരു വീട്ടിലും പാർട്ടിയിലുമുള്ളതുപോലെയാണ്. പറഞ്ഞാൽ തീരുന്നതാണ്. ഡൽഹിയിലേക്കു പോകാൻ ടിക്കറ്റെടുത്തതാണ്. പക്ഷേ ശാരീരിക അവശതകൾ കാരണം പോകാൻ കഴിഞ്ഞില്ല.
പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണു പാലക്കാട്ട് എത്തിയത്. താൻ ഇന്നും നാളെയും മറ്റന്നാളും ചിറയിൻകീഴിൽതന്നെ ഉണ്ടാകും എന്നുപറഞ്ഞ് മാധ്യമങ്ങളുടെ തുടർചോദ്യങ്ങളിൽനിന്നു രമ്യ ഒഴിഞ്ഞുമാറി.