മഞ്ചേരി : അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികക്കും രക്ഷിക്കാനിറങ്ങി കുടുങ്ങിപ്പോയ മകനും മഞ്ചേരി അഗ്നിരക്ഷാ സേന രക്ഷകരായി. തൃക്കലങ്ങോട് എളങ്കൂർ തളപ്പാക്കുഴിയിലാണ് സംഭവം.
എണ്പതു വയസുകാരിയായ നറുക്കൻ വീട്ടിൽ ചെള്ളിച്ചി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. നാൽപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ പത്തടിയോളം വെള്ളവുമുണ്ട്. കിണറ്റിൽ വീണ മാതാവിനെ രക്ഷിക്കാനായി മകൻ കയർ ഉപയോഗിച്ച് കിണറ്റിലേക്കിറങ്ങി. എന്നാൽ കിണറ്റിലിറങ്ങിയ ഇയാൾക്കും തിരികെ കയറാനായില്ല. ഉടൻ ഓടിക്കൂടിയ നാട്ടുകാരും ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനെ വിവരമറിയിക്കുന്നത്. അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി.
സേനാംഗം കിണറ്റിലിറങ്ങി രണ്ട് പേരെയും നെറ്റിൽ കയറ്റി സഹപ്രവർത്തകരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. ഏറെ ദുർഘടമായ കിണറ്റിൽ അതിസാഹസികമായി ഇറങ്ങിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.വി. അനൂപിനെയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഗിരീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. രമേഷ്, എം.എം. മിഥുൻ, എം. സജീഷ്, പി.പി. അബ്ദുസമീം, ഹോം ഗാർഡുമാരായ പി. ഗണേഷ് കുമാർ, പി. സുരേഷ്, ജോജി ജേക്കബ് എന്നിവരെയും നാട്ടുകാർ അനുമോദിച്ചു.