National
ബംഗുളൂരു: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടലിന്റെ മതിൽ ഇടിച്ചു തകർത്തു. ബംഗുളൂരുവിലെ ഇന്ദിരാനഗറിലാണ് സംഭവം.
സംഭവത്തിൽ ഡെറിക് ടോണി(42) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്ദിരാനഗറിൽ വച്ച് ഡെറിക്കിന് കാർ ഇടത്തേക്ക് തിരിക്കാൻ കഴിയാതെ ഡിവൈഡറിലിടിക്കുകയും തുടർന്ന് ഒരു ഇരുചക്ര വാഹനത്തിലിടിക്കുകയും ചെയ്തു. ശേഷം സമീപത്തുള്ള ഹോട്ടലിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
ഈ സമയം ഹോട്ടലിന് മുന്നിൽ നിന്ന ഒരുകൂട്ടം ആളുകൾ ഞൊടിയിടയിൽ മാറിയതിനാൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.
അപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ ജാബിർ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
പരവൂർ: ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റെസ്റ്ററന്റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉൾപ്പെടുത്തിയുള്ള യൂണിഫോമുകൾ നൽകാൻ ഐആർസിടിസി തീരുമാനം. ദീർഘഭൂര ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷ്യവസ്തുക്കൾക്ക് അമിത നിരക്ക് ഈടാക്കുന്നെന്ന പരാതികൾക്കു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ ഈ നടപടി. ഇതിന്റെ പ്രാരംഭ നടപടികൾ കോർപറേഷൻ ആരംഭിച്ച് കഴിഞ്ഞു.
പുതിയ യൂണിഫോമുകളിലെ ക്യൂആർ കോഡുകളിൽ ഭക്ഷ്യവസ്തുക്കളുടെ മെനു, ഔദ്യോഗിക നിരക്കുകൾ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉണ്ടാകും. ക്രിസ്മസ്-പുതുവത്സര അവധിക്കാലം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും. വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം. മറ്റു ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നൽകുക.
യൂണിഫോമുകളിലെ ക്യൂആർ കോഡ് വഴി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും അവസരമുണ്ടാകും. അമിത നിരക്ക് ഈടാക്കുന്നതിനെ കുറിച്ചുള്ള പരാതികൾക്ക് പരിഹാരം കാണാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുമായി യൂണിഫോമിലെ ക്യൂആർ കോഡിനെ ബന്ധപ്പെടുത്തും. റെയിൽവേയിലെയും ട്രെയിനുകളിലെയും ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട് പ്രതിദിനം ശരാശരി ആയിരത്തോളം പരാതികളാണ് വിവിധ സോണുകളിൽ നിന്ന് ഐആർസിടിസിക്ക് ലഭിക്കുന്നത്.
കുപ്പിവെള്ളത്തിന്റെ നിരക്ക് സംബന്ധിച്ചും സ്വകാര്യ കരാറുകാർ ഏറ്റെടുത്ത് നടത്തുന്ന പാൻട്രി കാർ വഴി നൽകുന്ന ഭക്ഷണത്തിന്റെ അമിത നിരക്കു സംബന്ധിച്ചുമാണ് 35 മുതൽ 40 ശതമാനം വരെയും പരാതികൾ. ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ, ശുചിത്വക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ബാക്കിയുള്ളതിൽ ഭൂരിഭാഗവും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പരാതികൾ പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഐആർസിടിസിയുടെ പ്രതീക്ഷ.