അമേരിക്കക്കാരിയായ കാറ്റ് കമാലാനി എന്ന യുവതി തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തെ ഓർത്തെടുക്കുകയാണിപ്പോൾ.
പത്തു വർഷം മുമ്പ് ഗർഭിണിയായിരിക്കെ പുതിയ ജോലിയിൽ പ്രവേശിച്ച കാറ്റിന് സഹപ്രവർത്തകരിൽ നിന്നും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്.
പുതിയൊരു വ്യക്തി ലീഡർഷിപ്പ് സ്ഥാനത്തേക്ക് എത്തിയതിലുള്ള അമർഷം കാരണം ചുറ്റുമുള്ളവരിൽ നിന്നുണ്ടായ ശത്രുത അവളെ മാനസികമായി തളർത്തി. ആരും ഒപ്പമില്ലാതെ കാറിലിരുന്ന് ഉച്ചഭക്ഷണം കഴിക്കേണ്ടിവന്ന ആ ദിനങ്ങളെ അവൾ ഇന്നും വേദനയോടെയാണ് ഓർക്കുന്നത്.
എന്നാൽ, ആ ഒറ്റപ്പെടലിന്റെ നാളുകളിൽ ഇന്ത്യയിൽ നിന്നെത്തിയ സൂരജ് എന്ന ഇന്ത്യൻ യുവാവ് അവൾക്ക് വലിയൊരു ആശ്വാസമായി മാറി. സ്വന്തം ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും കാറ്റിന്റെ വിഷമങ്ങൾ മനസിലാക്കിയ സൂരജ്, മീറ്റിംഗുകളിൽ ഒപ്പം ഇരുന്നും സംസാരിച്ചും അവൾക്ക് മാനസിക പിന്തുണ നൽകി.
വൈകാതെ ആ സൗഹൃദം ഇരു കുടുംബങ്ങളുടെയും അടുപ്പമായി വളർന്നു. സൂരജിന്റെ ഭാര്യ കാറ്റിനായി ഇന്ത്യൻ ഭക്ഷണങ്ങൾ കൊടുത്തുവിട്ടപ്പോൾ, കാറ്റിന്റെ കുടുംബം ഹവായൻ വിഭവങ്ങൾ നൽകി അത് പരസ്പരം സ്നേഹം കൈമാറുന്ന ഒന്നാക്കി മാറ്റി.
കാലക്രമേണ വിസ കാലാവധി കഴിഞ്ഞതിനാൽ സൂരജിന് അമേരിക്ക വിട്ടുപോകേണ്ടി വന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും തനിക്ക് താങ്ങായ ആ മനുഷ്യന്റെ നന്മ കാറ്റ് മറന്നിരുന്നില്ല.
ഒടുവിൽ പത്തു വർഷങ്ങൾക്ക് ശേഷം ഒരു ജിമ്മിൽ വെച്ച് യാദൃശ്ചികമായി അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അന്ന് തനിക്ക് നൽകിയ ആശ്വാസവാക്കുകൾക്കും കരുതലിനും കാറ്റ് നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞു.
ഒരാളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ഒന്നും കാട്ടാതെ തന്നെ, ശ്രദ്ധയോടെയും കരുണയോടെയും ഒരാളെ ചേർത്തുപിടിക്കാൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ മനോഹരമായ പുനഃസമാഗമം. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ അനുഭവത്തെ ഹൃദ്യമായി ഏറ്റെടുത്തിരിക്കുന്നത്.