മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവും പാലാ എംഎൽഎയുമായ മാണി സി. കാപ്പനും തമ്മിൽ കൂടിക്കാഴ്ച നടത്തി.
മലപ്പുറം വേങ്ങര കാരാത്തോട്ടിലെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിൽ ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു കൂടിക്കാഴ്ച. കേരള കോണ്ഗ്രസ്-എം യുഡിഎഫിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ ആയിരുന്നു മാണി സി. കാപ്പന്റെ സന്ദർശനം.
പാലാ സീറ്റ് ആർക്കുവേണ്ടിയും വിട്ടുകൊടുക്കില്ലെന്ന നിലപാട് മാണി സി. കാപ്പൻ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. പാലായ്ക്കു പകരം മുസ്ലിം ലീഗിന്റെ തിരുവന്പാടി മാണി സി. കാപ്പനു കൈമാറാമെന്ന ഫോർമുലയിൽ മാണി സി. കാപ്പൻ വഴങ്ങിയില്ല.
മാണി സി. കാപ്പനുമായി അജൻഡ വച്ച് ഒന്നും ചർച്ചയായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹം വീട്ടിൽ വന്നിരുന്നു.
ഇതുവഴി പോകുന്പോൾ വരാറുണ്ട്. അതുപോലെയാണ് ഇപ്പോഴത്തെയും സന്ദർശനം. നേതാക്കൾ തമ്മിൽ കാണുന്പോൾ സ്വാഭാവികമായും രാഷ്ട്രീയം ചർച്ച ചെയ്യും. മറ്റു കാര്യങ്ങളെല്ലാം വെറും അഭ്യൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Tags : P.K. Kunjalikutty Many C. Kappan reunion