ന്യൂഡൽഹി: പ്രസവാവധിക്കുശേഷം ജോലിയിൽ തിരിച്ചെത്തുന്ന വനിതാ ജീവനക്കാരെ ഔദ്യോഗിക പദവിയിലോ ഉത്തരവാദിത്വങ്ങളിലോ കരിയർ വളർച്ചയിലോ തരംതാഴ്ത്താൻ സ്ഥാപനങ്ങൾക്ക് അവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി.
പ്രസവാവധി കഴിഞ്ഞെത്തിയ ചാർട്ടേഡ് അക്കൗണ്ടന്റ് രാഖി ബിഷ്ത് എന്ന വ്യക്തിയെ തരംതാഴ്ത്തിയ സ്വകാര്യ കമ്പനിയുടെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി നിർദേശം.
1961ലെ മാതൃത്വ ആനുകൂല്യ നിയമപ്രകാരം പ്രസവത്തിനുമുമ്പുണ്ടായിരുന്ന അതേ പദവിയും അധികാരങ്ങളും ചുമതലകളും ജോലിയിൽ തിരിച്ചെത്തുമ്പോൾ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. ഓർഗനൈസേഷണൽ മാറ്റങ്ങൾ മൂലം പഴയ തസ്തിക ലഭ്യമായില്ലെങ്കിൽ പോലും സമാനമായ ശമ്പളവും പദവിയും ചുമതലകളുമുള്ള തസ്തിക നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഹർജിക്കാരിയുടെ പഴയ തസ്തിക അവരുടെ അറിവില്ലാതെ നികത്തുകയും പ്രസവാവധിക്കുശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചപ്പോൾ മറ്റൊരു തസ്തിക നൽകിയതായും കോടതി കണ്ടെത്തി. ഇതേത്തുടർന്ന് ഹർജിക്കാരി സ്വയം രാജിവച്ച് മറ്റൊരു ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
വിഷയത്തിൽ തൊഴിൽദാതാവിന്റെ ഭാഗത്തുനിന്ന് പിഴവ് കണ്ടെത്തിയ കോടതി പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും 1.5 ലക്ഷം രൂപ കോടതിച്ചെലവും നൽകാൻ കമ്പനിയോട് ഉത്തരവിട്ടു.
കൂടാതെ, പ്രസവാനന്തര തൊഴിൽ അന്തരീക്ഷം, ക്രഷുകളുടെ പ്രവർത്തനം, പരാതിപരിഹാരം എന്നിവ ഉറപ്പാക്കുന്നതിന് ആറുമാസത്തിനകം വ്യക്തമായ ചട്ടങ്ങളോ പദ്ധതികളോ രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോടും നിർദേശിച്ചു.