കോട്ടയം ജില്ലയിലെ പാമ്പാടിയിൽനിന്നുയരുന്ന നിലവിളി കേരളമാകെ ഹൃദയങ്ങളെ മഥിച്ചുകൊണ്ട് നിശബ്ദമായി പടരുകയാണ്. നെഞ്ചിൽ വലിയൊരു ഭാരം എടുത്തുവച്ചതുപോലെ വിങ്ങൽ. റോഡപകടത്തിൽ പൊലിഞ്ഞ രണ്ടു ജീവനുകൾ, ആസ്ലി ആൻ തോമസും കൃപ മെറിൻ കുര്യനും നാടിന്റെ അടങ്ങാത്ത ദുഃഖമായി. വഴിയാത്രികരെ രക്ഷിക്കാൻ പെട്ടെന്നു നിർത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട സ്കൂട്ടർ എതിരേ വന്ന ബസിനടിയിലേക്കു വീണായിരുന്നു സഹപാഠികൾ കൂടിയായിരുന്ന അവരുടെ ദാരുണാന്ത്യം. കെകെ റോഡിൽ പാമ്പാടി പതിമൂന്നാം മൈലിലായിരുന്നു അപകടം.
ഈ കൂട്ടുകാരികൾ ഒരുമിച്ച് യാത്രകൾ ചെയ്തിരുന്നു. ഒരുമിച്ച് സംഗീതമാസ്വദിച്ചിരുന്നു. അഭിമാനത്തോടെ സൗഹൃദം നുകർന്നിരുന്നു. അദ്ഭുതാവേഗങ്ങളുടെ ചടുലസ്പന്ദനങ്ങൾ അനുഭവിച്ചിരുന്നു. എന്നാൽ, അവരുടെ തെറ്റുകൊണ്ടല്ലാതെ റോഡിൽ ഒരുങ്ങിയ ഒരു കരാളനിമിഷം എല്ലാം അവസാനിപ്പിച്ചിരിക്കുന്നു. അവരുടെ കുടുംബങ്ങളിൽ ആർത്തിരമ്പിയ കണ്ണീർമഴ സഹജീവികളായ മനുഷ്യർ ഏറ്റെടുത്തിരിക്കുന്നു. അപകടത്തിലേക്കു നയിച്ച സാഹചര്യം സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്കൂട്ടർ ഓടിച്ച പെൺകുട്ടിയുടെയോ ബസ് ഡ്രൈവറുടെയോ അശ്രദ്ധയോ കുറ്റമോ അല്ല കാരണം. റോഡിലെ വെള്ളവരയ്ക്കകത്തുനിന്ന് സംസാരിക്കുകയായിരുന്ന രണ്ടുപേരെ ഇടിക്കാതിരിക്കാൻ ഒരു വാഹനം പെട്ടെന്ന് നിർത്തുന്നു. അതോടെ പിന്നാലെ വന്ന സ്കൂട്ടർ വെട്ടിച്ചുമാറ്റാൻ ശ്രമിച്ചു. നിയന്ത്രണംവിട്ട് ബസിനടിയിലേക്കു വീഴുന്നു. ഒരു നിമിഷംകൊണ്ട് കുറേ മനുഷ്യരുടെ ജീവിതഗതി വഴിമാറിപ്പോയി.
ഈ അപകടത്തിൽ തെറ്റുകാരില്ലേ? റോഡിൽ അശ്രദ്ധമായി സംസാരിച്ചുനിന്ന രണ്ടുപേരെ ഈ സംഭവത്തിൽ കുറ്റപ്പെടുത്താം. എന്നാൽ, കേരളത്തിലുടനീളം ദിവസവും ഇത്തരം അനേകായിരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഏതൊക്കെയോ ഭാഗ്യംകൊണ്ടാണ് സംഭവിക്കാമായിരുന്ന ഒരുപാട് അപകടങ്ങൾ വഴിമാറി പോകുന്നത്. അപ്പോൾ നമ്മൾ പഠിച്ചുവച്ചിരിക്കുന്ന റോഡ് സംസ്കാരമല്ലേ പ്രതിക്കൂട്ടിൽ നിൽക്കുന്നത്? നിയമങ്ങളും സാമാന്യ മര്യാദകളും പാലിക്കാനുള്ള നമ്മുടെ വൈമുഖ്യമല്ലേ തലകുനിച്ചു നിൽക്കേണ്ടത്?
ഓരോ അപകടത്തിന്റെയും താത്കാലിക പ്രകമ്പനമൊടുങ്ങുമ്പോൾ നാം പഴയ ശൈലിതന്നെ തുടർന്ന് അടുത്ത അപകടത്തിനായി കാത്തിരിക്കും. റോഡിലൂടെ അലസമായി നടക്കും, സീബ്രാലൈനിലൂടെ മുറിച്ചുകടക്കുന്നവരെ പുച്ഛിച്ച് വണ്ടി ഇരപ്പിച്ചുവിടും, അനാവശ്യമായി അതിവേഗത്തിൽ വണ്ടിയോടിക്കും, വെറുതേ ഹോൺ മുഴക്കി മനുഷ്യരെ ഭയപ്പെടുത്തും, അടയാളം കാണിക്കാതെ എങ്ങോട്ടു വേണമെങ്കിലും തിരിയും, ആരോടൊക്കെയോ ഉള്ള വിദ്വേഷം റോഡിൽ തീർക്കും, ലഹരിയുടെ ഔന്നത്യങ്ങളിൽ റോഡിനെ ആകാശപാതയാക്കും... ശാസ്ത്രീയമായ റോഡുവികസനത്തെക്കുറിച്ചോ റോഡില് പാലിക്കേണ്ട മര്യാദകളെക്കുറിച്ചോ പൊതുഗതാഗതം വർധിപ്പിക്കേണ്ടതിനെക്കുറിച്ചോ ആരും ക്രിയാത്മകമായി ചിന്തിക്കുന്നില്ല. വഴിപാട് ബോധവത്കരണങ്ങൾക്കപ്പുറത്ത് പൊലിസോ സർക്കാരോ ദീർഘദൃഷ്ടിയോടെ ഒന്നും ചെയ്യുന്നുമില്ല.
നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ താരതമ്യേന എളുപ്പമാണ്. അടുത്തകാലം വരെ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ മതിയായിരുന്നു. ഇപ്പോഴാണ് അൽപമെങ്കിലും കർശനമായ വ്യവസ്ഥകൾ കൊണ്ടുവന്നത്. ഓസ്ട്രേലിയയിൽ ലേണേഴ്സ് ലൈസൻസ് ഒരു വർഷം, ഒന്നാമത്തെ താത്കാലിക ലൈസൻസിൽ ഒരു വർഷം, രണ്ടാമത്തെ താത്കാലിക ലൈസൻസിൽ രണ്ടു വർഷം എന്നീ കടമ്പകൾ കടന്നാലേ സ്ഥിരം ലൈസൻസ് ലഭിക്കൂ. ഈ നാലുവർഷം അവരുടെ റോഡിലെ പെരുമാറ്റം കർശന നിരീക്ഷണത്തിലായിരിക്കുകയും ചെയ്യും. ലൈസൻസ് കൊടുക്കുമ്പോഴാകട്ടെ, പിന്നീടാകട്ടെ, ഡ്രൈവർമാരുടെ മാനസികാവസ്ഥ പരിശോധിക്കുന്ന ഏർപ്പാടേയില്ല. ഡ്രൈവിംഗിൽ മത്സരബുദ്ധിയോ അതിവൈകാരികതയോ പാടില്ലെന്നാണ് വയ്പ്. മറ്റുള്ളവരെക്കുറിച്ചു ചിന്തിച്ചുകൊണ്ടാണ് വാഹനം സ്റ്റാർട്ട് ചെയ്യേണ്ടത്. അവരുടെ ജീവനും സ്വന്തം ജീവന്റെ വിലയുണ്ടെന്ന ബോധം വേണം.
ആരോഗ്യകരമായ റോഡ് സംസ്കാരം വളർത്തിയെടുക്കാൻ ബോധപൂർവമായ ശ്രമം വേണം. വീടുകളിലും സ്കൂളുകളിലും പൊതു ഇടങ്ങളിലുമെല്ലാം കർശനമായ ബോധവത്കരണവും ഇടപെടലുകളും വേണം. നിയമങ്ങൾ കർശനമാക്കണം. നടപ്പാതയിൽ കയറ്റി പാർക്ക് ചെയ്യുന്ന വാഹനങ്ങളും റോഡിൽതന്നെ വാഹനം നിർത്തി കടകളിലേക്കു കയറുന്നതും നമ്മുടെ കൺമുന്നിലെ അലസകാഴ്ചകളായി ഒഴുകിപ്പോകരുത്.
പാമ്പാടിയിലെ പെൺകുട്ടികളുടെ ദുരന്തം അവശേഷിപ്പിക്കുന്ന നോവിന്റെ കനൽ വരുംകാലത്തിന്റെ നന്മയ്ക്കുവേണ്ടി നമുക്ക് ആളിക്കത്തിക്കാം. നവോന്മേഷദായകങ്ങളായ അനേകം പ്രഭാതങ്ങൾ അവർക്കുവേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. കർമചാതുര്യത്തിന്റെ ഉയർന്നുപോകുന്ന പടവുകളിൽ നൃത്തം ചെയ്യേണ്ടവരായിരുന്നു അവർ. കുറ്റബോധത്തിന്റെ ഒരു തരി മനസിൽ സൂക്ഷിച്ച് നമുക്ക് കർമനിരതരാകാം. റോഡിലെ ചോരച്ചാലുകളും മനസിലെ കണ്ണീർച്ചോലകളും വറ്റിച്ച് ജീവന്റെ മഹത്വം അംഗീകരിച്ച് പരസ്പരബഹുമാനത്തോടെ പൊതുനിരത്തിലും ഡ്രൈവിംഗ് സീറ്റിലും പെരുമാറാം.