Kerala
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ശനിയാഴ്ചയോടെ കേരളത്തിൽ പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കാലവർഷം പെയ്തു തുടങ്ങാനുള്ള അന്തരീക്ഷ സാഹചര്യങ്ങൾ നിലവിൽ അനുകൂലമാണെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം തെക്കുകിഴക്കൻ അറബിക്കടലിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. എന്നാൽ അടുത്ത നാല് ദിവസം സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം വേനൽമഴ കണക്കിൽ കേരളം ശരാശരിക്കടുത്തെത്തി. ഇന്നലെ വരെ 310.5 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത്. ഇതിൽ 282 മില്ലിമീറ്റർ മഴ ഇന്നലെ വരെ പെയ്തു.
ഭൂരിഭാഗം ജില്ലകളിലെയും മഴക്കുറവ് നികത്തപ്പെട്ടു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അധികമഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
കോട്ടയം: ചങ്ങനാശേരി എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ.
ഉച്ചകഴിഞ്ഞ് 3.15ന് പെരുന്ന എൻഎസ്എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലിറങ്ങുന്ന ഉപരാഷ്ട്രപതി അവിടെ നിന്നും കാർ മാർഗം സമ്മേളന നഗരിയായ എസ്ബി കോളജിലെ കാവുകാട്ട് ഹാളിനുമുമ്പിൽ എത്തിച്ചേരും.
കോളജ് രക്ഷാധികാരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ബൊക്കെ നൽകി സ്വീകരിക്കും. കോളജിന്റെ ശതാബ്ദി സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രമായ ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിക്കും.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൻ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, കോളജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട്, പ്രിൻസിപ്പൽ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരിക്കും.
ചങ്ങനാശേരിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജ് ശതാബ്ദി ആഘോഷ സമാപനപരിപാടികളിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ എത്തിചേരുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
1. എസ്ബി, എൻഎസ്എസ് കോളജുകളും പരിസരപ്രദേശങ്ങളും ഉച്ചകഴിഞ്ഞ് രണ്ടോടു കൂടി രണ്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
2. എംസി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/ പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
3. ആലപ്പുഴയിൽ നിന്നും എസി റോഡിലൂടെ കോട്ടയത്തേയ്ക്ക് കെഎസ്ആർടിസി/പ്രൈവറ്റ് ഉൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണമായും റെഡ് സ്ക്വയറിൽ നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
4. പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
5. കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴി പോകേണ്ടതാണ്.
6. കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി തിരിഞ്ഞ് തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
7. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
8. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ.സി റോഡിലെത്തി റെഡ് സ്ക്വയറിലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.
9. എംസി റോഡിൽ കൂടി കോട്ടയം ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/പ്രൈവറ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ലൈറ്റ് വാഹനങ്ങൾ ഒഴികെയുളള വാഹനങ്ങൾ പൂർണമായും പാലാത്ര ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ കടത്തി വിടേണ്ടതാണ്.
10. മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്കുളള വാഹനങ്ങൾ മതുമൂല ഭാഗത്ത് യാത്ര അവസാനിപ്പിച്ച് മതൂമൂല, വാഴപ്പള്ളി ഭാഗത്തേയ്ക്ക് തിരിഞ്ഞുപോകേണ്ടതാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്.
കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം വോട്ടർമാർ കൂടിയിട്ടുണ്ട്. എന്നാൽ 53, 229 പേരെ അതിൽ നിന്നൊഴിവായി. ലോക്സഭയിലെ വോട്ടർ പട്ടികയേക്കാൾ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. എന്നാൽ നിയമസഭാ വോട്ടർ പട്ടികയേക്കാൾ എണ്ണം കൂടിയിട്ടുണ്ട്.
പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിനു ശേഷമാണ് (എസ്ഐആർ) അന്തിമ വോട്ടർ പട്ടിക വരുന്നതെങ്കിലും വിവിധ രാഷ്ട്രിയ പാർട്ടികൾ വ്യത്യസ്ത അഭിപ്രായവുമായി വന്നുകഴിഞ്ഞു. കള്ള വോട്ടുകൾ വീണ്ടും കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആക്ഷേപിച്ചു.
ബൂത്തുകൾ വൻതോതിൽ പുനർനിർണയിക്കപ്പെട്ടതിനാൽ വോട്ടർമാർക്ക് നാലഞ്ചു കിലോമീറ്റർ വരെ കൂടുതൽ പോകേണ്ടി വരുന്നെന്നും അതിനാൽ ബൂത്തുകൾ പുനക്രമീകരിക്കണമെന്നും കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
എസ്ഐആർ വഴി പൗരൻമാരെ പുറത്തുകളയുമെന്ന് വർഗീയ തലത്തിൽ വരെ വ്യാഖ്യാനിച്ചവർ ലജ്ജിച്ച് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ജെ.ആർ. പത്മകുമാർ പറഞ്ഞു.
Kerala
തൃശൂര്: സംസ്ഥാനത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര് ശനിയാഴ്ച പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്ത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടക്കുന്നത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
നഴ്സുമാരുടെ ശമ്പളം വര്ധിപ്പിക്കാൻ സംസ്ഥാന സര്ക്കാര് ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്ത്തുന്നതിനായി ശനിയാഴ്ച സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി.
ശനിയാഴ്ച ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാര് ജോലിക്ക് കയറും. ബാക്കിയുള്ളവര് സൂചനാ സമരത്തിൽ പങ്കെടുക്കും. പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക.
നിലവിൽ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്ഷങ്ങളായി ശമ്പള പരിഷ്കരണം ഉണ്ടായിട്ടെന്നും സര്ക്കാര് ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.
Kerala
കൊച്ചി: മാസത്തിൽ രണ്ട് ശനിയാഴ്ചകളിൽ ഹൈക്കോടതി പ്രവർത്തിക്കണമെന്ന ശുപാർശയെ എതിർത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ. ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കുന്നതിന് പകരം എല്ലാ പ്രവൃത്തിദിവസങ്ങളിലും സമയം 30 മിനിറ്റ് വീതം കൂട്ടാ അസോസിയേഷൻ നിർദ്ദേശിച്ചു.
ഹൈക്കോടതിയിലെ കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനായി മാസത്തിൽ രണ്ട് ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നേരത്തെ അഭിഭാഷക സംഘടനയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ ഈ നീക്കത്തെ എതിർത്തുകൊണ്ട് അസോസിയേഷൻ പ്രമേയം പാസാക്കി.
നിലവിലെ സമയക്രമമായ രാവിലെ പത്ത് മുതൽ വൈകിട്ട് 4:15 വരെ എന്നുള്ളത്, പത്ത് മുതൽ വൈകിട്ട് 4:45 വരെ നീട്ടാമെന്നാണ് അസോസിയേഷൻ മുന്നോട്ടുവെച്ച ബദൽ നിർദേശം. ഇതുവഴി ആഴ്ചയിൽ അധികമായി രണ്ടര മണിക്കൂർ കോടതിക്ക് ലഭിക്കുമെന്നും ഇത് ശനിയാഴ്ചകളിലെ സിറ്റിംഗിന് തുല്യമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ശനിയാഴ്ചകളിലെ സിറ്റിംഗ് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് സംഘടന വ്യക്തമാക്കി. ഇത് അഭിഭാഷകരുടെ ജോലിഭാരം കൂട്ടുമെന്നും കുടുംബത്തോടൊപ്പമുള്ള സമയം നഷ്ടപ്പെടുത്തുമെന്നും അവർ പ്രമേയത്തിൽ പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടക്കമുള്ളവർ കോടതികളുടെ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഡൽഹി, അലഹബാദ് തുടങ്ങിയ ഹൈക്കോടതികളിലെ അഭിഭാഷക സംഘടനകളും ഈ നീക്കത്തെ എതിർത്തിട്ടുണ്ട്.
NRI
ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് നടക്കും.
യുകെയിലെ ലെസ്റ്ററിലൂള്ള എസ്പിഎഎൽ സെന്ററിലാണ് (മാർ ഇവാനിയോസ് നഗറിൽ) ചടങ്ങുകള് ക്രമീകരിച്ചിരിക്കുന്നത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.
വിശുദ്ധ കുർബാന, വിശിഷ്ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സ്ഥാനാരോഹണ ശുശ്രൂഷകൾ ഷെക്കെയ്ന ന്യൂസ് ചാനൽ, ശാലോം ടിവിയുടെ യൂട്യൂബ് ചാനൽ, യുകെ മലങ്കര കാത്തലിക് ഫേസ്ബുക്ക് പേജിലും മലങ്കര കാത്തലിക് ടിവിയുടെ യൂട്യൂബ് ചാനലിലും തത്സമയം കാണാന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരുവല്ല അതിരൂപതയിലെ കോട്ടയം മേഖലയിൽ ഉൾപ്പെടുന്ന അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമാണ് ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ്. പരേതരായ തോമസ് - സൂസമ്മ ദമ്പതികളുടെ നാലുമക്കളിൽ ഏറ്റവും മൂത്തമകനായി 1962 മാർച്ച് 27ന ജനിച്ചു.
പ്രീഡിഗ്രി പഠനം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു. 1987ൽ വൈദികനായി. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പിഎച്ച്ഡി നേടിയശേഷം വിവിധ സെമിനാരികളിൽ അധ്യാപകനായി. 2017 മുതൽ 2020 വരെ മലങ്കര മേജർ സെമിനാരിയുടെ റെക്ടറായി.
തിരുവല്ല അതിഭദ്രാസനത്തിന്റെ ചാൻസലറുമായിരുന്നു. കാനം, നെടുമാവ്, ചുവന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവൻവണ്ടൂർ, ചെങ്ങരൂർ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. മാത്യു തോമസ്, മറിയാമ്മ തോമസ്, സ്കറിയ തോമസ് എന്നിവരാണു സഹോദരങ്ങൾ.
2021 മുതൽ യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിൽ കോഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു. 2025 നവംബർ ഒന്നിന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അദ്ദേഹത്തെ റമ്പാൻ സ്ഥാനത്തെ ഉയർത്തി.
തുടർന്ന് നവംബർ 22ന് പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ വച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കബാവ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എന്ന നാമത്തിൽ അദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയർത്തി.
NRI
ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന "കൈരളി കേരളോത്സവം' ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഫുജൈറ എക്സ്പോ സെന്റർ ഗ്രൗണ്ടിൽ നടക്കും.
ഷെയ്ഖ് സഈദ് സുറൂർ സൈഫ് അൽ ഷർഖി, മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന കലാപരിപാടികൾ, തിരുവാതിര, ഒപ്പന, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ശിങ്കാരിമേളം, കോൽക്കളി, കളരിപ്പയറ്റ്, വൈഷ്ണവ് ഗിരീഷും ശ്രേയയും നയിക്കുന്ന ഗാനമേള, സാംസ്കാരിക സമ്മേളനം എന്നിവ വിവിധ വേദികളിലായി അരങ്ങേറും.
തെയ്യം, കാവടിയാട്ടം, പുലികളി തുടങ്ങി ഒട്ടേറെ കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര കേരളോത്സവത്തിന് പൂരപ്പൊലിമയേകും. ഉത്സവ നഗരിയിലേക്ക് കടന്നുവരുന്ന പ്രവാസി കലാപ്രതിഭകൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള പ്രത്യേക വേദികളും കേരളോത്സവത്തിന്റെ പ്രത്യേകതയാണ്.
രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന ഭക്ഷണശാലകൾ, പുസ്തക സ്റ്റാളുകൾ തുടങ്ങി വ്യത്യസ്തങ്ങളായ സ്റ്റാളുകൾ കേരളോത്സവത്തിന് സജ്ജമാകും. മലയാളം മിഷന്റെയും നോർക്കയുടെയും പ്രത്യേക പവലിയനുകളും ഉത്സവനഗറിൽ പ്രവർത്തിക്കുന്നതായിരിക്കും.
എല്ലാ ഒരുക്കങ്ങളും പൂർത്തികരിച്ച് വരുന്നതായി സംഘാടക സമിതി ജനറൽ കൺവീനർ ഹരിഹരൻ, ചെയർമാൻ അബ്ദുൾ ഹഖ്, മീഡിയ കൺവീനർ ജോയ് മോൻ, കൈരളി ഫുജൈറ യൂണിറ്റ്, ട്രഷറർ റ്റിറ്റോ തോമസ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേക്കര, സന്തോഷ് ഓമല്ലൂർ, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി എന്നിവർ അറിയിച്ചു.
NRI
ലെസ്റ്റർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ശനിയാഴ്ച നടക്കും.
യുകെയിലെ ലെസ്റ്ററിലുള്ള എസ്പിഎഎൽ സെന്ററിൽ (മാർ ഇവാനിയോസ് നഗറിൽ) ആണ് ചടങ്ങുകള് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ജനറൽ കൺവീനർ റവ.ഡോ. ലൂയിസ് ചരുവിള പാപ്പി അറിയിച്ചു.
രാവിലെ ഒമ്പതിന് നടക്കുന്ന വി. കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലിത്തമാരും വൈദികരും സഹകാർമികരാകും.
ഉച്ചകഴിഞ്ഞ് 2.30നാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിക്കുന്നത്. കാതോലിക്ക ബാവയെയും മെത്രാപ്പോലിത്തമാരെയും വിശിഷ്ടാതിഥികളേയും സെന്ററിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ.ജോസഫ് മാർ തോമസ്, ഡോ.തോമസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്, ഡോ. മാത്യൂസ് മാർ പക്കോമിയോസ്, ഡോ.ആന്റണി മാർ സിൽവാനോസ് എന്നിവർ സഹകാർമികരാകും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം നോട്ടിൻഹാം ബിഷപ് പാട്രിക് മിക്ക്കെന്നി ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ രൂപതകളിലെ മെത്രാന്മാരും സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
യുകെയിലെ 25 ഓളം മിഷനുകളില് നിന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന വൈദികരും സന്യസ്തരും 1500 ഓളം അത്മായരും സ്ഥാനാരോഹണ ചടങ്ങുകള്ക്ക് സാക്ഷ്യം വഹിക്കാൻ എത്തിച്ചേരും.
സ്ഥാനാരോഹണ ശുശ്രൂഷകൾ ശാലോം ടിവിയുടെ യൂട്യൂബ് ചാനൽ തത്സമയം സംപ്രേഷണം ചെയ്യും. യുകെ മലങ്കര കാത്തലിക് ഫേസ്ബുക്ക് പേജിലും മലങ്കര കാത്തലിക് ടിവിയുടെ യുട്യൂബ് ചാനലിലും തത്സമയം കാണാന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Kerala
കൊല്ലം: കേരളത്തിന് പുതുതായി അനുവദിച്ച ബംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ശനിയാഴ്ച രാവിലെ 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. 11 മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
എട്ട് കോച്ചുകളുള്ള ട്രെയിൻ ബുധൻ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും. ബംഗളുരുവിൽ രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. തിരികെയുള്ള സർവീസ് എറണാകുളത്ത് നിന്ന് ഉച്ചകഴിഞ്ഞ് 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിൽ എത്തും.
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർ സംബന്ധിക്കും.