കൊച്ചി: മാസത്തിൽ രണ്ട് ശനിയാഴ്ചകളിൽ ഹൈക്കോടതി പ്രവർത്തിക്കണമെന്ന ശുപാർശയെ എതിർത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ. ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കുന്നതിന് പകരം എല്ലാ പ്രവൃത്തിദിവസങ്ങളിലും സമയം 30 മിനിറ്റ് വീതം കൂട്ടാ അസോസിയേഷൻ നിർദ്ദേശിച്ചു.
ഹൈക്കോടതിയിലെ കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനായി മാസത്തിൽ രണ്ട് ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നേരത്തെ അഭിഭാഷക സംഘടനയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ ഈ നീക്കത്തെ എതിർത്തുകൊണ്ട് അസോസിയേഷൻ പ്രമേയം പാസാക്കി.
നിലവിലെ സമയക്രമമായ രാവിലെ പത്ത് മുതൽ വൈകിട്ട് 4:15 വരെ എന്നുള്ളത്, പത്ത് മുതൽ വൈകിട്ട് 4:45 വരെ നീട്ടാമെന്നാണ് അസോസിയേഷൻ മുന്നോട്ടുവെച്ച ബദൽ നിർദേശം. ഇതുവഴി ആഴ്ചയിൽ അധികമായി രണ്ടര മണിക്കൂർ കോടതിക്ക് ലഭിക്കുമെന്നും ഇത് ശനിയാഴ്ചകളിലെ സിറ്റിംഗിന് തുല്യമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ശനിയാഴ്ചകളിലെ സിറ്റിംഗ് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് സംഘടന വ്യക്തമാക്കി. ഇത് അഭിഭാഷകരുടെ ജോലിഭാരം കൂട്ടുമെന്നും കുടുംബത്തോടൊപ്പമുള്ള സമയം നഷ്ടപ്പെടുത്തുമെന്നും അവർ പ്രമേയത്തിൽ പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടക്കമുള്ളവർ കോടതികളുടെ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഡൽഹി, അലഹബാദ് തുടങ്ങിയ ഹൈക്കോടതികളിലെ അഭിഭാഷക സംഘടനകളും ഈ നീക്കത്തെ എതിർത്തിട്ടുണ്ട്.
Tags : Saturday Working Day