ന്യൂഡൽഹി: സൈബർ തട്ടിപ്പുകളിലും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിലും ഉപയോക്താക്കൾക്കു നഷ്ടപ്പെടുന്ന പണത്തിന് ബാങ്കുകൾക്കും ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി.
ബാങ്കുകളുടെ ജാഗ്രതക്കുറവ് മൂലമാണു തട്ടിപ്പ് നടന്നതെന്നു കണ്ടെത്തിയാൽ നഷ്ടപ്പെട്ട തുക ബാങ്കുകൾ ഉപഭോക്താവിനു നഷ്ടപരിഹാരമായി നൽകുന്ന രീതിയിലുള്ള നിർദേശം പുറപ്പെടുവിക്കുന്നത് പരിഗണനയിലാണെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഉപയോക്താവിന്റെ സ്ഥിരം ഇടപാട് ശീലങ്ങൾക്കു വിരുദ്ധമായി വലിയ തുക മാറ്റാൻ ശ്രമിക്കുമ്പോൾ ബാങ്കുകൾക്ക് ഇടപെടാൻ സാധിക്കണം. സാമ്പത്തികസ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ സംരക്ഷണകവചമായി പ്രവർത്തിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വ്യാപകമായി തുടരുന്നതിൽ ബെഞ്ച് കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസ് പരിഗണിക്കവെയാണു കോടതിയുടെ നിർണായക നിർദേശങ്ങൾ.
കോടതി മുന്നോട്ടു വച്ച പ്രധാന നിർദശങ്ങൾ
എഐയുടെ ഉപയോഗം: വ്യക്തിഗത അക്കൗണ്ടുകളെയും കൊമേഴ്സ്യൽ അക്കൗണ്ടുകളെയും വേർതിരിച്ചു കാണണം. അസാധാരണമായി വലിയ തുകകളുടെ കൈമാറ്റം നടക്കുമ്പോൾ നിർമിതബുദ്ധി (എഐ)യുടെ സഹായത്തോടെ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾ മുൻകൈയെടുക്കണം.
ഇടപാടുകൾ തടഞ്ഞുവയ്ക്കൽ: അക്കൗണ്ടുടമയുടെ പതിവ് ഇടപാടുകളിൽനിന്നു വ്യത്യസ്തമായ നീക്കങ്ങൾ ഉണ്ടായാൽ അതു താത്കാലികമായി തടഞ്ഞുവയ്ക്കാനും ആധികാരികത ഉറപ്പാക്കിയശേഷം മാത്രം പണം കൈമാറാനുമുള്ള സംവിധാനം പരിശോധിക്കണം.
വ്യാജ അക്കൗണ്ടുകൾക്കെതിരേ കർശന നടപടി: തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ടുകൾ) വഴിയുള്ള പണമിടപാടുകൾ കർശനമായി തടയേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
ആർബിഐയുടെ പുതിയ ചട്ടങ്ങളിൽ നിർദേശങ്ങൾ ഉൾപ്പെടുത്തണം
വിഷയത്തിൽ റിസർവ് ബാങ്കിന്റെ മറുപടി തേടിയ കോടതി, പുതിയ നിയന്ത്രണ ചട്ടങ്ങളിൽ കൃത്യമായ നഷ്ടപരിഹാര വ്യവസ്ഥകളും സ്ഥാപനങ്ങളുടെ ഉത്തരവാദിത്വവും ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു.
പുതിയ ചട്ടങ്ങൾ നവംബർ 30നകം വിജ്ഞാപനം ചെയ്ത് ഡിസംബർ 31നകം നടപ്പാക്കാനാണു കോടതി ഉദ്ദേശിക്കുന്നത്. കൂടാതെ, രാജ്യത്തെ മുഴുവൻ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയും പട്ടിക സമർപ്പിക്കാനും ആർബിഐയോടു നിർദേശിച്ചിട്ടുണ്ട്.