Kerala
തൊടുപുഴ: ഇടുക്കി റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിലെ ബാൻഡ് ഡിസ്പ്ലേ മത്സരത്തിൽ വിധി നിർണയത്തിൽ അപാകത ആരോപിച്ച് സംഘർഷവും പ്രതിഷേധവും. എച്ച്എസ് വിഭാഗം ബാൻഡ് ഡിസ്പ്ലേ മത്സരത്തിലെ വിധി നിർണയമാണ് സംഘർഷത്തിൽ കലാശിച്ചത്.
മത്സരഫലം വന്നതിനു പിന്നാലെ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. തർക്കവും ബഹളവും ശക്തമായതോടെ വിദ്യാർഥിനികൾ ജഡ്ജസിന്റെ വാഹനം തടഞ്ഞുവച്ചു. പിന്നീട് സംഘാടകർ ഇടപെട്ടിട്ടും ജഡ്ജസിനെ വിദ്യാർഥിനികൾ വിട്ടില്ല.
ഇതോടെ പോലീസ് രംഗത്തെത്തി. എന്നിട്ടും പ്രതിഷേധം ശമിക്കാതെ വന്നതോടെ ജഡ്ജസിനെ പോലീസ് സ്റ്റാഫ് റൂമിലേക്ക് മാറ്റി. പിന്നീട് സംഘാടകരും സ്കൂൾ അധികൃതരും വിദ്യാർഥികളുമായി സംസാരിച്ച് അപ്പീലിന് പോകാമെന്ന ധാരണയിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ 53 സ്കൂളുകളില്‍നിന്നുള്ള 3524 പ്രതിഭകളാണ് 10 വേദികളിലായി മാറ്റുരയ്ക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളില്‍ കല്ലാര്‍ ഗവണ്മെന്റ് സ്കൂളാണ് മുന്നിട്ടുനിര്ക്കുന്നത്.
യുപി വിഭാഗത്തില്‍ രാജകുമാരി ഹോളി ക്യൂന്‍സും എല്‍പി വിഭാഗത്തില്‍ തേര്‍ഡ്ക്യാമ്പ് ഗവണ്മെന്റ് സ്കൂളുമാണ് മുന്നില്‍. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ നിര്‍വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. മോബിന് മോഹന്‍, എഇഒ ജെന്‍സിമോള്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ. ഫിലിപ്പ്, തുടങ്ങിയവർ പ്രസംഗിച്ചു.