ന്യൂഡൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി രാജ്യം. ഉഷ്ണതരംഗ സാഹചര്യങ്ങൾ പല ഭാഗങ്ങളിലും നിലനിൽക്കവെ പല സ്ഥലത്തും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ചിലയിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷസ് വരെയെത്തിയെന്ന് റിപ്പോർട്ടുണ്ട്.
ലോകത്തിൽ ഏറ്റവും ചൂടുള്ള നൂറ് നഗരങ്ങളിൽ 98ഉം ഇന്നലെ ഇന്ത്യയിലായിരുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ പ്ലാറ്റ്ഫോമായ എക്യുഐ ഡോട്ട് ഇന്നിന്റെ ഇന്നലത്തെ കണക്ക്. ഒഡീഷയിൽ സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ട് അധ്യാപകർ രണ്ട് ദിവസങ്ങളിലായി മരിക്കുകയും ചെയ്തിട്ടുണ്ട്.
സൂര്യാതപമാണ് മരണത്തിനു കാരണമെന്നാണ് സംശയിക്കുന്നത്.എക്യുഐ ഡോട്ട് ഇന്നിന്റെ കണക്കനുസരിച്ച് ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട്. നേപ്പാളിലെ രണ്ട് നഗരങ്ങളൊഴിച്ചാൽ ശേഷിക്കുന്ന 98 നഗരങ്ങളും ഇന്ത്യയിലാണെന്നതാണ് ആശങ്കയുണർത്തുന്നത്.
എന്നാൽ, കേരളത്തിൽനിന്നുള്ള നഗരങ്ങളൊന്നും പട്ടികയിൽ ഇടം പിടിച്ചിട്ടുമില്ല. ഇടം പിടിച്ച നഗരങ്ങളിലാകട്ടെ 43 ഡിഗ്രി മുതൽ 45 ഡിഗ്രി സെൽഷസ് താപനില വരെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കനത്ത ചൂട് കണക്കിലെടുത്ത് ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.