തിരുവനന്തപുരം: ഉഷ്ണതരംഗത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതു ഇടങ്ങളിലെല്ലാം താത്കാലിക തണല്‍ പന്തലുകള്‍ ഒരുക്കാന്‍ നിര്‍ദേശം. വഴിയോരങ്ങള്‍, പ്രധാന മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒആര്‍എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യം എന്നിവ ഒരുക്കണം.
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, തദ്ദേശ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സര്‍വീസ്, ട്രേഡ് യൂണിയന്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഏകോപിത പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളില്‍ പൊതു പരിപാടികള്‍, സെലക്ഷന് ട്രയലുകള്‍, പകല്‍പ്പൂരങ്ങള്‍, കലാകായിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് കര്‍ശന നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തും.
സംസ്ഥാനത്തു നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം. സാധ്യമായ ഇടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സമയ ദൈര്‍ഘ്യം കുറയ്ക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം.
സഹകരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ സൗജന്യ തണ്ണീര്‍ പന്തല്‍ ഒരുക്കണം. കുടിവെള്ളം, സംഭാരം, തണ്ണിമത്തന് തുടങ്ങിയവ ലഭ്യമാക്കാന്‍ ജനകീയ സംവിധാനമൊരുക്കണം. കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, മറ്റ് സര്‍വീസ്, സന്നദ്ധ, ട്രേഡ് യൂണിയന് സംഘടനകള്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് ഇതു നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം.

മുക്കം/തൊടുപുഴ: ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ സംസ്ഥാനത്ത് മൂന്നു പേർക്ക് സൂര്യാതപമേറ്റു. രണ്ടു പേരുടെ മരണംസൂര്യാതപമേറ്റാണെന്ന് സംശയം. പാട്ടാന്പി ശങ്കരമംഗലം തോട്ടുങ്ങൽസിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീർ (68), പത്തനാപുരം കുന്നിക്കോട് തെങ്ങിന്‍തറയില്‍ വീട്ടില്‍ ബേബി ഫിലിപ്പ് (84) എന്നിവരുടെ മരണമാണ് സൂര്യാതപമേറ്റെന്നു സംശയം.
ഇരുവരെയും വീട്ടുവളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും ശരീരത്തിൽ വെയിലേറ്റു പൊള്ളലേറ്റ പാടുകളുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷമേ മരണകാരണം വ്യക്തമാകൂ.
കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിൽ ആര്യംപറമ്പത്ത് അബ്ദുൾ ജലീൽ, ഇടുക്കി മുട്ടം കളപ്പുരയ്ക്കല്‍ നാരായണൻ, തൊടുപുഴ പെരുമറ്റം സ്വദേശിനി മുരുകവിലാസം ആശ എന്നിവർക്കാണ് സൂര്യാതപമേറ്റത്. അബ്ദുൾ ജലീലിനു രണ്ട് കൈകളിലും കാലിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് 12.30ന് വീട്ടിൽനിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തുവച്ചാണ് പൊള്ളലേറ്റത്.
നാരായണന് കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. രാവിലെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തലകറക്കവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു.
ദേഹത്ത് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ തന്നെ മുട്ടം സിഎച്ച്സിയില് പ്രവേശിപ്പിച്ചു. പരിശോധനയില്‍ സൂര്യാതപമാണെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയാണ് ആശയ്ക്ക് മുഖത്ത് പൊള്ളലേറ്റത്.
Tags : Scorching heat suggestion temporary shade tents