മുംബൈ: ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ഐപിഒയ്ക്ക് ഒരു കോടിയിലധികം അപേക്ഷകൾ ലഭിച്ചു. ഇതോടെ ആഗോളതലത്തിൽ ഒരു കോടി അപേക്ഷകൾ നേടുന്ന ആദ്യ ഐപിഒയായി ജിയോ മാറി. ഇന്നലെ ബിഡ്ഡിംഗ് അവസാനിച്ചപ്പോൾ ആകെ ഐപിഒ 20 മടങ്ങ് സബ്സ്ക്രൈബ് ചെയ്തു.
2024 ഒക്ടോബറിൽ വാരി എനർജീസിന്റെ ഐപിഒയ്ക്ക് ലഭിച്ച ഏകദേശം 97 ലക്ഷം അപേക്ഷകളായിരുന്നു റിക്കാർഡ്. ഈ റിക്കാർഡാണ് ജിയോ ഇപ്പോൾ മറികടന്നത്. ആദ്യദിനംതന്നെ 30.5 ലക്ഷം അപേക്ഷകൾ നേടിയ ജിയോ, രണ്ടാം ദിനം അവസാനിച്ചപ്പോഴേക്കും 75 ലക്ഷം കടന്നിരുന്നു. തുടർന്നാണ് ഇന്നലെ ചരിത്രപരമായ ഒരു കോടി അപേക്ഷകളെന്ന നാഴികക്കല്ല് പിന്നിട്ടത്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കണക്കുകൾ പ്രകാരം, ജിയോ ഐപിഒ മൊത്തത്തിൽ 20.90 ഇരട്ടി സബ്സ്ക്രിപ്ഷനും നേടിയിട്ടുണ്ട്. ക്വാളിഫൈഡ് നിക്ഷേപകർക്കായി നീക്കിവച്ച 19.75 കോടി ഓഹരികൾക്കു പകരം 65.40 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. സ്ഥാപനേതര നിക്ഷേപകർക്കായി നീക്കിവച്ചതിൽ 13.87 മടങ്ങും സബ്സ്ക്രൈബ് ചെയ്തു. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 2.65 മടങ്ങ് സബ്സ്ക്രിപ്ഷൻ ലഭിച്ചു.
ജീവനക്കാരുടെ വിഭാഗത്തിൽ 2.87 മടങ്ങും ഓഹരി ഉടമകളുടെ വിഭാഗത്തിൽ 7.50 മടങ്ങും സബ്സ്ക്രിപ്ഷൻ രേഖപ്പെടുത്തി. ഒക്ടോബർ 21ന് ആരംഭിച്ച ഐപിഒ ആദ്യദിവസംതന്നെ ശക്തമായ പ്രതികരണം നേടിയിരുന്നു.
30,213 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട ഐപിഒ ആരംഭിച്ച് 100 മിനിറ്റിനുള്ളിൽതന്നെ ഇഷ്യു പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ആദ്യ ദിവസം ഏകദേശം 13.56 ലക്ഷം അപേക്ഷകളാണു ലഭിച്ചത്.
ഐപിഒയുടെ ആങ്കർ നിക്ഷേപക വിഹിതത്തിനും വലിയ ആവശ്യക്കാരുണ്ടായി. 8,110 കോടി രൂപയുടെ ആങ്കർ വിഹിതത്തിന് 2.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ആവശ്യമാണു ലഭിച്ചത്.
ഓഹരികൾ ലഭിച്ചുണ്ടോയെന്ന് 26ന് അറിയാനാകും. 28ന് കന്പനി എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.