ഫരീദാബാദ്: കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച രാത്രിയിൽ ഹരിയാനയിലെ ഫരീദാബാദിലുണ്ടായ സംഭവത്തിൽ പരംജീത് ധൻഖർ (42) ആണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടുദിവസം മുമ്പാണ് സിംഗപ്പൂരിൽനിന്ന് പരംജീത് ധൻഖർ നാട്ടിലെത്തിയത്.
അയൽവാസിയായ മോനു ശർമയാണ് പ്രതിയെന്ന് പൊലിസ് പറഞ്ഞു. ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് പ്രതി 15 തവണയോളം വെടിയുതിർത്തതായും ഒമ്പത് വെടിയുണ്ടകൾ ധൻഖറിന്റെ ശരീരത്തിൽ പതിച്ചതായും പൊലിസ് അറിയിച്ചു. ഹിസാർ സ്വദേശിയായ പരംജീത് നിലവിൽ സിംഗപ്പുർ ആസ്ഥാനമായ എഫ്പിടി സോഫ്റ്റ്വെയർ കമ്പനി ലിമിറ്റഡിൽ സീനിയർ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയായിരുന്നു.
ഫരീദാബാദിലെ സെക്ടർ 21 സിയിലെ ബഹുനില കെട്ടിടത്തിലെ ഒന്നാം നിലയിലായിരുന്നു ധൻഖറും കുടുംബവും താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് മോനു ശർമ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ടിന് ജിമ്മിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് തന്റെ പാർക്കിംഗ് സ്ഥലത്ത് മോനു ശർമയുടെ കാർ കണ്ടത്.
കാർ മാറ്റാൻ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ മോനു ശർമ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലിസ് പറഞ്ഞു.