കവിതകളിൽനിന്നാണ് ഞാൻ ഭാഷ പഠിച്ചത്; അതുകൊണ്ടാണ് ഇടയ്ക്കിടെ ഞാൻ നിശബ്ദനായിപ്പോകുന്നത് എന്നെഴുതി ഒരു കൂട്ടുകാരിക്ക് കൊടുത്തപ്പോൾ അവൾ കാതോളം അരികിലെത്തി പറഞ്ഞു, “ഓർക്കാപ്പുറത്ത് ഒരു ചുംബനം കിട്ടിയാൽ നിന്റെ നിശബ്ദത തകർന്നുവീഴില്ലേ?” എന്ന്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. നിശബ്ദതയ്ക്ക് സൂക്ഷ്മമായ അടരുകളുണ്ട്. അത് മനസും ശരീരവും ചേർന്ന ഒരു ലയമാണ്. അതിനെ യുക്തിപരമായോ ശാസ്ത്രീയമായോ നിർവചിക്കാനാകുമെന്ന് എനിക്കു തോന്നുന്നില്ല. ഒരുതരം ബോധോദയംതന്നെയാണ് നിശബ്ദതയെന്ന് ഓഷോ പറയുന്നുണ്ട്. ഒരാൾ നിശബ്ദനാകുന്പോൾ അനന്തകോടി പ്രകാശവൃത്തങ്ങൾ അയാൾക്കു ചുറ്റും ചുഴിയായിത്തീരുകയാണ്. ഇമവെട്ടാത്ത കണ്ണിണകളിൽ വായു നിശ്ചലമായി നിൽക്കുന്നതു കാണാം. ഉള്ളിലെ ജടാഭാരം ഒന്നിറക്കിവയ്ക്കാനാകുന്നു. ഗാഢനിദ്രയിൽ നാം അനുഭവിക്കുന്ന സഹജമായ അസ്തിത്വം നിശബ്ദതയിലും നമുക്ക് അനുഭവിക്കാനാകുന്നു. ആ അർഥത്തിൽ നിശബ്ദത ഒരു പ്രാണശക്തികൂടിയാണ്. അതൊരു ചുംബനത്താൽ ഉലഞ്ഞുപോകുന്ന ഒന്നല്ല.
ഒരു ചുവടിൽനിന്നാണ് ആയിരം നാഴികയുടെ തീർഥാടനം ആരംഭിക്കുന്നതെന്നു പറയാറുണ്ട്. നിശബ്ദതയും അതുപോലെതന്നെയാണ്. ഒരു ചുവട് ഒരു നിമിഷത്തെ മൗനമാണ്. അതു സാധകം ചെയ്യേണ്ടതില്ല. അതിന് നിത്യതപം ചെയ്യേണ്ടതില്ല. നമ്മുടെയുള്ളിൽതന്നെയുള്ള സവിശേഷ ശക്തിയാണത്. അതു തിരിച്ചറിയുന്നിടത്തുനിന്നാണ് അനുഭൂതിയുടെ ഒരു സരണി സമാരംഭിക്കുന്നത്. ഉള്ളിൽ നിത്യശൈത്യത്തിൽ അമർന്നുകിടക്കുന്ന നിശബ്ദതയെ പൊള്ളിക്കാൻ ഒരു പുസ്തകം വായിച്ചാൽ മതി. എല്ലാ പുസ്തകവും എന്ന് ഇതിനർഥമില്ല. എന്നെ നിശബ്ദനാക്കാൻ അകമേ പരിശീലിപ്പിച്ച ഒരു പുസ്തകമുണ്ട്. ആ ഒരൊറ്റ പുസ്തകത്തിനൊപ്പം ചേർത്തുവയ്ക്കാൻ മറ്റൊരു പുസ്തകവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് എന്നെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിൽനിന്നാണ് ഞാൻ ‘സാവിത്രി’ വാങ്ങിയത്. ആശ്രമത്തിനു മുന്നിലെ മരച്ചുവട്ടിലിരുന്ന് ‘സാവിത്രി’ വെറുതേ മറിച്ചുനോക്കി. കടലിരന്പുന്ന ശംഖ് പോലെ ‘സാവിത്രി’ ഉള്ളംകൈയിലിരുന്ന് തുടിക്കാൻ തുടങ്ങി. പതിയെ ഞാനതിലേക്ക് ഇറങ്ങിനിന്നു. നല്ല ഒഴുക്കുണ്ട്. സപ്തസാഗരങ്ങളിലേക്ക് കുതികൊള്ളും ഉയിർപ്പ്. ഇടയ്ക്കെപ്പോഴോ ഇടയന്റെ പുല്ലാങ്കുഴൽപോലൊരു നിനദം. ചിലപ്പോഴത് ത്രിപുടയാകും. ചിലപ്പോഴത് ആഴിതൻ നിത്യമാം തേങ്ങലാകും.
എത്ര വേഗത്തിലാണ് ‘സാവിത്രി’ എന്നെ നിശബ്ദതയിലേക്കു കൊണ്ടുപോയത്. ആ ശോകനാശിനിയിൽ ഇറങ്ങിനിൽക്കുന്പോൾ ഹൃദയനാരിയായ എന്തോ ഒന്ന് ചേതനയിൽ നിറയുന്നു. അതു ബൃഹത്തായ പ്രപഞ്ചംതന്നെയാകാം. അതുമല്ലെങ്കിൽ ധ്യാനോന്മുഖമായ ചിദാകാശമാകാം. ഗന്ധമായോ രുചിയായോ സ്പർശമായോ കാഴ്ചയായോ അതു ശുഭനാളമായ് ഉള്ളിലേക്കു കടക്കുന്നു. കടന്നുകഴിഞ്ഞാൽ നിശബ്ദതയുടേതായ ഒരരങ്ങാണ്. അതിൽ ലയിക്കാം. എന്നാലിത് പരമാനന്ദത്തിലേക്കു കടക്കാനുള്ള കുറുക്കുവഴിയല്ല. കാൽത്തളകളും കേശഭാരവും ഛത്രചാമരങ്ങളും അഴിച്ചുവച്ച് പച്ചമണ്ണിൽ ചവിട്ടിനിൽക്കുന്പോഴുള്ള സുഖം. ആ സുഖം നിശബ്ദതയുടെ ആദ്യ അടയാളമാണ്. അതിലെത്തപ്പെട്ടാൽ അപാരമായ സൗമ്യത സുഖകരമായ സൂര്യപ്രകാശംപോലെ നമുക്ക് അനുഭവിക്കാനാവും.
പുസ്തകങ്ങൾ മാത്രമല്ല, ചില രാഗമാലികകൾ കേൾക്കുന്പോൾപോലും നമുക്ക് നിശബ്ദതയിലെത്താനാകും. ഒരു കച്ചേരി കേൾക്കുന്പോൾ സദസ് മുഴുവൻ നിശബ്ദമാണ്. ചിലർ അവരുടെ ശബ്ദത്തിൽ ഉള്ളിലെ മണ്ഡപത്തിലിരുന്ന് അതിനൊപ്പം പാടുന്നുണ്ടാകും. എന്നാൽ, അധികം പേരും നിശബ്ദരായിരിക്കും. തിരുവനന്തപുരത്തെ പഠനകാലത്ത് നവരാത്രി സംഗീതോത്സവങ്ങൾ കേട്ടുനടന്ന കാലം ഓർമവരുന്നു. ഒരെഴുത്തുകാരനാകണമെങ്കിൽ ക്ലാസിക്കൽ സംഗീതവുമായി നല്ല ബന്ധമുണ്ടാകണമെന്നു പറഞ്ഞ് എന്നെ അവിടേക്കയച്ചത് വിഷ്ണുനാരായണൻ നന്പൂതിരി സാറാണ്.
അദ്ദേഹമാണെനിക്ക് മനോധർമ സംഗീതത്തെക്കുറിച്ചും നവരാത്രി മണ്ഡപ കൃതികളെക്കുറിച്ചും പറഞ്ഞുതന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ സംഗീതംപോലെ ശ്രവണസുഖമുള്ള ഒന്നായിരുന്നു. കേട്ട കീർത്തനങ്ങളിൽ ‘അലർശരപരിതാല’വും ‘പന്നഗേന്ദ്ര ശയന’വുമൊക്കെ ഓർമയിലുണ്ട്. ആ രാഗവിസ്താരങ്ങൾക്ക് അകമേ ആളുന്നൊരു ഋതുപ്പകർച്ചയുണ്ട്. അതു കേട്ടിരിക്കുന്പോൾ ഉള്ളിലെ പാതി തുവർത്തിയ ജലാശയങ്ങൾ പോലും ആകെ വറ്റിപ്പോകുന്ന മട്ട്. ഒരു കാറ്റടിച്ചാൽപോലും പാടിപ്പോകാത്ത മുളങ്കാടുകൾക്കു നടുവിൽപ്പെട്ടപോലെ നിശബ്ദതയുടെ ലയം അതാണ്. ഉള്ളിലെ വാങ്മയമായ അഗ്നിയെ കെടുത്തി സ്വച്ഛാംഗിയായ നിശബ്ദതയിൽ ചേരുന്ന നിമിഷം.
കുമാരനാശാന്റെ ‘പ്രരോദനം’ വായിക്കുന്പോഴെല്ലാം നിശബ്ദതയുടെ ആഴം കൂടിവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ആശാനിലെ കവിയും കേരളക്കരയും തേങ്ങിത്തേങ്ങി ഒടുവിൽ വിയോഗവ്യഥയാം നിശബ്ദതയിൽ അലിയുകയാണ്. കവിയുടെ എരിഞ്ഞടങ്ങൽകൂടിയാണത്. അത്രമേൽ ആഴമേറിയ നിശബ്ദതകൊണ്ടാണ് ആശാൻ ആ ചരമകാവ്യം പണിതുവച്ചിരിക്കുന്നത്.
ഒടുവിൽ ആ നിശബ്ദത അഖണ്ഡവിശ്രമ സുഖത്തിലൂടൊഴുകി മോക്ഷാനന്ദത്തിൽ വിലയംകൊള്ളുകയാണ്. ഇവിടെ നിശബ്ദതയ്ക്ക് ക്ഷണിക ജീവിതധാരയുടെ പുനരാവൃത്തിരഹിതമായ മോക്ഷംകൂടിയുണ്ട്. പകലിനെ ജീവിതമായും രാവിനെ മൃതിയായും സങ്കല്പിക്കുന്ന കവി, ഇതിനു മധ്യേയുള്ള തമഃസ്ഥാനത്തെയാണ്, ശൂന്യാവസ്ഥയെയാണ് നിശബ്ദതകൊണ്ട് അളന്നെടുക്കുന്നത്. ‘പ്രരോദനം’ എന്റെ നിശബ്ദതയെ പല കാലങ്ങളിലായി പഠിപ്പിച്ച ഒരനുഭവമാണ്. മുകളിലേക്ക് കയറിവരാനാകാത്തവിധം അതു നിശബ്ദതയുടെ ആഴങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
ഇതെഴുതി നിർത്തുന്പോൾ നിണമുണ്ടീടുന്ന നരകപ്പിശാചുപോലെ രാവ് പുറത്തു കനത്തു നിൽക്കുകയാണ്. നിശബ്ദതയ്ക്കു മീതെ ഞാൻ ശബ്ദത്തിന്റെ ഒരു കരിന്പടമെടുത്തിട്ടു. പതിഞ്ഞ ശബ്ദത്തിൽ ഗുലാം അലി പാടുന്നു. “ചുപ് കെ ചുപ് കെ രാത് ദിൻ ആം സുബഹാനായാ ദ്ഹൈ...”