Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialMediaTrends

Viral

ആഘോഷം വേണം, പക്ഷേ ജീവൻ പണയം വെച്ച് വേണോ?

വിവാഹഘോഷയാത്രകൾക്കിടെ വരൻ കുതിരപ്പുറത്ത് ഇരുന്ന് സ്പാർക്‌ളർ ഗണ്ണുകൾ ഉപയോഗിച്ച് നടത്തുന്ന അഭ്യാസപ്രകടനങ്ങൾ വലിയ സുരക്ഷാ ഭീഷണിയാകുന്നുവെന്ന ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ തുടക്കമായി.

ഒരു എക്സ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ വരൻ വളരെ ആഘോഷത്തോടെ ഈ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് കാണാം. എന്നാൽ, തൊട്ടുപിന്നാലെ വലതു കൈയിലിരുന്ന സ്പാർക്‌ളർ ഗൺ പൊട്ടിത്തെറിക്കുകയും വരനും കുതിരയും പെട്ടെന്ന് വലിയ അപകടാവസ്ഥയിലാവുകയും ചെയ്തു.

സംഭവത്തിൽ പരിക്കുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, വിവാഹങ്ങളിൽ ഇത്തരത്തിലുള്ള അപകടകരമായ പടക്കങ്ങൾ ഉപയോഗിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മാത്രം ജീവൻ പണയം വെച്ചുള്ള ഇത്തരം പ്രകടനങ്ങൾ അനാവശ്യമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

സാഹസികത എന്ന പേരിൽ നടത്തുന്ന ഈ പ്രകടനങ്ങളെ ചിലർ 'ഖത്രോം കെ ഖിലാഡി' എന്ന് പരിഹസിക്കുമ്പോൾ, മറ്റുചിലർ ഇതിനെ വരന്‍റെ അഹങ്കാരമായി കാണുന്നു. അപകടം നടന്നതിനുശേഷം സുരക്ഷയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇത്തരം റിസ്കുകൾ ആഘോഷത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് സംഭവത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ചെറിയൊരു വിഭാഗവും കമന്‍റ് ബോക്സിലുണ്ട്.

എന്തായാലും സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും വ്യൂസിനും വേണ്ടി മാത്രം നടത്തുന്ന ഇത്തരം അപകടകരമായ ആഘോഷങ്ങൾ വലിയ ദുരന്തങ്ങളിലേക്ക് വഴിവെക്കുമെന്നും അതിനാൽ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

Latest News

Corehub Up